അവതാരകന്റെ മുഖത്തടിച്ചതില്‍ പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്; 'പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം ഭാര്യയെ പരിഹസിച്ചുള്ള പരാമര്‍ശം സഹിക്കാനാവാത്തതിനാല്‍', വീഡിയോ
Mar 28, 2022, 14:42 IST
ലോസ് ആഞ്ചലസ്: (www.kvartha.com 28.03.2022) 94-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോകിന്റെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്. പുരസ്‌കാരം വാങ്ങിയതിന് ശേഷമുള്ള പ്രഭാഷണത്തിലാണ് തന്റെ പ്രവൃത്തിയില്‍ നടന്‍ മാപ്പ് പറഞ്ഞത്. അകാഡമിയോടും സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഈ വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്.
നടന്‍ വില്‍ സ്മിതിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിതിനെ പരിഹസിച്ചുകൊണ്ടുള്ള പരാമര്‍ശത്തിന്റെ പേരിലായിരുന്നു വില്‍ സ്മിത് ക്രിസ് റോകിനെ സ്റ്റേജിലേക്ക് കയറി തല്ലിയത്. ഡോക്യുമെന്ററി ഫീചറിനുള്ള ഓസ്‌കാര്‍ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിതിനെ പ്രകോപിപ്പിച്ചത്. എന്റെ ഭാര്യയെ കുറിച്ചുള്ള പരാമര്‍ശം നിന്റെ വൃത്തികെട്ട വായില്‍ നിന്ന് ഒഴിവാക്കൂവെന്ന് പറഞ്ഞാണ് വില്‍ സ്മിത് അവതാരകനെ അടിച്ചത്. പിന്നാലെ ഓസ്‌കര്‍ സ്വീകരിക്കാന്‍ പോയ താരം മാപ്പ് പറഞ്ഞു.
പൊട്ടിക്കരഞ്ഞ വില്‍ സ്മിത്, ഈ ആളുകള്‍ നിങ്ങളോട് അനാദരവ് കാണിക്കുകയും നിങ്ങള്‍ അത് ശരിയാണെന്ന് നടിക്കുകയും വേണമെന്നും അകാദമിയോടും നാമനിര്‍ദേശം ചെയ്യപ്പെട്ട തന്റെ സഹപ്രവര്‍ത്തകരോടും നോമിനികളോടും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.
തനിക്ക് ഓസ്‌കര്‍ നേടിത്തന്ന റിചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയും അദ്ദേഹം പ്രഭാഷണത്തില്‍ പരാമര്‍ച്ചു. റിചാര്‍ഡ് വില്യംസ് ഏത് സാഹചര്യത്തിലും തന്റെ കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്തിയായിരുന്നുവെന്നും ഇതൊരു മനോഹരമായ നിമിഷമാണെന്നും ഞാന്‍ കരയുന്നത് പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
'കല ജീവിതത്തെ അനുകരിക്കുന്നു. ഞാനൊരു ഭ്രാന്തനായ പിതാവിനെപ്പോലെയായിരിക്കുന്നു, റിചാര്‍ഡ് വില്യംസിനെപ്പോലെ. ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടടപ്പെടുന്ന ഒരാളാണ് ഞാന്‍. അകാഡമി എന്നെ ഇനിയും ഓസ്‌കറിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- വില്യം സ്മിത് കൂട്ടിച്ചേര്‍ത്തു.
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സമ്മാനിക്കാനായിരുന്നു കൊമേഡിയനും നടനുമായ ക്രിസ് റോക് വേദിയിലെത്തിയത്. വേദിയില്‍വച്ച് ക്രിസ് റോക്, ജാഡ പിങ്കറ്റ് സ്മിതിന്റെ രൂപത്തെക്കുറിച്ച് പരിഹാസ രീതിയിലുള്ള പരാമര്‍ശം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാഡയെത്തിയത്. അതിനെ കുറിച്ചായിരുന്നു ക്രിസ് റോകിന്റെ പരാമര്‍ശം.
ജി ഐ ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാഡയുടെ രൂപത്തെ ക്രിസ് റോക് താരതമ്യപ്പെടുത്തി. അതോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത് വേദിയിലെത്തി ക്രിസ് റോകിന്റെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയായിരുന്നു.
അതേസമയം, ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. വിഷയത്തില്‍, ഓസ്‌കര്‍ അധികൃതരും വിശദീകരണം നല്‍കിയിട്ടില്ല.
Keywords: News, World, International, Award, Social Media, Video, Trending, Apology, Oscars 2022: Will Smith Breaks Down On Stage, Apologises To Academy After Slapping Chris Rock
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.