'ഇന്ന് രാത്രി മുതല്‍, ദമ്പതികള്‍ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം'; ചൈനയില്‍ ലോക് ഡൗണിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍

 


ബെയ്ജിങ്: (www.kvartha.com 06.04.2022) ലോക് ഡൗണ്‍ ഏര്‍പെടുത്തിയിട്ടും കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. ആളുകളെ വീടിനു പുറത്തിറങ്ങുന്നതില്‍നിന്നു പൂര്‍ണമായും ഭരണകൂടം വിലക്കിയിരിക്കയാണ്. സമീപകാലത്തു നടത്തിയ പരിശോധനകളില്‍ നഗരത്തില്‍ വന്‍തോതില്‍ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രാജ്യത്തെ പുതിയതായി റിപോര്‍ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. ലോക്ഡൗണിലൂടെ കടന്നു പോകുന്ന നഗരത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളാണ് വ്യാപകമായി അധികൃതര്‍ ഉപയോഗിക്കുന്നത്. കര്‍ശനമായ ലോക്ഡൗണിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ആളുകള്‍ അവരുടെ വീടുകളില്‍ തന്നെ കഴിയുകയാണ്. ഭക്ഷണപാനീയങ്ങളുടെ കടുത്ത ക്ഷാമമാണ് ജനം നേടിടുന്നത്.

ഇതോടെ ജനങ്ങള്‍ അധികൃതര്‍ക്കെതിരെ വീടുകളിലെ ബാല്‍കണിയില്‍ ഇരുന്നുകൊണ്ടുതന്നെ പ്രതിഷേധിച്ചുതുടങ്ങി. എന്നാല്‍, ക്ഷുഭിതരായ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് പകരം അവര്‍ക്ക് ഡ്രോണ്‍ വഴി 'മുന്നറിയിപ്പ്' നല്‍കുകയാണ് ചൈന ചെയ്യുന്നത്. തങ്ങളുടെ അപാര്‍ട്‌മെന്റിന്റെ ബാല്‍കണിയില്‍ പ്രതിഷേധിക്കുന്ന ഷാങ്ഹായിലെ ജനങ്ങള്‍ക്ക്, 'നിങ്ങളുടെ ആത്മാവിന്റെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം നിയന്ത്രിക്കൂ' എന്നു കാട്ടിയുള്ള സന്ദേശങ്ങളാണ് ഡ്രോണ്‍ വഴി അയക്കുന്നത്.

ഷാങ്ഹായില്‍ ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് പൂര്‍ണ നിരോധനവും ഏര്‍പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനും പാനീയത്തിനും ക്ഷാമം നേരിടുന്ന പ്രദേശവാസികള്‍ അവരുടെ ബാല്‍കണിയില്‍ പ്രതിഷേധിക്കുകയും ഗാനം ആലപിക്കുകയും ചെയ്യുന്നു. 


'ഇന്ന് രാത്രി മുതല്‍, ദമ്പതികള്‍ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം'; ചൈനയില്‍ ലോക് ഡൗണിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍


 'എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ പട്ടിണിക്കിടുന്നത്?' എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയെ ഉദ്ധരിച്ച് ദി എകണോമിസ്റ്റിന്റെ ആലീസ് സു ഇതുസംബന്ധിച്ച വീഡിയോ ട്വിറ്റെറില്‍ പങ്കിട്ടിട്ടുണ്ട്. ബാല്‍കണിയില്‍ നില്‍ക്കുന്നവരോട് പാട്ട് നിര്‍ത്താന്‍ ഡ്രോണ്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

പട്ടിണികിടക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും ഡ്രോണ്‍ ഉപയോഗിച്ച് ചൈന മുന്നറിയിപ്പ് നല്‍കുന്നു എന്ന്  സൂ തന്റെ ട്വിറ്റെറില്‍ കുറിച്ചു. 'സാധനങ്ങളുടെ അഭാവം കാരണം ഷാങ്ഹായിലെ പൗരന്മാര്‍ അവരുടെ ബാല്‍കണിയില്‍ പാടാനും പ്രതിഷേധിക്കാനും എത്തിയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അധികാരികള്‍ അയക്കുന്ന ഒരു ഡ്രോണിലെ സന്ദേശം ഇങ്ങനെ:

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുക. സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആത്മാവിന്റെ ആഗ്രഹം നിയന്ത്രിക്കുക. ജനല്‍ തുറന്ന് പാട്ട് പാടരുത്. 'മാസ്‌ക് ധരിക്കുക, കൈകഴുകുക, നിങ്ങളുടെ താപനില അളക്കുക' തുടങ്ങിയ സന്ദേശങ്ങളാണ് ജനങ്ങള്‍ക്ക് അയക്കുന്നത്. ലൗഡ് സ്പീകര്‍ ഘടിപ്പിച്ച റോബോട് നായ ഉള്‍പെടെ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചൈനീസ് അധികൃതര്‍ വിവിധ സാങ്കേതിക വിദ്യകളുടെ സഹായം തേടുന്നുണ്ട്.

ചൈനയിലെ സോഷ്യല്‍ മീഡിയ ഷാങ്ഹായിലെ ജനങ്ങളുടെ രോഷം കൊണ്ട് നിറഞ്ഞിരിക്കയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഷാങ്ഹായിലെ കുട്ടികളെ കൊറോണയുടെ പേരില്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുകയാണെന്നും ഷി ജിന്‍പിങ്ങിനെ രക്ഷിക്കാനുള്ള ക്രൂരതയാണ് ഇതെന്നുമാണ് ജനങ്ങള്‍ പറയുന്നത്.

'സീറോ കോവിഡ് പോളിസി' പ്രകാരം രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തില്‍ ചൈനീസ് അധികൃതര്‍ കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പെടുത്തിയിരിക്കയാണ്. ഷാങ്ഹായിലെ 26 ദശലക്ഷത്തിലധികം പേര്‍ വീടുകളില്‍ തടവിലാക്കപ്പെടുകയും അടിസ്ഥാന സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പ്രാദേശിക അധികാരികളെ ആശ്രയിക്കുകയും ചെയ്യുന്നു.

ഫുഡ് ഡെലിവറി സൗകര്യങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ഷാങ്ഹായിലെ ജനങ്ങള്‍ പരാതിപ്പെടുന്നു. വൈറസ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ലോകമെമ്പാടും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോഴാണ് ചൈനയില്‍ കൊറോണ രൂക്ഷമായിരിക്കുന്നത്.

അരിയും മാംസവും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ടെങ്കിലും പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ കാരണം വിതരണം വൈകുന്നതാണ് അതൃപ്തിക്കു കാരണമാകുന്നത്. നിരവധി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഷാങ്ഹായ് സ്റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പെടെയുള്ളവയും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സഞ്ചാരവിലക്ക് ഏര്‍പെടുത്തിയത്. ഷാങ്ഹായ് നഗരത്തിന്റെ പകുതിയിലേറെ ഭാഗവും നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഇതിനു മുന്‍പ് വീടിന്റെ കോംപൗന്‍ഡുകളില്‍ ജനങ്ങള്‍ക്ക് നടക്കാന്‍ അനുമതിയുണ്ടായിരുന്നു.

ഷാങ്ഹായിലെ തെരുവുകളില്‍ മെഗാഫോണ്‍ ഉപയോഗിച്ചും അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതായി മറ്റൊരു വീഡിയോയില്‍ കാണാം. 'ഇന്ന് രാത്രി മുതല്‍, ദമ്പതികള്‍ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം' തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

Keywords: Shanghai: Residents 'running out of food' in Covid lockdown, Beijing, China, Lockdown, COVID-19, Protesters, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia