Earthquake | ഭൂകമ്പത്തിനിടെ സ്റ്റുഡിയോ കുലുങ്ങിയിട്ടും വാര്‍ത്താവായന തുടര്‍ന്ന് അവതാരകന്‍; കയ്യടിച്ച് ഇന്റര്‍നെറ്റ് ലോകം

 


ഇസ്ലാമാബാദ്: (www.kvartha.com) കഴിഞ്ഞ ദിവസം രാത്രിയാണ് ലോകത്തെ വിവിധ രാജ്യങ്ങളെ പിടിച്ചുകുലുക്കി അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. തുര്‍കിയിലെ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് അഫ്ഗാനിസ്താനിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന്റെ പ്രകമ്പനം പാകിസ്താനിലും ഇന്‍ഡ്യയിലും ഭൂചലനമുണ്ടാക്കിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ജുറുമാണെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേരുടെ ജീവനാണ് ഭൂകമ്പം കവര്‍ന്നത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളായ ഡെല്‍ഹി, ജമ്മു-കശ്മീര്‍, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, രാജസ്താന്‍ എന്നിവിടങ്ങളിലും രാത്രി 10.20ന് ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ ഇന്‍ഡ്യയില്‍ ആളപായമോ പരുക്കോ റിപോര്‍ട് ചെയ്തിട്ടില്ല. ഡെല്‍ഹിയില്‍ ചില കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ഈ ഭൂചലനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് ഭൂകമ്പത്തിനിടയിലും വാര്‍ത്ത വായിക്കുന്ന ഒരു അവതാരകന്റെ വീഡിയോയാണ്.

ഭൂകമ്പത്തിനിടെ സ്റ്റുഡിയോ കുലുങ്ങിയിട്ടും വാര്‍ത്താവായന തുടരുകയാണ് അവതാരകന്‍. പാകിസ്താനിലെ മഫ് രീഖ് ടിവി അവതാരകനാണ് ഭൂചലനത്തിടയില്‍ അതേ വാര്‍ത്ത തന്നെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. 39 സെകന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവതാരകന്‍ ഇരിക്കുന്ന സ്റ്റുഡിയോ റൂം കുലുങ്ങുന്നത് കാണാം.

ഇതിനിടെ ഒരാള്‍ അദ്ദേഹത്തിന് പുറകിലൂടെ പുറത്തേയ്ക്ക് പോകുന്നുമുണ്ടായിരുന്നു. എന്നാല്‍ യാതൊരു ഭയവും കൂടാതെ തന്റെ സീറ്റില്‍ ഇരുന്ന് അവതാരകന്‍ വാര്‍ത്ത വായിക്കുകയാണ്. നിരവധി പേരാണ് അവതാരകനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭൂകമ്പസമയത്ത് സംപ്രേക്ഷണം ചെയ്ത പ്രാദേശിക പഷ്തു ടിവി ചാനല്‍ ദൃശ്യമാണിത്. 'അവിശ്വസനീയമായ ധൈര്യം, സമാധാനത്തോടെ ഇരുന്ന് തന്റെ ജോലി പൂര്‍ത്തിയാക്കുന്ന അവതാരകന്‍' എന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ ചിലത്.

ഒമ്പത് രാജ്യങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി 11 പേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് കുട്ടി അടക്കം രണ്ടു പേര്‍ മരിച്ചത്. സ്വാതില്‍ 10 വയസുള്ള പെണ്‍കുട്ടിക്കും ലോവര്‍ ദറില്‍ 24കാരനുമാണ് ജീവന്‍ നഷ്ടമായത്.

Earthquake | ഭൂകമ്പത്തിനിടെ സ്റ്റുഡിയോ കുലുങ്ങിയിട്ടും വാര്‍ത്താവായന തുടര്‍ന്ന് അവതാരകന്‍; കയ്യടിച്ച് ഇന്റര്‍നെറ്റ് ലോകം

സ്വാത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 20 കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പരുക്കേറ്റ 250 പേരെ സ്വാത് താഴ് വരയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 15 പേര്‍ക്ക് നേരിയ പരുക്കാണ് റിപോര്‍ട് ചെയ്തത്. അഫ്ഗാനിസ്താനില്‍ രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേര്‍ക്ക് പരുക്കേറ്റു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു വീണാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.

പാകിസ്താന്‍-തജികിസ്താന്‍ അതിര്‍ത്തിക്ക് സമീപം തെക്ക് -തെക്ക് കിഴക്ക് അഫ്ഗാന്‍ പട്ടണമായ ജുറുമിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജികല്‍ സര്‍വേ വ്യക്തമാക്കി. ഇന്‍ഡ്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ചൈന, തുര്‍ക് മെനിസ്താന്‍, കസാഖ് സ്താന്‍, താജികിസ്താന്‍, ഉസ്ബെകിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം റിപോര്‍ട് ചെയ്തത്.

Keywords:  Pakistani news anchor continues live broadcast while studio shakes during massive earthquake l Video, Islamabad, News, Earth Quake, Video, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia