യുക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടര്‍ന്ന് റഷ്യ; വാസില്‍കീവിലെ എണ്ണ സംഭരണ ശാലയിലും ഖാര്‍കിവില്‍ വാതക പൈപ് ലൈനിലും മിസൈല്‍ ആക്രമണം; വന്‍ തീപിടുത്തം
Feb 27, 2022, 07:52 IST
കീവ്: (www.kvartha.com 27.02.2022) അധിനിവേശത്തിന്റെ നാലാംദിനത്തിലും യുക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടര്‍ന്ന് റഷ്യ. വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഇവിടെ തീ പടരുകയാണെന്ന് റിപോര്‍ട്.
അതേസമയം, ഖാര്‍കിവില്‍ വാതക പൈപ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കമാണ് തുടരുന്നത്.
യുദ്ധത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഒരു കുട്ടി ഉള്‍പെടെയുള്ള 23 പേരാണ് മരിച്ചത്. യുക്രൈന്‍ പൗരന്മാരായ അഞ്ചുപേരും യുക്രൈന്‍ പട്ടാളക്കാരായിരുന്ന 16 പേരും ഒരു റഷ്യന്‍ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ട്.
എന്നാല്‍, അവസാനഘട്ടംവരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്‌കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.
ഇതിനിടെ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം. റഷ്യന്‍ സൈനികരുടെ മൃതദേഹം തിരികെ നല്‍കാന്‍ വഴിയൊരുക്കണമെന്നും യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ യുഎന്‍ സെക്രടറി ജനറലുമായി സംസാരിച്ചു എന്നും സെലെന്‍സ്‌കി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം രാജ്യം സ്വതന്ത്രമാവുന്നതുവരെ പോരാടുമെന്നാണ് സെലെന്‍സ്‌കി പറഞ്ഞു. ഷെല്‍ ആക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
ഇതിനിടെ യുക്രൈന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ബെല്‍ജിയം യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. യുക്രൈനിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഉല്‍പാദിപ്പിക്കുന്ന 400 റോകറ്റ് പ്രോപല്‍ഡ് ഗ്രനേഡ് ലോന്‍ജറുകള്‍ യുക്രൈനിന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്‍കി. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിടന്‍ വ്യോമപാത നിരോധിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.