Conflict | അലപ്പോ നഗരം പിടിച്ചെടുത്ത് വിമതര്‍, സൈന്യം പിൻവാങ്ങി; സിറിയൻ സംഘർഷം രൂക്ഷം; 300 പേർ കൊല്ലപ്പെട്ടു; പിന്നിൽ അമേരിക്കയും ഇസ്രാഈലുമെന്ന് ഇറാൻ 

 
Rebels Capture Aleppo; Syrian Army Withdraws Amid Growing Conflict
Rebels Capture Aleppo; Syrian Army Withdraws Amid Growing Conflict

Photo Credit: X/ Özkan ÇİFTÇİ

● ഹയാത്ത് തഹ്രീര്‍ അല്‍ ഷമാമാന്റെ നേതൃത്വത്തിലുള്ള വിമത സംഘമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അലപ്പോയില്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
● ബുധനാഴ്ച ആരംഭിച്ച ഈ സംഘർഷത്തിൽ ഇതുവരെ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 20 പേർ സാധാരണക്കാരാണ്. 
● ഇഡ്ബിലും അലപ്പോയും ചുറ്റുമുള്ള പല പട്ടണങ്ങളും ഗ്രാമങ്ങളും ഇപ്പോൾ വിമതരുടെ നിയന്ത്രണത്തിലാണ്. 

ഡമസ്കസ്: (KVARTHA) സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയിൽ വിമതരുടെ മുന്നേറ്റം. ആക്രമണത്തെ തുടർന്ന് സൈന്യം പിൻവാങ്ങി. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ ഭരണത്തിനെതിരെ രംഗത്തെത്തിയ വിമതർ അലപ്പോയുടെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി സിറിയൻ സൈന്യം സ്ഥിരീകരിച്ചു. എന്നാൽ, തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.

ഹയാത്ത് തഹ്രീര്‍ അല്‍ ഷമാമാന്റെ നേതൃത്വത്തിലുള്ള വിമത സംഘമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അലപ്പോയില്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എസ്ഒഎച്ച്ആർ) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ബുധനാഴ്ച ആരംഭിച്ച ഈ സംഘർഷത്തിൽ ഇതുവരെ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 20 പേർ സാധാരണക്കാരാണ്. 

വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ബിലിൽ സൈന്യവും സായുധ സംഘവും തമ്മിലുള്ള സംഘർഷം ദിവസങ്ങളായി തുടരുകയാണ്, അലപ്പോ നഗരത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഇവർ ഏറ്റെടുത്തിട്ടുണ്ട്. ഇഡ്ബിലും അലപ്പോയും ചുറ്റുമുള്ള പല പട്ടണങ്ങളും ഗ്രാമങ്ങളും ഇപ്പോൾ വിമതരുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലുകളിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അലപ്പോയിൽ നിന്നുള്ള പിൻവാങ്ങൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സർക്കാരിനെ പിന്തുണയ്ക്കുന്നവരിൽ കടുത്ത രോഷം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, അലപ്പോയുടെ ചില ഭാഗങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. സിറിയയുടെ സഖ്യകക്ഷിയായ റഷ്യ 2016 ന് ശേഷം ആദ്യമായാണ് അലപ്പോയിൽ വ്യോമാക്രമണം നടത്തുന്നത്. 

അലപ്പോയിൽ മിസൈൽ ആക്രമണവും വെടിവയ്പ്പും രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനെത്തുടർന്ന് പതിനായിരക്കണക്കിന് അലപ്പോ നിവാസികൾ വീടും വസ്തുവും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തുവെന്ന് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. 

പുതിയ വികാസങ്ങളെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖിയും റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ശനിയാഴ്ച ഫോൺ സംഭാഷണം നടത്തി. പ്രദേശത്തെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്ക-ഇസ്രാഈൽ പദ്ധതിയുടെ ഭാഗമാണ് സിറിയയിലെ വിമത ആക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി ആരോപിച്ചു.


#SyriaConflict, #Aleppo, #Rebels, #SyrianArmy, #RussiaAirstrikes, #MiddleEast

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia