SWISS-TOWER 24/07/2023

ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ കൂറ്റന്‍ ആസാദി മാര്‍ച്ച്

 


ADVERTISEMENT

ഇസ്‌ലാമാബാദ്: (www.kvartha.com 02.11.2019) ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍  കൂറ്റന്‍ ആസാദി മാര്‍ച്ച്. പ്രതിപക്ഷപാര്‍ട്ടികളാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പ്രമുഖ മതസംഘടനയായ ജാമിഅത്തുല്‍ ഉലമാഉല്‍ ഇസ്‌ലാം ഫസല്‍ (ജെയുഐ-എഫ്) നേതാവ് മൗലാന ഫസലുര്‍ റഹ് മാന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച റാലി നടന്നത്. പ്രതിപക്ഷപാര്‍ട്ടികളായ പാകിസ്താന്‍ മുസ്‌ലിംലീഗ്-നവാസും (പിഎംഎല്‍എന്‍) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) മാര്‍ച്ചിനെ പിന്തുണച്ചു. വ്യാഴാഴ്ച നടത്താനിരുന്ന ആസാദി മാര്‍ച്ച് ലഹോറില്‍ തീവണ്ടിക്ക് തീപിടിച്ച് 74 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ കൂറ്റന്‍ ആസാദി മാര്‍ച്ച്



ഇസ്‌ലാമാബാദില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. രാജ്യത്ത് സാമ്പത്തികപ്രതിസന്ധിയും കശ്മീര്‍ വിഷയവും കത്തിനില്‍ക്കെ ഉണ്ടായ പ്രതിഷേധം ഇമ്രാന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 27ന് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലുള്ള സോഹ്രാബ് ഗോതില്‍ നിന്നാരംഭിച്ച റാലി അഞ്ചാം ദിവസമാണ് അന്തിമകേന്ദ്രമായ പെഷാവര്‍ മോറിലെത്തിയത്.

ഇമ്രാന്റെ കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് രാജ്യത്തെ സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിച്ചതെന്ന് ഫസലുര്‍ റഹ്മാന്‍ പറഞ്ഞു. ഇമ്രാന്‍ രാജിവെക്കുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനില്‍ വര്‍ധിക്കുന്ന ധനക്കമ്മിയും പണപ്പെരുപ്പവും പിടിച്ചുനിര്‍ത്താന്‍ ഇമ്രാന്‍ സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. 2018-ലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഇമ്രാന്‍ഖാന്‍ അധികാരത്തിലെത്തിയതെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. സൈന്യത്തിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായത് മുതല്‍ ഇമ്രാന്‍ ഈ ആരോപണം നേരിടുന്നുണ്ട്.

'പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഇമ്രാന്‍ഖാന് സമയമായെന്ന വ്യക്തമായ സന്ദേശം നല്‍കാനാണ് പ്രതിപക്ഷപാര്‍ട്ടികളെല്ലാം ഒരുവേദിയില്‍ ഒന്നിച്ചുചേര്‍ന്നത്. ഒരു ഏകാധിപതിക്കുമുന്നില്‍ തലകുനിക്കാന്‍ തയ്യാറല്ല. അധികാരത്തിന്റെ കേന്ദ്രം ജനങ്ങളാണ്, സര്‍ക്കാരല്ല' - പിപിപി നേതാവ് ബിലാവല്‍ അലി ഭൂട്ടോ പറഞ്ഞു. അവസരം ലഭിച്ചാല്‍ ആറുമാസത്തിനുള്ളില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് റാലിയില്‍ പങ്കെടുത്ത ഷഹബാസ് ഷരീഫ് പറഞ്ഞു.


Keywords:  World, News, Islamabad, Pakistan, Protesters, Imran Khan, Pakistan Azadi march: Women absent from anti-Imran Khan protest 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia