No Survivors | നേപാളിലെ വിമാനദുരന്തത്തില്‍ നിന്ന് ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്ന് സൈന്യം; കണ്ടെടുത്ത 69 മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല; തിരച്ചില്‍ പുനഃരാരംഭിച്ചു
Jan 16, 2023, 12:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാഠ്മണ്ഡു: (www.kvartha.com) നേപാളിലെ പോഖരയില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്ന് സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോടു പറഞ്ഞു. ഇതുവരെ 69 മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അപകടസ്ഥലത്ത് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നും നേപാള്‍ സൈന്യം അറിയിച്ചു. ഞായറാഴ്ച വൈകിട്ടു നിര്‍ത്തിയ തിരച്ചില്‍, രാവിലെ പുനഃരാരംഭിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി ഗണ്ഡകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍കാര്‍ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മുന്‍ വ്യോമയാന സെക്രടറി നാഗേന്ദ്ര ഗിമിറെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് അപകടത്തെക്കുറിച്ച് അന്വേഷിച്ച് 45 ദിവസത്തിനകം റിപോര്‍ട് സമര്പിക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍കാര്‍ വക്താവും ധനമന്ത്രിയുമായ ബിഷ്ണു പ്രസാദ് പൗഡേല്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ നേപാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍നിന്ന് 68 യാത്രക്കാരും നാല് ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്ക് പോയ യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റര്‍ അകലെ സെതി നദീതീരത്തു തകര്‍ന്നുവീണത്.
രാവിലെ 10.33നു കഠ്മണ്ഡുവില്‍നിന്നു പുറപ്പെട്ട വിമാനം 10.58നു പോഖരയിലെത്തേണ്ടതായിരുന്നു. 10.50നു പോഖരയിലെ പുതിയ രാജ്യാന്തര വിമാനത്താവളവുമായി ആശയവിനിമയം നടത്തിയെങ്കിലും തൊട്ടുപിന്നാലെ സെതി നദിയോടു ചേര്‍ന്നുള്ള കിടങ്ങിലേക്കു തകര്‍ന്നുവീണു കത്തി.
അഞ്ച് ഇന്‍ഡ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. അഭിഷേക് ഖുഷ്വാഹ (25), വിശാല്‍ ശര്‍മ (22), അനില്‍കുമാര്‍ രാജ്ബര്‍ (27), സോനു ജയ്സ്വാള്‍ (35), സഞ്ജയ് ജയ്സ്വാള്‍ (30) എന്നിവരാണ് ഇന്‍ഡ്യക്കാര്‍. രണ്ടു ദിവസം മുന്‍പു കഠ്മണ്ഡുവിലെത്തിയ ഇവര്‍ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്. സോനു ജയ്സ്വാള്‍ യുപി സ്വദേശിയാണ്. യാത്രക്കാരില്‍ മറ്റു 10 പേര് കൂടി വിദേശികളാണ്. മൂന്ന് കുഞ്ഞുങ്ങളും 25 സ്ത്രീകളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.
30 വര്‍ഷത്തിനിടെ നേപാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. ഈ സമയം കാലാവസ്ഥാ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Keywords: News,World,international,Nepal,Death,Accident,Flight,plane,Dead Body,Top-Headlines,Trending, No Survivors Found After Nepal Plane Crashed With 72, 5 Of Them Indians
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

