Loka Kerala Sabha | ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് വെള്ളിയാഴ്ച അമേരികയില്‍ തുടക്കമാവും; പ്രസിദ്ധമായ ടൈംസ് സ്‌ക്വയറില്‍ വേദിയൊരുങ്ങി

 


ന്യൂയോര്‍ക്ക്: (www.kvartha.com) ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാവും. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
    
Loka Kerala Sabha | ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് വെള്ളിയാഴ്ച അമേരികയില്‍ തുടക്കമാവും; പ്രസിദ്ധമായ ടൈംസ് സ്‌ക്വയറില്‍ വേദിയൊരുങ്ങി

സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തില്‍ നിന്ന് എത്തുന്നത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലോക കേരളാ സഭ ഡയറട്കര്‍ കെ വാസുകി എന്നിവര്‍ ഉദ്യോഗസ്ഥ സംഘത്തില്‍ പെടുന്നു.

ജൂണ്‍ ഒമ്പത്, 10, 11 തീയ്യതികളിലാണ് സമ്മേളനം നടക്കുന്നത്. ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ശേഷം അമേരിക്കന്‍ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റു വാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ തയാറാക്കുന്ന പ്രൗഢ ഗംഭീരമായ സദസിനെ അഭിസംബോധന ചെയ്യും.

സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ലോക കേരള സഭയുടെ പ്രധാന സെഷനുകള്‍ നടക്കുക. കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങള്‍ ഈ ദിവസം ചര്‍ച്ച ചെയ്യും. നോര്‍ക്കാ റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന 'അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയം സഭ ചര്‍ച്ച ചെയ്യും. പ്രതിനിധികള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിര്‍ദേശങ്ങളും വിശദീകരിക്കുകയും ചെയ്യും.

ഡോ ജോണ്‍ ബ്രിട്ടാസ് എംപി 'നവ കേരളം എങ്ങോട്ട്-അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും. 'മലയാള ഭാഷ-സംസ്‌കാരം-പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചരണ സാദ്ധ്യതകളും' എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്.

ലോക കേരള സഭാ ഡയറക്ടര്‍ ഡോ. കെ വാസുകിയാണ് 'മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും', എന്ന വിഷയം സഭയുടെ ചര്‍ച്ചയിലേക്ക് അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളില്‍ അമേരിക്കന്‍ രാജ്യങ്ങളിലുള്ള പ്രതിനിധികള്‍ അവരുടെ നിര്‍ദേശങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്ക് ശേഷം ലോക കേരള സഭാ ചെയര്‍മാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തും.

അമേരിക്കന്‍ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തില്‍ ഉണ്ടാവുക. മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും, മലയാളി സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്കിലെ പരിപാടി കഴിഞ്ഞ് വാഷിങ്ടണ്‍ ഡിസിയും ക്യൂബയും സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക.

Keywords: Loka Kerala Sabha, USA, Pinarayi Vijayan, New York, Regional conference, Regional conference of Loka Kerala Sabha from friday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia