Kuwait Fire | കുവൈത് തീപ്പിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച് എന്‍ബിടിസി; ആശ്രിതര്‍ക്ക് ജോലിയും, മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കംപനി


തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കുവൈത് അമീര്‍ ഉത്തരവിട്ടിരുന്നു
ആഭ്യന്തരമന്ത്രി ശെയ്ഖ് ഫഹദ് അല്‍ യൂസുഫാണ് ഇക്കാര്യം അറിയിച്ചത്
കുവൈത് സിറ്റി: (KVARTHA) കുവൈതിലെ അപാര്‍ട് മെന്റില്‍ കഴിഞ്ഞദിവസം ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും, മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കംപനി അറിയിച്ചു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കുവൈത് അമീര്‍ ഉത്തരവിട്ടിരുന്നു. ആഭ്യന്തരമന്ത്രി ശെയ്ഖ് ഫഹദ് അല്‍ യൂസുഫാണ് ഇക്കാര്യം അറിയിച്ചത്.
കുവൈതിലെ തൊഴിലാളി കാംപ് തീപ്പിടിത്തത്തില്‍ 49 പേരാണ് ആകെ മരിച്ചത്. 43 പേരും ഇന്‍ഡ്യക്കാരാണ്. ഇതില്‍ 24 പേര്‍ മലയാളികളാണ്. 22 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ബാബുവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. 12 പേരുടെ പരുക്ക് ഗുരുതരമാണ്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി നോര്‍ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു.
അതിനിടെ കുവൈതിലെ അഗ്‌നിദുരന്തത്തില്‍ ഉള്‍പെട്ട മലയാളികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈതിലേക്ക് പോകും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കാനും തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രവാസി വ്യവസായികളായ എംഎ യൂസുഫലി അഞ്ചുലക്ഷം രൂപവീതവും രവി പിള്ള രണ്ടുലക്ഷം രൂപവീതവും സഹായം നോര്‍ക വഴി നല്‍കും. ഇരുവരും മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുകയും തീരുമാനങ്ങള്‍ അറിയിക്കുകയുമായിരുന്നു.
കുവൈത് ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും നാഷനല്‍ ഹെല്‍ത് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിനെയും കുവൈതിലേക്ക് അയക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മരിച്ചവരുടെയും കാണാതായവരുടെയും വിവരങ്ങള്‍ നിരന്തരം മാറിവരുന്ന സാഹചര്യത്തില്‍ ഇതില്‍ വ്യക്തത വരുത്തുക, തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്നിവയാണ് ആരോഗ്യമന്ത്രിയുടെ ചുമതലകളില്‍ പ്രധാനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ഇന്‍ഡ്യന്‍ എംബസി, കുവൈത് സര്‍കാര്‍, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മന്ത്രിസഭ നിര്‍ദേശിച്ചിരിക്കുന്നത്. പരുക്കേറ്റ് ആശുപത്രികളിലുള്ളവരുടെ ചികിത്സ ഉറപ്പുവരുത്തുകയും വേണം. ഇതോടൊപ്പം നാട്ടിലുള്ള കുടുംബങ്ങളെ കൃത്യമായ വിവരം ധരിപ്പിക്കുകയും വേണം.
കുവൈതിലെ ഫ് ളാറ്റില്‍ അസൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെവി അബ്ദുല്‍ ഖ്വാദര്‍ പറഞ്ഞു. പ്രവാസികളുടെ ജീവിത സാഹചര്യം ചര്‍ച ചെയ്യപ്പെടണമെന്നും പോരായ്മകള്‍ പരിഹരിക്കപ്പെടുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.