നീയല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല; അവനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്; വിങ്ങിപ്പൊട്ടി ആ 37കാരന്‍; ഇസ്രാഈലിന്റെ ആക്രമണത്തില്‍ നഷ്ടമായത് ഭാര്യയേയും പറക്കമറ്റാത്ത 4 മക്കളേയും

 


ഗാസ: (www.kvartha.com 19.05.2021) നീയല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല. അവനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്നും. വിങ്ങിപ്പൊട്ടി ആ 37കാരനായ പിതാവ്. ഇസ്രാഈലിന്റെ ആക്രമണത്തില്‍ അയാള്‍ക്ക് നഷ്ടമായത് ഭാര്യയേയും പറക്കമറ്റാത്ത നാലു മക്കളേയുമാണ്.

നീയല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല; അവനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്; വിങ്ങിപ്പൊട്ടി ആ 37കാരന്‍; ഇസ്രാഈലിന്റെ ആക്രമണത്തില്‍ നഷ്ടമായത് ഭാര്യയേയും പറക്കമറ്റാത്ത 4 മക്കളേയും

അമ്മയുടെ ചേതനയറ്റ കൈകള്‍ക്കുള്ളില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ഒമര്‍ എന്ന ആ അഞ്ചുമാസപ്രായക്കാരനെ പുറത്തെടുക്കുമ്പോള്‍ അവന്റെ ആ കുഞ്ഞുകാലില്‍ മുന്നിടത്ത് പൊട്ടലുകളുണ്ടായിരുന്നു. കാലില്‍ പ്ലാസ്റ്ററിട്ട് ഗാസയിലെ ഒരാശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ് ആ കുഞ്ഞ്. മാത്രമല്ല മുഖത്തും പോറലുകള്‍ ഉണ്ട്.

റോകെറ്റാക്രമണത്തില്‍ തന്റെ അമ്മയും നാല് സഹോദരങ്ങളും മരിച്ചു പോയെന്ന് തിരിച്ചറിയാന്‍ ആ കുഞ്ഞിന് കഴിയില്ല. പക്ഷെ ആ നഷ്ടത്തിന്റെ വിതുമ്പല്‍ അടക്കിപ്പിടിച്ച് ആശുപത്രി കിടക്കയുടെ അറ്റത്ത് അവന്റെ അച്ഛനിരിക്കുന്നുണ്ട്. ഈ കുഞ്ഞല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല എന്ന് പുലമ്പി കൊണ്ടാണ് മുഹമ്മദ് അല്‍ ഹദീദി എന്ന ആ മനുഷ്യന്‍ കുഞ്ഞ് സുഖപ്പെടുന്നതും കാത്ത് അവിടെ ഇരിക്കുന്നത്.

13 വയസ്സുള്ള സുഹൈബ്, 11 കാരന്‍ യാഹ്യ, എട്ടു വയസ്സുകാരന്‍ അബ്ദര്‍ റഹ്മാന്‍, ആറു വയസ് മാത്രമുള്ള ഒസാമ, അവരുടെ അമ്മയായ 36കാരി മാഹ അബു ഹത്താബ് എന്നിവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മുഹമ്മദ് അല്‍ ഹദീദിയും ഏറ്റവും ഇളയ മകനായ ഒമറും തനിച്ചാകുന്നത്. 'അവര്‍ ദൈവത്തെ കണ്ടെത്താന്‍ പോയതാണ്, എത്രയും വേഗം നമ്മള്‍ അവരെ വീണ്ടും കണ്ടുമുട്ടും, അധികനാള്‍ അതിനായി കാത്തിരിക്കാനിട വരുത്തരുതെന്നുള്ള പ്രാര്‍ഥന മാത്രമേയുള്ളൂ'-ഹദീദി തന്റെ കൈകളില്‍ വിശ്രമിക്കുന്ന ഒമറിന്റെ കവിളില്‍ മുത്തം നല്‍കി പറയുന്നു. ആ പിഞ്ചുമുഖത്താകെ പോറലുകളാണ്.

ഗാസയ്ക്ക് പുറത്തുള്ള ഷാഹി അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുന്ന സഹോദരന്റെ അരികിലേക്ക് ഒമറിന്റെ അമ്മ മക്കളേയും കൂട്ടി ശനിയാഴ്ച സന്ദര്‍ശനത്തിന് പോയിരുന്നു. റംസാന്‍ വ്രതം അവസാനിക്കുന്ന ദിവസങ്ങളിലൊന്നായിരുന്നതിനാലായിരുന്നു ആ സ്നേഹ സന്ദര്‍ശനം. കുട്ടികള്‍ പുതുവസ്ത്രങ്ങള്‍ ധരിച്ച് അമ്മാവന്റെ കുട്ടികളോടൊത്ത് കളിക്കാന്‍ ഏറെ ഉത്സാഹത്തോടെയാണ് പോയത്. രാത്രി അവിടെ തങ്ങണമെന്ന് കുട്ടികള്‍ ആഗ്രഹം പറഞ്ഞപ്പോള്‍ താന്‍ അനുവദിച്ചതായി ഹദീദി സങ്കടത്തോടെ ഓര്‍മിച്ചു. അന്ന് തനിച്ച് വീട്ടില്‍ കിടന്നുറങ്ങിയ താന്‍ സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍തെന്നും ഹദീദി പറഞ്ഞു.

അവര്‍ തങ്ങിയ സഹോദരന്റെ വീട്ടില്‍ മിസൈല്‍ പതിച്ചതായി അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പറ്റാവുന്നത്ര വേഗത്തില്‍ ഹദീദി അവിടെയെത്തുമ്പോള്‍ കണ്ട കാഴ്ച വീട് നിലംപതിച്ചതാണ്. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയായിരുന്നു. തന്റെ കുടുംബത്തിനൊപ്പം ഹദീദിയുടെ സഹോദരന്റെ ഭാര്യയും നാല് കുട്ടികളും ദുരന്തത്തിനിരയായി.

എല്ലാ കുട്ടികളും മുലപ്പാല്‍ കുടിച്ചാണ് വളര്‍ന്നത്. എന്നാല്‍ ഒമര്‍ മാത്രം ആദ്യ ദിവസം മുതല്‍ അമ്മയുടെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു. ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാവണം, ഹദീദി പറയുന്നു. കുട്ടികളുള്‍പെടെയുള്ളവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനും മുന്നറിയിപ്പ് നല്‍കാതെയുള്ള ആക്രമണത്തിനും ഹദീദി ഇസ്രാഈലിനെ കുറ്റപ്പെടുത്തി. 59 കുട്ടികളുള്‍പെടെ 200 പേരാണ് ഇസ്രാഈലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയിലും തന്റെ കുഞ്ഞിന് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നാണ് ഹദീദിയുടെ ഇപ്പോഴുള്ള ഏക ആഗ്രഹം. ഒമറിന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ച് അവനെ നല്ലരീതിയില്‍ വളര്‍ത്തുമെന്ന് തന്റെ സങ്കടം അടക്കിപ്പിടിച്ച് ഹദീദി പറയുന്നു.

Keywords:   'No One Left But You': 5-Month-Old Gazan Pulled From Dead Mother's Arms, Israel, News, Child, Hospital, Treatment, Injury, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia