Remembrance | ബർണാഡ് ഷാ ഓർമയായിട്ട് 74 വർഷം;ലോകത്തെ ചിന്തിപ്പിച്ച എഴുത്തുകാരൻ
● ബർണാഡ് ഷാ, സാഹിത്യ നോബൽ പുരസ്കാരവും ഓസ്കർ പുരസ്കാരവും നേടിയ വ്യക്തി.
● സോഷ്യലിസത്തിന്റെ വക്താവും ഫാബിയൻ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും.
● ഒരു അതുല്യ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു.
(KVARTHA) മതം, വിദ്യാഭ്യാസം, ഭരണ സംവിധാനം, വിവാഹം, ആരോഗ്യം, സാമൂഹ്യ ഉച്ച നീചത്വങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളെയെയും സ്പർശിച്ച് സാഹിത്യ രചന നടത്തിയ
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ് ജോർജ് ബർണാർഡ് ഷാ. എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികൾ ആയിരുന്നു അദ്ദേഹത്തിന്റെ കൃതികൾ.
ലോകത്തിലെ രണ്ട് മഹാ പുരസ്കാരങ്ങൾ (1925 ൽ സാഹിത്യ നോബൽ, 1938 ൽ തിരക്കഥക്കുള്ള ഓസ്കർ) നേടിയ ലോകത്തിലെ രണ്ടു വ്യക്തികളിൽ ഒരാളാണ്.
ഇരുപതാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് സാഹിത്യ ലോകം കണ്ട അതിശക്തനായ തത്വ ചിന്തകനും അതുല്യനായ നാടകകൃത്തും എന്നറിയപ്പെടുന്ന ഇദ്ദേഹം തന്റെ ജീവിത കാലയളവിൽ രണ്ടര ലക്ഷത്തിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ അവിശ്വസനീയത തോന്നിയേക്കാം.
അതുല്യനായ ഒരു ഫോട്ടോഗ്രാഫർ കൂടിയായിരുന്നു ഷാ. ലോകത്തിലെ ഏതു രാജ്യങ്ങൾ സഞ്ചരിക്കുമ്പോഴും കയ്യിൽ കരുതുന്ന ക്യാമറ ഉപയോഗിച്ച് അദ്ദേഹം എടുത്ത 20,000 ത്തിലേറെ ചിത്രങ്ങൾ ലണ്ടൻ നാഷണൽ ട്രസ്റ്റിൽ സൂക്ഷിച്ചിട്ടുണ്ട്. സാഹിത്യ-സംഗീത മേഖലകളിൽ വിമർശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം, അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി.
സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ, തൊഴിലാളിവർഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. 1884 ൽ സോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫാബിയൻ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. ഷായുടെ കൃതികൾ ഇന്ത്യയിൽ പ്രശസ്തമാണെങ്കിലും ജോർജ് ബർണാഡ് ഷാ എന്ന വ്യക്തിയെ ഇന്ത്യ ഓർക്കുന്നത് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ്.
ഇത് നിങ്ങൾക്ക് പറ്റിയ ജോലിയല്ല. അധികം നന്നാവുന്നത് നന്നല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചുരുങ്ങിയ വാക്കുകൾ കൊണ്ടുള്ള പ്രതികരണം. അത് മഹാത്മജിയുടെ വ്യക്തിത്വത്തെ സംബന്ധിച്ച് ഏറ്റവും നല്ല ചുരുങ്ങിയ വാക്കുകളിൽ ഉള്ള വിലയിരുത്തൽ ആയിരുന്നു എന്ന് വരികൾക്ക് ഇടയിലൂടെ പോയാൽ മനസ്സിലാകും.
1856 ജൂലൈ 26-ന് അയർലന്റിലെ ഡബ്ലിൻ നഗരത്തിലായിരുന്നു ബെർണാഡ് ഷായുടെ ജനനം. ഡബ്ലിനിലായിരുന്നു ഷായുടെ ആദ്യകാല വിദ്യാഭ്യാസം. ഔപചാരിക വിദ്യാഭ്യാസത്തെ എന്നും എതിർത്തിരുന്ന ഔപചാരികവിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികൾ ആത്മാവിനെ കൊല്ലുകയും ബുദ്ധിയെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു എന്ന് അഭിപ്രായപ്പെട്ടു പതിനഞ്ചാം വയസ്സിൽ ഔപചാരികവിദ്യാഭ്യാസം അവസാനിപ്പിച്ചു.
സാഹിത്യത്തിൽ കൂടുതൽ തത്പരനായ ബർണാഡ് ഷാ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് സായാഹ്ന ദിനപത്രത്തിൽ സംഗീത സംബന്ധിയായ ലേഖനങ്ങളെഴുതാനാരംഭിച്ചു. പിന്നീട് സാറ്റർഡേ റിവ്യു എന്ന വാരികയിൽ അക്കാലത്തെ പ്രമുഖ നാടകങ്ങളെ വിമർശിച്ചും അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
ഹെർട്ഫോഡ്ഷെയറിലെ ഷാ താമസിച്ച വസതി ഷാസ് കോർണർ എന്ന പേരിൽ ഇന്നും പരിരക്ഷിക്കപ്പെടുന്നു. ആദ്യ കാലഘട്ടങ്ങളിൽ ഷാ ഏതാനും നോവലുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകൾ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതൽ അദ്ദേഹം നാടകരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. 1892-ലാണ് അദ്ദേഹത്തിന്റെ ആദ്യ നാടകം അരങ്ങിലെത്തിയത്.ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. ആദ്യ നാടകത്തിനുശേഷം ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമായി മാറി.
കാല്പനികമായ വിക്ടോറിയൽ സങ്കൽപ്പങ്ങളിൽ നിന്ന് ഇംഗ്ലീഷ് നാടകവേദിയെ മോചിപ്പിച്ചതിൽ ഏറ്റവും പ്രധാന പങ്ക് ഷാക്കാണ്. അറുപത്തിമൂന്നു നാടകങ്ങൾക്കു പുറമേ ഏതാനും നോവലുകളും ലേഖനങ്ങളും ലഘുലേഖകളും അദ്ദേഹത്തിന്റേതായുണ്ട്. 1895-ൽ ബെർനാർഡ് ഷാ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസ് സ്ഥാപിച്ചു. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ ലൈബ്രറിയിൽ ഷായുടെ ബഹുമാനാർഥം ഇന്നും അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടെയും ഒരു ശേഖരം സൂക്ഷിച്ചിരിക്കുന്നു.
അവസാനകാലം 'ഷാസ് കോർണറി'ലാണ് അദ്ദേഹം ചിലവഴിച്ചത്.1950 നവംബർ 2-ന് 94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചു മരണപ്പെട്ട ബർണാഡ് ഷായുടെ 74 മത് വാർഷികമാണ് നവംബർ രണ്ടിന്.
#BernardShaw, #IrishLiterature, #Playwright, #NobelPrize, #Socialism, #History, #Biography