Viewpoint | മോദിയോട് എനിക്ക് വിദ്വേഷമൊന്നുമില്ല, അദ്ദേഹത്തിന്റേത് വ്യത്യസ്തമായ കാഴ്ചപ്പാട്, അതിനോട് വിയോജിക്കുന്നു, എന്നാല്‍ വെറുക്കുന്നില്ല, എന്റെ ശത്രുവല്ലെന്നും രാഹുല്‍ ഗാന്ധി
വാഷിങ് ടന്‍: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് വ്യക്തമാക്കി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ് ടന്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍ സംവാദത്തില്‍ സംസാരിക്കവെയാണ് മോദിയോടുള്ള തന്റെ കാഴ്ചപ്പാട് രാഹുല്‍ വ്യക്തമാക്കിയത്.
മോദി മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ നീണ്ടകാലം അധികാരത്തിലിരുന്ന അദ്ദേഹം വീഴ്ച അറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്തും അദ്ദേഹത്തിന് പരാജയം അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍, പെട്ടെന്നാണ് ആ ആശയം തകരാന്‍ തുടങ്ങിയത്. ദൈവത്തോട് നേരിട്ട് താന്‍ സംവദിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ട ആ നിമിഷം മുതല്‍ അദ്ദേഹം തകര്‍ന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടുത്ത നിയന്ത്രണങ്ങളോടെയുള്ള തിരഞ്ഞെടുപ്പായാണ് ഞാന്‍ അതിനെ കാണുന്നത്. നീതിയുക്തമായ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റിനടുത്ത് എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റു ചിലതിനേക്കാള്‍ താഴെയാണെന്ന് ആര്‍ എസ് എസ് കരുതുന്നുവെന്നും സംവാദത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ അത് ആര്‍ എസ് എസിന്റെ ആശയമാണെന്ന് പറഞ്ഞ രാഹുല്‍ അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും വ്യക്തമാക്കി.
രാഹുലിന്റെ വാക്കുകള്‍:
നിങ്ങള്‍ ചിലപ്പോള്‍ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാന്‍ യഥാര്‍ഥത്തില്‍ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാന്‍ അതിനോട് യോജിക്കുന്നില്ല. എന്നുകരുതി അദ്ദേഹത്തെ വെറുക്കുന്നുമില്ല. അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണമാണ്.
ശരിക്കുപറഞ്ഞാല്‍ പലപ്പോഴും എനിക്കദ്ദേഹത്തോട് സഹാനുഭൂതി തോന്നാറുണ്ട്. അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. എനിക്കും അദ്ദേഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളോട് എനിക്ക് സഹാനുഭൂതിയും കരുണയും തോന്നുന്നു. അദ്ദേഹത്തിനെതിരെ ഞാന്‍ എന്ന നിലപാടിനേക്കാള്‍ എത്രയോ മികച്ചതാണ് എന്റെ രീതിയെന്ന് ഞാന്‍ കരുതുന്നു. മറിച്ച് എതിരാളിയായി കാണുക ക്രിയാത്മകമാണെന്ന് കരുതുന്നില്ല- എന്നും രാഹുല്‍ പറഞ്ഞു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ യുഎസില്‍ എത്തിയത്.
#RahulGandhi, #NarendraModi, #IndianPolitics, #GeorgetownSpeech, #LokSabha, #RSS