Clearance | ലെബനൻ പേജർ സ്ഫോടനങ്ങളുമായി മലയാളിയുടെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി
● പേജറുകൾ വിൽപനയിൽ റിൻസൺ ജോസിന്റെ കമ്പനിയുടെ പങ്കിനെ കുറിച്ച് അന്വേഷണം നടന്നു.
● പേജറുകൾ ബൾഗേറിയയിലേക്ക് ഇറക്കുമതി ചെയ്തിട്ടില്ല.
● സ്ഫോടനത്തിന് പിന്നിൽ ഇസ്രാഈലാണെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം.
ന്യൂഡൽഹി: (KVARTHA) ലബനനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച സ്ഫോടനത്തിൽ നോർവീജിയൻ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി വ്യക്തമാക്കി. പേജറുകൾ വിൽക്കുന്നതിൽ സോഫിയ ആസ്ഥാനമായുള്ള റിൻസൺ ജോസിന്റെ നോർട്ട ഗ്ലോബൽ ലിമിറ്റഡിന്റെ പങ്കിനെ കുറിച്ച് അധികൃതർ അന്വേഷണം നടത്തിയതായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച പേജറുകളൊന്നും ബൾഗേറിയയിലേക്ക് ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നിർമിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായതായി ബൾഗേറിയയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയായ ഡിഎഎൻഎസ് (DANS) വാർത്താകുറിപ്പിലൂടെ അറിയിച്ചു. നോർട്ട കമ്പനിയോ അതിന്റെ നോർവീജിയൻ ഉടമയോ ബൾഗേറിയയിൽ പേജറുകൾ വിൽക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
തായ്‌വാനിലെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ഉള്ള പേജറുകളാണ് ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ ഇവ നിർമിച്ചിട്ടില്ലെന്നും ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം നൽകിയിരുന്നെന്നും തായ്‌വാൻ കമ്പനി വിശദീകരിച്ചു. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസന്റെ സ്ഥാപനം പ്രവർത്തിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.
നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തന്റെ കമ്പനികൾ ബൾഗേറിയയിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെക്കൻ ലബനനിൽ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരയിൽ 37 പേരാണ് മരണപ്പെട്ടത്. 3,000 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 287 പേരുടെ നില ഗുരുതരമാണ്. ഇസ്രാഈലാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം. പേജറുകളിൽ ഉപയോഗിച്ച സ്ഫോടകവസ്തുക്കളുൾ എന്താണെന്നുള്ളത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
#LebanonBlast #RinsoJose #Investigation #Bulgaria #Hisbullah #Norway #Explosives #Clearance