Peace Deal | ഒലീവ് ഇലകൾ ഉയരട്ടെ വെടിനിർത്തൽ മാത്രമല്ല വേണ്ടത് ഫലസ്തീനെ വീണ്ടെടുക്കൽ; യുദ്ധത്തിൻ്റെ മുറിവുകൾ കരാറിൽ മാത്രം ഉണങ്ങുമോ?


● സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു
● ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
● കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്.
ഭാമനാവത്ത്
ഗസ്സ: (KVARTHA) ലോകത്തിന് ആശ്വാസമേകി കൊണ്ടു ഗസ്സയിൽ താൽക്കാലിക സമാധാന കരാർ നിലവിൽ വരികയാണ്. സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡൻ്റ് ജോ ബൈഡനാണ് ഈ വിവരം പുറത്തുവിട്ടത്.
പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് ഇതോടെ താൽകാലികഅന്ത്യമുണ്ടായിരിക്കുന്നത്. താൻ അധികാരമൊഴിയുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബൈഡൻ് സുപ്രധാനമായ കരാർ പുറത്തുവിട്ടത്. ഇതിനായി ഖത്തറെന്ന സുഹൃദ രാജ്യത്തിൻ്റെ മധ്യസ്ഥത തേടിയതും വിജയിച്ചു. ഇതോടെയാണ്
ഇസ്രായേൽ - ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കളമൊരുക്കിയത്.
വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു
സമാധാന കരാർ ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു.
കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. ഗാസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ഈക്കാര്യം ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഗസയിൽ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം.
94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.
മനുഷ്യരാശിയെ നടുക്കുന്നതായിരുന്നു ഇസ്രായേൽ- ഹമാസ് യുദ്ധം. കുഞ്ഞുങ്ങളും സ്ത്രികളും ഉൾപ്പെടെ കൊല്ലപ്പെട്ടത് ഒരു ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഫലസ്തീനിലെ മിക്ക പ്രദേശങ്ങളും തകർന്ന് തരിപ്പണമായി. മത ഭീകര സംഘടനയായ ഹമാസ് അധികാരം പിടിച്ചതിൻ്റെ ദുരന്തമാണ് ആ രാജ്യം അനുഭവിച്ചത്. യുദ്ധം തുടങ്ങി വെച്ചതും മുൻപോട്ടു കൊണ്ടുപോയതും ഹമാസാണ്.
അവരുടെ ഒട്ടുമിക്ക നേതാക്കളും കൊല്ലപ്പെട്ടു.
കണ്ണും മൂക്കുമില്ലാതെ ഒന്നിന് പത്തായി ഇസ്രായേൽ തിരിച്ചടിച്ചതോടെ ആശുപത്രികൾ പോലും റോക്കറ്റ് ആക്രമണങ്ങളിൽ തകർക്കപ്പെട്ടു. ശ്മശാന തുല്യമായ ഒരു രാജ്യമാണ് ഇന്ന് ഫലസ്തീൻ'' ലോകത്തിൻ്റെ ചോര പ്പൊട്ടായി മാറിയ രാജ്യത്തെ പുനർനിർമ്മിക്കേണ്ടതും യു.എന്നിൻ്റെ അടിയന്തിര കർത്തവ്യങ്ങളിലൊന്നാണ്. ഭക്ഷണവും വെള്ളവും താമസ സൗകര്യവുമില്ലാതെ അഭയാർത്ഥികളായ ജനങ്ങളെ ചേർത്ത് പിടിക്കേണ്ടത് ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. അതു നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം.
റോക്കറ്റിനും ബോംബുകൾക്കും പകരം ഒലീവ് ഇല കൈയ്യിലേന്താൻ എല്ലാവരും തയ്യാറാകണം. റഷ്യ-ഉക്രൈയ്ൻ യുദ്ധവും ശാശ്വതമായി അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ തയ്യാറാകണം. എല്ലാ യുദ്ധങ്ങളും വിനാശം വിതയ്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഇനിയെങ്കിലും യുദ്ധകൊതിയൻമാരായ ഭരണാധികാരികളെ ഈ പാഠം പഠിപ്പിക്കണം.
#GazaPeace #IsraelHamasConflict #BidenPeaceDeal #MiddleEastNews #PalestineRecovery #GlobalPeace