Appointment | ഹിസ്ബുല്ല പുതിയ നേതാവിനെ പ്രഖ്യാപിച്ചു; ഇനി നഈം ഖാസിം നയിക്കും; ആരാണ് ഇദ്ദേഹം?
● ഹിസ്ബുല്ലയുടെ ദീർഘകാല അംഗമാണ് ഖാസിം
● നഈം ഖാസിം 1991 മുതൽ ഉന്നത നേതൃനിരയിൽ ഹിസ്ബുല്ലയിൽ പ്രവർത്തിക്കുന്നു.
● ഹിസ്ബുല്ലയുടെ ഷൂറാ കൗൺസിൽ ആണ് ഖാസിമിനെ തിരഞ്ഞെടുത്തത്.
ബെയ്‌റൂട്ട്: (KVARTHA) ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ പുതിയ മേധാവിയായി നഈം ഖാസിമിനെ തിരഞ്ഞെടുത്തു. നേരത്തെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു. ഹിസ്ബുല്ലയുടെ മുന്‍ നേതാവ് ഹസൻ നസ്രല്ല, ബെയ്റൂട്ടില്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നഈം ഖാസിമിനെ പുതിയ സെക്രട്ടറി ജനറലായി നിയമിച്ചത്.
നഈം ഖാസിമിന്റെ നിയമനം ഷൂറാ കൗൺസിൽ അംഗീകരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നസ്‌റല്ലയുടെ കീഴിൽ പ്രവർത്തിച്ച ഖാസിമിന് സംഘടനയുടെ പ്രത്യയശാസ്ത്രവും പ്രവർത്തനങ്ങളും സംബന്ധിച്ച് ആഴത്തിലുള്ള അറിവുണ്ട്. ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പൂർണമായി പാലിക്കുന്നതിനാലാണ് ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു.
1991-ൽ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ മുസാവി ഡെപ്യൂട്ടി ചീഫായി നിയമിച്ചതോടെയാണ് നഈം ഖാസിമിൻ്റെ ഹിസ്ബുല്ലയിലെ വളർച്ച ആരംഭിച്ചത്. എന്നാൽ, 1992-ൽ ഇസ്രാഈലി ഹെലികോപ്റ്റർ ആക്രമണത്തിൽ അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ, ഹസൻ നസ്രല്ലയുടെ നേതൃത്വത്തിൽ ഖാസിം തന്റെ സ്ഥാനം നിലനിർത്തി.
വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഹിസ്ബുല്ലയുടെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്ന ഖാസിം, നിരവധി വിദേശ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്. സെപ്റ്റംബർ 27 ന് നടന്ന വ്യോമാക്രമണത്തിൽ ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയെ പരസ്യമായി അഭിസംബോധന ചെയ്ത ഉയർന്ന പദവിയിയിലുള്ള ആദ്യത്തെ നേതാവായിരുന്നു നഈം ഖാസിം. ഒക്ടോബർ എട്ടിന് അദ്ദേഹം രണ്ടാമത്തെ പ്രസംഗം നടത്തിയിരുന്നു.
ഖാസിം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇറാൻ, സിറിയ പോലുള്ള രാജ്യങ്ങളുമായി ഹിസ്ബുല്ലയ്ക്കുള്ള ബന്ധം ശരിയായി നിലനിർത്തുക എന്നതാണ്. ഹിസ്ബുല്ലയുടെ പുതിയ നേതാവായതിനാൽ, ഈ ബന്ധങ്ങളെക്കുറിച്ച് പുതിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഹിസ്ബുല്ലയിൽ വളരെ കാലമായി പ്രവർത്തിച്ചിട്ടുള്ളതിനാൽ നഈം ഖാസിമിന് ഈ തീരുമാനങ്ങൾ എടുക്കാൻ എളുപ്പമായിരിക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
#Hezbollah #Lebanon #MiddleEast #politics #terrorism #NaimQassem #HassanNasrallah #leadershipchange