നിങ്ങള്‍ക്ക് അറിയുമോ, എന്റെത് വളരെ ലളിത ജീവിതമായിരുന്നുവെന്ന് അന്നൊരിക്കല്‍ രാജ് കുന്ദ്ര; 18-ാം വയസില്‍ പഠനം നിര്‍ത്തി തൊഴില്‍ തേടിയിറങ്ങിയ ബസ് കണ്ടക്ടറുടെ മകനായ കുന്ദ്ര അതിസമ്പന്നനായതെങ്ങനെ?
Jul 28, 2021, 15:05 IST
ലന്‍ഡന്‍: (www.kvartha.com 28.07.2021) 18-ാം വയസില്‍ പഠനം നിര്‍ത്തി തൊഴില്‍ തേടിയിറങ്ങിയ ബസ് കണ്ടക്ടറുടെ മകനായ കുന്ദ്ര ഏറെ കാലതാമസമില്ലാതെ അതിസമ്പന്നനായി മാറി. പഞ്ചാബിലെ ലുധിയാനയില്‍നിന്ന് തൊഴില്‍തേടി ലന്‍ഡനിലേക്ക് കുടിയേറിയ സാധാരണ കുടുംബത്തിലെ അംഗമായിരുന്നു കുന്ദ്ര. ഒരു കോടണ്‍ ഫാക്ടറിയിലായിരുന്നു പിതാവിന്റെ ആദ്യ വിദേശ ജോലി. അതുകഴിഞ്ഞ് ബസ് കന്‍ഡക്ടറായി.
മാതാവ് ഒരു കണ്ണടക്കടയില്‍ സഹായിയായി. 18-ാം വയസില്‍ പഠനം നിര്‍ത്തി തൊഴില്‍ തേടിയിറങ്ങിയ കുന്ദ്ര 2004 എത്തുമ്പോഴേക്ക് ബ്രിടനിലെ അതിസമ്പന്നരായ ഏഷ്യന്‍ വംശജരില്‍ 198-ാമനായി ഉയര്‍ന്നിരുന്നു. പിതാവ് ബാല്‍ കൃഷന്‍ ഗ്രോസറി കച്ചവടത്തിലേക്ക് മാറുന്നതോടെയാണ് കുടുംബത്തിന്റെ സാമ്പത്തിക ചിത്രം മാറിമറിഞ്ഞത്. പോസ്റ്റ് ഓഫീസുകള്‍ വാങ്ങിയും (ബ്രിടനില്‍ അത് സാധ്യമാണ്) മരുന്നു കടകള്‍ സ്വന്തമായി തുടങ്ങിയും പിതാവ് വ്യവസായ ലോകം വളര്‍ത്തി. അതിവേഗത്തിലായിരുന്നു ഈ വളര്‍ച്ച.
'നിങ്ങള്‍ക്ക് അറിയുമോ, എന്റെത് വളരെ ലളിതമായ തുടക്കം മാത്രമായിരുന്നു. ഇന്നത്തെ ആഡംബരം അന്നുണ്ടായിരുന്നില്ല'- ജൂഹുവിലെ 24 കോടി വിലയുള്ള ആഡംബര അപാര്‍ട്‌മെന്റില്‍ കോണിയിറങ്ങിവരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകനോടായി മുമ്പൊരിക്കല്‍ രാജ് കുന്ദ്ര പറഞ്ഞ വാക്കുകള്‍. മുന്നില്‍ നിര്‍ത്തിയിട്ട റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ലംബോര്‍ഗിനി കാറുകളും നിരവധി കാവല്‍ക്കാരും താഴെ നിലയില്‍ അത്യാഡംബരം തുളുമ്പുന്ന പാര്‍ടി റൂമും മറ്റുമായി കുന്ദ്രയും അയാളുടെ ജീവിത പരിസരവും ഏറെ മാറിയിരുന്നു.
പിതാവിനെ കണ്ടുവളര്‍ന്ന മകനും അങ്ങനെ എല്ലാം വീട്ടില്‍നിന്നുതന്നെയാണ് തുടങ്ങിയത്. കച്ചവടം വളര്‍ത്താന്‍ കുന്ദ്ര ആദ്യം ദുബൈയിലും പിന്നീട് നേപാളിലുമെത്തി. നേപാളില്‍ പരിചയപ്പെട്ട പഷ്മിന ഷോളുകള്‍ ബ്രിടനിലെത്തിച്ച് വിപണി പിടിച്ചു. ആദ്യ വര്‍ഷം തന്നെ രണ്ടു കോടി യൂറോ വരുമാനമായി ലഭിച്ചു. പക്ഷേ, മത്സരം വന്നതോടെ ഷോള്‍ വില്‍പന പിടിച്ചുനിന്നില്ല.
അതോടെ ദുബൈയിലെത്തി വജ്രവ്യാപാരത്തിലായി ശ്രദ്ധ. അവിടെ അതിവേഗം പിച്ചവെച്ചുയര്‍ന്ന കുന്ദ്ര 2009ല്‍ ശില്‍പ ഷെട്ടിയെ വിവാഹം ചെയ്യുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ നിര്‍മിതിയായ ബുര്‍ജ് ഖലീഫയുടെ 19-ാം നിലയിലെ ഒരു മുറി വാങ്ങി നവവധുവിന് സമ്മാനിച്ചു. സെന്‍ട്രല്‍ ലന്‍ഡനില്‍ ഏഴു കോടിയുടെ ഒരു വീട് വേറെയും വാങ്ങി. സര്‍റിയില്‍ 'രാജ് മഹല്‍' എന്ന പേരില്‍ മൂന്നാമതൊന്നും.
വ്യവസായിയുടെ റോളില്‍ നിറഞ്ഞുനിന്ന കുന്ദ്ര ഐ പി എലില്‍ രാജസ്ഥാന്‍ ടീമിന്റെ 11.7 ശതമാനം ഓഹരിയും സ്വന്തമാക്കി. സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിമുറുക്കിയ 2009ലായിരുന്നു അത്. ക്രികെറ്റിന്റെ സാമ്പത്തിക ശാസ്ത്രമറിയുന്ന ഒരാളുടെ വലിയ നിക്ഷേപം പക്ഷേ, തെറ്റിയില്ല. അന്ന് നിക്ഷേപിച്ചതിന്റെ അനേക ഇരട്ടിയാണ് ഇന്ന് ടീമിന്റെ വിപണി മൂല്യം.
നിര്‍മാണം, പുനരുല്‍പാദക ഊര്‍ജം, സിനിമ, ക്രികെറ്റ്, സൂപെര്‍ ഫൈറ്റ് ലീഗ് തുടങ്ങി പലയിടത്തായി നിക്ഷേപമുള്ള കുന്ദ്രക്ക് പക്ഷേ, അതിലേറെ വലിയ ലോകം വേറെയുമുണ്ടെന്ന് പുറമറിയുന്നത് പുതിയ നീലച്ചിത്ര കേസ് വരുന്നത് ബോളിവുഡ് ഞെട്ടിയതോടെയാണ്.
കഴിഞ്ഞ ദിവസം പൊലീസ് ജുഹുവിലെ വീട്ടിലെത്തിയപ്പോള്‍ ശില്‍പ പൊട്ടിക്കരഞ്ഞത് കുന്ദ്രയെ പഴിച്ചതും റിപോര്‍ടുകളുണ്ടായിരുന്നു. ഉറ്റ ബന്ധു തുടങ്ങിയ മൊബൈല്‍ ആപിനാവശ്യമായ നീലച്ചിത്രങ്ങള്‍ ഇന്‍ഡ്യയില്‍ നിര്‍മിച്ച് അയച്ചുകൊടുക്കുകയും അവ വില്‍ക്കാന്‍ അനുമതിയുള്ള ബ്രിടനില്‍ അപ്‌ലോഡ് ചെയ്യുകയുമാണ് രീതിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങളില്‍ തെളിയേണ്ടതാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.