ജയിലില്‍ മരിച്ച തടവുകാരന്‍ പോസ്റ്റ്‌മോര്‍ടം ടേബിളില്‍ നിന്ന് ജീവിതത്തിലേക്ക്; ശബ്ദം കേട്ട് അധികൃതര്‍ പരിശോധിച്ചിരുന്നില്ലെങ്കില്‍ കഥ മറ്റൊന്ന് ആയേനെ, സംഭവം ഇങ്ങനെ
Feb 5, 2022, 14:54 IST
മഡ്രിഡ്: (www.kvartha.com 05.02.2022) സ്‌പെയിനിലെ വിലബോനയിലെ ആസ്ടൂറിയസ് സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ഗോണ്‍സാലോ മൊണ്ടോയ ജിമെനെസിന് ജീവന്‍ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്. മരിച്ചെന്ന് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയ ഗോണ്‍സാലോ അധികൃതരെ അമ്പരിപ്പിച്ചുകൊണ്ട് കിടത്തിയ പോസ്റ്റ്‌മോര്‍ടം ടേബിളില്‍നിന്ന് കണ്ണ് തുറക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ടത്തിനായി സൂക്ഷിച്ച ബാഗില്‍ നിന്നും അനങ്ങുന്ന ശബ്ദം കേട്ട് അധികൃതര്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തടവുകാരന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമായത്. എന്നാല്‍ ഗോണ്‍സാലോ മരണത്തിന് മുന്നോടിയായുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും കോടതി പരിശോധനക്ക് നിയോഗിച്ച ഫോറന്‍സിക് വിദഗ്ധനാണ് മരണം സ്ഥിരീകരിച്ചതെന്നും സ്പാനിഷ് പ്രിസണ്‍ സര്‍വീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
മരണം സ്ഥിരീകരിച്ച ദിവസം ഗോണ്‍സാലോ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായി ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന നിറവ്യത്യാസം ഗോണ്‍സാലോയില്‍ പ്രകടമായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം, ജയിലില്‍ ഡ്യൂടിയിലുണ്ടായ ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും മരണം സ്ഥിരീകരിച്ചതോടെ വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു. ജയിലിലെ ഏതെങ്കിലും തടവുകാരന്‍ മരണപ്പെട്ടാല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രിസണ്‍ നടപടിക്രമത്തിന്റെ ഭാഗമായി മരണ വിവരം കുടുംബത്തെ അറിയിക്കണമെന്ന് നിയമമുണ്ടെന്ന് സ്പാനിഷ് പ്രിസണ്‍ സര്‍വീസ് വക്താവ് പറഞ്ഞു.
ഏതായാലും അമളി മനസിലായതോടെ ഇയാളെ പൊലീസ് മറ്റ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഗോണ്‍സാലെയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.