PM Modi | വിയന്നയിൽ പ്രധാനമന്ത്രി മോദിക്ക് ഊഷ്മള സ്വീകരണം; 'വന്ദേമാതരം' ആലപിച്ച് ഓസ്ട്രിയൻ കലാകാരന്മാരുടെ ഹൃദ്യമായ വരവേൽപ്; വീഡിയോ

 
Vande Mataram
Vande Mataram

X

ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലനെ സന്ദർശിക്കുകയും ബുധനാഴ്ച നെഹാമറുമായി ഔപചാരിക ചർച്ചകൾ നടത്തുകയും ചെയ്യും.

 

വിയന്ന: (KVARTHA) റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഓസ്ട്രിയയിലെ വിയന്നയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണം. ഓസ്ട്രിയൻ കലാകാരന്മാർ പ്രത്യേകം 'വന്ദേമാതരം' ആലപിച്ചാണ് നരേന്ദ്രമോദിക്ക് വേറിട്ട വരവേൽപ്പ് നൽകിയത്. വിയന്നയിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രത്യേക കലാപ്രകടനങ്ങളോടെയാണ് വരവേറ്റത്.


എക്‌സിലെ പോസ്റ്റിൽ കലാകാരന്മാരുടെ പ്രകടനത്തെ അഭിനന്ദിച്ച പ്രധാനമന്തി ഓസ്ട്രിയ ഊർജസ്വലമായ സംഗീത സംസ്കാരത്തിന് പേരുകേട്ടതാണെന്ന് പുകഴ്ത്തുകയും ചെയ്‌തു. വന്ദേമാതരത്തിൻ്റെ ഈ അത്ഭുതകരമായ അവതരണത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 40 വർഷത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരിയെന്ന നിലയിൽ ചരിത്രപരമായ പ്രാധാന്യവും പ്രധാനമന്ത്രി മോദിയുടെ ഓസ്ട്രിയ സന്ദർശനത്തിനുണ്ട്. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നെഹാമർ ഇന്ത്യൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച്  സെൽഫിയെടുത്തതും ശ്രദ്ധേയമായി.


'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിയന്നയിലേക്ക് സ്വാഗതം. നിങ്ങളെ ഓസ്ട്രിയയിലേക്ക് സന്തോഷത്തോടെയും ആദരവോടെയും സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഓസ്ട്രിയയും ഇന്ത്യയും സുഹൃത്തുക്കളും പങ്കാളികളുമാണ്. സന്ദർശന വേളയിൽ രാഷ്ട്രീയ സാമ്പത്തിക ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു', ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ സെൽഫി പങ്കുവെച്ചുകൊണ്ട് കുറിച്ചു.


ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദി ചാൻസലറോട് ഊഷ്മളമായ സ്വാഗതത്തിന് നന്ദി പറഞ്ഞു. ആഗോള നന്മയ്ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. 'ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തിലെ ഒരു സുപ്രധാന നാഴികക്കല്ല്. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഉഭയകക്ഷി പങ്കാളിത്തത്തിൻ്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നതിനുള്ള ചർച്ചകൾ മുന്നിലുണ്ട്', സന്ദർശനത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ പോസ്റ്റ് ചെയ്തു.


പ്രധാനമന്ത്രി മോദിയെ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്‌സാണ്ടർ ഷാലെൻബെർഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു. മോദി ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലനെ സന്ദർശിക്കുകയും ബുധനാഴ്ച നെഹാമറുമായി ഔപചാരിക ചർച്ചകൾ നടത്തുകയും ചെയ്യും. പ്രധാനമന്ത്രിയും ചാൻസലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. 


റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി തിങ്കളാഴ്ച റഷ്യയിലെത്തിയത്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ സന്ദർശനവും മൂന്നാമതും അധികാരമേറ്റ ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനവുമായിരുന്നു ഇത്. ഊർജം, വ്യാപാരം, ഉൽപ്പാദനം, രാസവളം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡൻ്റും സന്ദർശന വേളയിൽ ചർച്ച ചെയ്തു.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia