Pelé's Health | 'അദ്ദേഹം മരണാസന്നനാണെന്നും പാലിയേറ്റിവ് കെയറിലാണെന്നുമുള്ള പ്രചാരണം വാസ്തവ വിരുദ്ധം'; പെലെ പാലിയേറ്റിവ് കെയര്‍ പരിചരണത്തിലല്ലെന്ന് മകള്‍
Dec 5, 2022, 15:35 IST
സാവോ പോളോ: (www.kvartha.com) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ പ്രതികരിച്ച് മകള്‍. കാന്‍സര്‍ ചികിത്സയിലുള്ള പെലെ കീമോതെറപിയോട് പ്രതികരിക്കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് മകള്‍ ഫ്‌ലാവിയ നാസിമെന്റോ പറഞ്ഞു.
വന്‍കുടലില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള 82കാരനായ പെലെ അതിഗുരുതരാവസ്ഥയിലാണെന്നും ജീവിതാവസാന പരിചരണത്തിലാണെന്നുമുള്ള തരത്തില്‍ റിപോര്‍ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മകള്‍.
'അദ്ദേഹം മരണാസന്നനാണെന്നും പാലിയേറ്റിവ് കെയറിലാണെന്നുമുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഞങ്ങളെ വിശ്വസിക്കൂ'- ഗ്ലോബോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
വന്‍കുടലിലെ അര്‍ബുദത്തിന് പൂര്‍ണമായ ശമനമില്ലാത്തതിനാല്‍ മരുന്നുകള്‍ ക്രമീകരിച്ച് വരികയാണെന്നും ഫ്‌ലാവിയ പറഞ്ഞു.
കീമോതെറപിയില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ അദ്ദേഹം സാന്ത്വന പരിചരണത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാജ്യാന്തര മാധ്യമങ്ങളില്‍ വന്ന റിപോര്‍ടുകള്‍. പെലെയുടെ വന്‍കുടലില്‍നിന്ന് 2021 സെപ്റ്റംബറില്‍ മുഴ നീക്കം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ചികിത്സ നടക്കുകയാണ്.
ഇതിനിടെ പെലെക്ക് മൂന്നാഴ്ച മുമ്പ് കോവിഡും ബാധിച്ചിരുന്നെന്നും ഇത് ശ്വാസകോശ സംബന്ധമായ അണുബാധയിലേക്ക് നയിച്ചതായും പെലെയുടെ മറ്റൊരു മകളായ കെലി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹം രോഗിയാണ്, പ്രായമുണ്ട്, ഇപ്പോള്‍ ശ്വാസകോശ സംബന്ധമായ അണുബാധക്ക് ചികിത്സയിലാണ്, സുഖം പ്രാപിച്ചാല്‍ വീട്ടിലേക്ക് മടങ്ങും.'- കെലി പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അണുബാധക്കുള്ള ചികിത്സയോട് പെലെ നന്നായി പ്രതികരിക്കുന്നുണ്ടെന്ന് സാവോ പോളോയിലെ ആല്‍ബര്‍ട് ഐന്‍സ്‌റ്റൈന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെലെക്ക് രോഗാശാന്തി നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന ബ്രസീല്‍-കാമറൂണ്‍ മത്സരത്തിന് മുമ്പായിരുന്നു ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ 'പെലെ ഗെറ്റ് വെല്‍ സൂണ്‍' എന്ന സന്ദേശവുമായി ചിത്രം പതിച്ച കൂറ്റന്‍ ബാനര്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചത്. ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ് നേടി, മൂന്ന് ലോകകിരീടങ്ങള്‍ നേടിയ ഏക താരവും പെലെയാണ്.
Keywords: News,World,Health,Health & Fitness,Top-Headlines,Football,Daughter, Pelé is not under palliative care despite reports, says daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.