Innovation | സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണത്തിലെ പുത്തന്‍ വിജയത്തിന് അഭിനന്ദനപ്രവാഹം; അവിശ്വസനീയമെന്ന് സുന്ദര്‍ പിച്ചൈ 

 
SpaceX Launch Success Praised Worldwide, Sundar Pichai Reacts
SpaceX Launch Success Praised Worldwide, Sundar Pichai Reacts

Photo Credit: X / Space X

● ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ടെക്‌സാസിലെ ബോക്കാചികയില്‍ നിന്ന് സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ ദൗത്യം വിക്ഷേപിച്ചത്
● ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിര്‍ണായകമാണ് ഈ പരീക്ഷണ വിജയം 

ടെക്സാസ്: (KVARTHA) ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണത്തിലെ പുത്തന്‍ വിജയത്തിന് ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹം. വിക്ഷേപണ ശേഷം മടങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് ലോഞ്ച് പാഡില്‍ തിരിച്ചെത്തിച്ച സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.


'അഭിനന്ദനങ്ങള്‍, വീഡിയോ പലതവണ കണ്ടു, അവിശ്വസനീയം' - എന്നാണ് സുന്ദര്‍ പിച്ചൈ എക്സില്‍ കുറിച്ചത്. വ്യവസായി ആനന്ദ് മഹീന്ദ്രയും മസ്‌കിന് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് നടത്തിയ അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി 'മെക്കാസില്ല' എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിച്ചത്.


ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ടെക്‌സാസിലെ ബോക്കാചികയില്‍ നിന്ന് സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ ദൗത്യം വിക്ഷേപിച്ചത്. ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിര്‍ണായകമാണ് ഈ പരീക്ഷണ വിജയം. തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്സില്‍  ഇലോണ്‍ മസ്‌ക് ഇതിന്റെ വീഡിയോ പങ്കുവച്ചു. ഇത് ആദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച സൂപ്പര്‍ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. 
മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലില്‍ പതിപ്പിക്കുകയാണ് ചെയ്ത്.


ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ബൂസ്റ്ററുകള്‍ ഈ രീതിയില്‍ വീണ്ടെടുക്കാറുണ്ട്. എന്നാല്‍ ഫാല്‍ക്കണ്‍ 9 ബൂസ്റ്ററുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ലെഗ്ഗുകള്‍ ഉപയോഗിച്ച് അവയെ തറയില്‍ ഇറക്കുകയാണ് പതിവ്. സ്റ്റാര്‍ഷിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ഭാരമേറിയ സൂപ്പര്‍ ഹെവി റോക്കറ്റില്‍ ഇത് പ്രായോഗികമല്ലാത്തതിനാലാവണം പ്രത്യേകം യന്ത്രക്കൈകള്‍ വികസിപ്പിച്ചത്. സ്റ്റാര്‍ഷിപ്പിന്റെ രണ്ടാം സ്റ്റേജ് കടലില്‍ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചു. 


 വിക്ഷേപണം നടന്ന് ഏഴു മിനിറ്റിനുശേഷമാണു സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്ക് തിരിച്ചെത്തിയത്. 232 അടി (71 മീറ്റര്‍) നീളമുള്ള ബൂസ്റ്റര്‍ ഇറങ്ങിവരുമ്പോള്‍ പിടിക്കാന്‍ ചോപ് സ്റ്റിക്കുകള്‍ എന്ന് വിളിക്കപ്പെടുന്ന ഭീമന്‍ ലോഹക്കൈകള്‍ ലോഞ്ച് പാഡില്‍ ഉണ്ടായിരുന്നു. പരീക്ഷണം വിജയകരമായതോടെ എന്‍ജിനീയര്‍മാര്‍ ആവേശത്തോടെ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. 

സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ് എക്സ് നേട്ടം കൈവരിച്ചത്. റോക്കറ്റിന്റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച് പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ് എക്‌സ് മറികടന്നത്. പൂര്‍ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കത്തിലും ഇതു നിര്‍ണായകമാകും.

121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പിന് 100 മുതല്‍ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണവിജയം ഗുണകരമാകും. ആര്‍ട്ടെമിസ് ദൗത്യത്തില്‍ ഉള്‍പ്പടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങള്‍ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാന്‍ മസ്‌കിനു പദ്ധതിയുണ്ട്.

#SpaceX #Starship #ElonMusk #SundarPichai #Innovation #SpaceExploration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia