Kuwait Fire | കുവൈത് സിറ്റിയിലെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 23 എന്ന് സ്ഥിരീകരിച്ച് അധികൃതര്‍


വെള്ളിയാഴ്ച രാവിലെ 8.30ന് വ്യോമസേനയുടെ സി-130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ മൃതദേഹങ്ങല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കും
ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി
കുവൈത്ത് സിറ്റി: (KVARTHA) മംഗഫിലില്‍ കഴിഞ്ഞദിവസം പുലര്‍ചെ തൊഴിലാളികള്‍ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 23 മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ച് അധികൃതര്‍. ഇതര സംസ്ഥാനക്കാരായ 23 പേരുള്‍പെടെ ആകെ 46 ഇന്‍ഡ്യക്കാരാണ് മരിച്ചതെന്നാണ് കുവൈത് പുറത്തുവിട്ട കണക്ക്. മൂന്ന് ഫിലിപീന്‍സുകാരും ഉണ്ട്. അപകടത്തില്‍ 26 മലയാളികള്‍ മരിച്ചെന്ന് അഭ്യൂഹമുണ്ടായിരുന്നു.
കുവൈതില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലേക്കെത്തിക്കാന്‍ കൊച്ചിയില്‍ ആംബുലന്‍സുകള്‍ സജ്ജീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൃതദേഹങ്ങള്‍ ഒന്നിച്ച് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നോര്‍ക സെക്രടറി കെ വാസുകി വ്യക്തമാക്കി.
മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും. രാവിലെ 8.30ന് വ്യോമസേനയുടെ സി-130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും.
അതിനിടെ, കുവൈത്തിലെ ദജീജിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങള്‍ നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കും.
ഒമ്പത് മലയാളികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് നോര്‍ക സിഇഒ അജിത് കോളശേരി പറഞ്ഞു. മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിമാനം ക്രമീകരിക്കാന്‍ കുവൈത് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹ് മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിര്‍ദേശം നല്‍കി.
ബുധനാഴ്ച പുലര്‍ചെ നാലരയോടെയുണ്ടായ ദുരന്തത്തില്‍ ആകെ 49 പേരാണു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കെട്ടിട, കംപനി ഉടമകള്‍, കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ ഈജിപ്തുകാരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.