Resignation | 'ഗസ്സയിലെ മനുഷ്യക്കുരുതി'; ഫലസ്തീൻ പ്രധാനമന്ത്രിയും മന്ത്രിമാരും രാജി സമർപ്പിച്ചു; രാജ്യം ഭരിക്കുന്ന ഫലസ്തീൻ അതോറിറ്റിയെ അറിയാം

 


വെസ്റ്റ് ബാങ്ക്: (KVARTHA) ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ രാജിവച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം തൻ്റെ സർക്കാർ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പ്രസിഡൻ്റ് മഹ്‌മൂദ്‌ അബ്ബാസിന് രാജിക്കത്ത് സമർപ്പിച്ചതായി വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഇശ്തയ്യ പറഞ്ഞു. ഗസ്സ മുനമ്പിനെതിരായ ആക്രമണവും വംശഹത്യയും പട്ടിണിയും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും സംഘർഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കണക്കിലെടുത്താണ് രാജി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Resignation | 'ഗസ്സയിലെ മനുഷ്യക്കുരുതി'; ഫലസ്തീൻ പ്രധാനമന്ത്രിയും മന്ത്രിമാരും രാജി സമർപ്പിച്ചു; രാജ്യം ഭരിക്കുന്ന ഫലസ്തീൻ അതോറിറ്റിയെ അറിയാം

പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് ഇതുവരെ ഇശ്തയ്യയുടെയും സർക്കാരിൻ്റെയും രാജി സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിക്കണോ വേണ്ടയോ എന്ന് പ്രസിഡന്റാണ് തീരുമാനിക്കേണ്ടത്. വെസ്റ്റ് ബാങ്കിൻ്റെ ചില ഭാഗങ്ങൾ പലസ്തീൻ സർക്കാരാണ് ഭരിക്കുന്നത്.പ്രധാനമന്ത്രിയായിരിക്കെ ഇശ്തയ്യ ഗസ്സയ്ക്ക് 'രക്ത താഴ്വര' എന്ന് പേരിട്ടിരുന്നു. ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഇസ്രാഈൽ ആക്രമണത്തെത്തുടർന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഗസ്സയിൽ കൂടുതൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റാണ് യഥാർത്ഥത്തിൽ രാഷ്ട്രത്തലവൻ. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ജനാധിപത്യപരമായാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. മഹമൂദ് അബ്ബാസാണ് ഇപ്പോഴത്തെ പ്രസിഡൻ്റ്. 2005 മുതൽ അദ്ദേഹം പലസ്തീൻ അതോറിറ്റിയെ നയിക്കുന്നു. ഗവൺമെൻ്റ് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രിയെ പ്രസിഡണ്ട് നിയമിക്കുന്നു. പ്രസിഡൻ്റിന്റെ ആഗ്രഹപ്രകാരമാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ഇതിന് പാർലമെൻ്റിൻ്റെ അനുമതി വേണം.

പുതിയ രാഷ്ട്രീയ ഘടന സൃഷ്ടിക്കാൻ അമേരിക്ക പ്രസിഡൻ്റ് അബ്ബാസിനുമേൽ സമ്മർദം ചെലുത്തുന്ന സമയത്താണ് മുഹമ്മദ് ഇശ്തയ്യിന്റെ രാജിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രാഈൽ-ഹമാസ് യുദ്ധം അവസാനിച്ചതിന് ശേഷം ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. ഈ രാജ്യം ആരു ഭരിക്കും എന്നതിനെക്കുറിച്ച് അമേരിക്ക ഇസ്രാഈലിനോടും പലസ്തീൻ അതോറിറ്റിയോടും സംസാരിക്കുന്നുണ്ട്.

ഫലസ്തീൻ അതോറിറ്റിയെ അറിയാം

ഫലസ്തീൻ അതോറിറ്റി (PA) ഫലസ്തീൻ പ്രദേശങ്ങളുടെ ഭരണസമിതിയായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഫലസ്തീൻ അതോറിറ്റിയെ നയിക്കുന്നത് പ്രസിഡൻ്റാണ്, കൂടാതെ പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന പേരിൽ ഒരു നിയമനിർമ്മാണ സ്ഥാപനമുണ്ട്. ഫലസ്തീനിൽ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികളുണ്ട്, ഒന്ന് ഹമാസും മറ്റൊന്ന് ഫത്തയും. ഹമാസ് ഒരു സായുധ സംഘടനയാണ്, 2007 മുതൽ ഗസ്സ മുനമ്പ് ഭരിക്കുന്നു.

അതേസമയം, അന്താരാഷ്ട്ര പിന്തുണയുള്ള വെസ്റ്റ് ബാങ്കും ജറുസലേമും ഭരിക്കുന്നത് ഫത്തയുടെ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയാണ്. പലസ്തീൻ അതോറിറ്റി അന്താരാഷ്ട്ര തലത്തിൽ പലസ്തീനികളെ പ്രതിനിധീകരിക്കുന്നു. ഫലസ്തീനിലെ രാഷ്ട്രീയ സംവിധാനം പലസ്തീൻ അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (പിഎൽഒ) ഇസ്രാഈലും തമ്മിലുള്ള ഓസ്ലോ ഉടമ്പടിയെത്തുടർന്ന് 1994 ൽ ഒരു ഇടക്കാല ഭരണസമിതിയായി പിഎ സ്ഥാപിതമായി.

Keywords: News, World, West Bank, Palestine, Hamas, Israel, Gaza, World, Israel-Palestine-War,   Palestinian PM Shtayyeh hands resignation to Abbas over Gaza ‘genocide’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia