വാക്‌സീന്‍ പേറ്റന്റ് സംരക്ഷണം താല്‍ക്കാലികമായി എടുത്തുകളയണമെന്ന ആവശ്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത; യുഎസ് നിലപാട് തള്ളി ജര്‍മനി

 



വാഷിങ്ടന്‍: (www.kvartha.com 07.05.2021) കൊറോണ വൈറസ് വാക്‌സീന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട ബൗദ്ധികസ്വത്തവകാശ (പേറ്റന്റ്) സംരക്ഷണം താല്‍ക്കാലികമായി എടുത്തുകളയണമെന്ന ആവശ്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത. വാക്‌സീന്‍ പേറ്റന്റ് സംരക്ഷിക്കണമെന്ന ആവശ്യവുമായി ജര്‍മനി. 

ഭൂരിപക്ഷം മരുന്നുകമ്പനികളുടെയും ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയനുമാണു പേറ്റന്റ് ഇളവിനെതിരെ ശക്തമായി രംഗത്തുള്ളത്. പുതിയ സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയനും തയാറാണെന്നു പ്രസിഡന്റ് ഉര്‍സുല വോന്‍ ഡേര്‍ ലയെന്‍ പറഞ്ഞു. ഇളവിനെ എതിര്‍ത്തിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും നിലപാട് മാറ്റി ഇളവിനെ അനുകൂലിക്കുന്നതായി പ്രഖ്യാപിച്ചു. 

അമേരികന്‍ ഫാര്‍മസ്യൂടികല്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ, ലോകത്തെ വന്‍കിട ബയോഫാര്‍മസ്യൂടികല്‍ കമ്പനികളിലൊന്നായ ഫൈസര്‍ തുടങ്ങിയ കമ്പനികളുടെ എതിര്‍പ്പ് തള്ളിയാണ് വാക്‌സീന്റെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാനുള്ള നടപടികള്‍ക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി ആഗോള ആരോഗ്യപ്രതിസന്ധിയാണെന്നും അസാധാരണകാലത്ത് അസാധാരണ നടപടി വേണമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.

ലോകമെമ്പാടും വാക്‌സീന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പേറ്റന്റ് ഒഴിവാക്കണമെന്ന ലോകവ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആവശ്യത്തെ പിന്തുണച്ച യുഎസിനെ തള്ളി ജര്‍മ്മനിയും മരുന്നു കമ്പനികളും രംഗത്തു വന്നു. പേറ്റന്റ് സംരക്ഷണം ഒഴിവാക്കുന്നതല്ലെന്നും ലഭ്യത ഉയര്‍ത്തുന്നതും ഗുണമേന്‍മ ഉറപ്പു വരുത്തുന്നതുമാണ് പ്രധാന ഘടകമെന്നും ജര്‍മന്‍ വക്താവ് പ്രതികരിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാകണമെന്നും എന്നാല്‍ എല്ലാ ഘട്ടത്തിലും ഗുണമേന്‍മ ഉറപ്പു വരുത്തണമെങ്കില്‍പേറ്റന്റ് സംരക്ഷണം നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും ജര്‍മനി പറയുന്നു. 

യുഎസ് അനുകൂലിച്ചെങ്കിലും പേറ്റന്റ് ഇളവ് യാഥാര്‍ഥ്യമാകാന്‍ മാസങ്ങളെടുക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് ഡബ്ല്യുടിഒ അംഗങ്ങളാണ്. ഡബ്യൂടിഒ അംഗങ്ങളായ 164 ല്‍ 100 രാജ്യങ്ങളും പേറ്റന്റ് ഇളവിനെ പിന്തുണയ്ക്കുന്നുണ്ട്. 

വാക്‌സീന്‍ പേറ്റന്റ് സംരക്ഷണം താല്‍ക്കാലികമായി എടുത്തുകളയണമെന്ന ആവശ്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത; യുഎസ് നിലപാട് തള്ളി ജര്‍മനി


ബൗദ്ധികസ്വത്തവകാശ സമിതി ഈ വിഷയം അടുത്ത മാസം ചര്‍ച്ചയ്‌ക്കെടുക്കും. വാക്‌സീന്‍ പേറ്റന്റ് മുക്തമാക്കുമെന്നത് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വാഗ്ദാനമായിരുന്നു. ഇന്ത്യയില്‍ വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യം കൂടി പരിഗണിച്ചാണ് യുഎസ് തീരുമാനം. 

നൂതനമായ ഒരു കണ്ടുപിടിത്തത്തെ ഒരു പ്രത്യേക കാലയളവില്‍ വ്യാവസായികമായും വാണിജ്യപരമായും ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കുവാനും നിയമപരമായി നല്‍കുന്ന അവകാശമാണ് പേറ്റന്റ്. ഉല്‍പന്നത്തിന്റെ നിര്‍മാണം, വില്‍പന, ഉപയോഗം തുടങ്ങിയവ പേറ്റന്റ് പരിധിയില്‍ വരും. പേറ്റന്റ് കാലാവധി കഴിയുമ്പോള്‍ ഈ ഉല്‍പന്നം മറ്റേത് സ്ഥാപനത്തിനും നിര്‍മിക്കാം. ഇന്ത്യയില്‍ പേറ്റന്റ് അവകാശം 20 വര്‍ഷത്തേക്കാണ്. 

Keywords:  News, World, America, Washington, COVID-19, Vaccine, Technology, Trending, Business, Finance, Germany, Production, Sale, On Covid Vaccines, Germany Says Patent Protection 'Must Remain'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia