സ്നേഹബന്ധത്തിന്റെ ആദ്യ കണ്ണി; ഭൂമിയിലെ ദൈവം! ഓർമ്മയുടെയും കരുതലിന്റെയും ഒരു മാതൃദിനം

 
Mother's Day: The First Link of Love, God on Earth, A Day of Remembrance and Care
Mother's Day: The First Link of Love, God on Earth, A Day of Remembrance and Care

Representational Image Generated by Meta AI

● അമ്മ സ്നേഹത്തിന്റെയും കരുതലിന്റെയും അവസാന വാക്കാണ്.
● വൃദ്ധസദനങ്ങളിലേക്ക് അമ്മമാരെ തള്ളുന്നത് വലിയ പാപമാണ്.
● അമ്മയെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് മക്കളുടെ കടമയാണ്.
● അമ്മയുടെ സ്നേഹത്തിന് പകരം മറ്റൊന്നില്ലെന്ന് ഓർക്കണം.

ഭാമനാവത്ത് 

(KVARTHA) മാതൃത്വത്തെയും മാതാവിനെയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പല ഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. പ്രധാനമായും മാർച്ച്, മെയ് മാസങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്. കുടുംബാംഗങ്ങളെ ആദരിക്കുന്ന സമാനമായ മറ്റൊരാഘോഷമാണ് പിതൃദിനം. 

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ആഘോഷിച്ചുപോന്ന റോമിലെ ഹിലാരിയ ഉത്സവം, ഗ്രീസിലെ സിബൈലി ദേവിയോടുള്ള ആരാധന, ക്രിസ്ത്യാനികളുടെ മദറിംഗ് സൺഡേ എന്നീ ആഘോഷങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ലായിരുന്നു. എന്നിരുന്നാലും ചില രാജ്യങ്ങളിൽ മാതൃദിനം ഈ പൗരാണിക ആചാരങ്ങളുമായി സമരസപ്പെട്ടു വരുന്നു.

അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന അതേ തീയതിയിലാണ് ചില രാജ്യങ്ങൾ മാതൃദിനം ആഘോഷിക്കുന്നത്. എന്നാൽ ചില രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവിടെ നിലനിന്നിരുന്ന മാതൃത്വത്തെ പ്രകീർത്തിക്കുന്ന ആഘോഷ ദിവസങ്ങളെ മാതൃദിനമായി ആഘോഷിക്കുന്നു. യുണൈറ്റഡ് കിങ്ഡത്തിലെ മദറിംഗ് സൺഡേ ഇതിനുദാഹരണമാണ്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം ആഘോഷിക്കുന്നത്.

പത്തുമാസം നൊന്ത് പ്രസവിച്ച് നമ്മളെയൊക്കെ ഇത്രത്തോളം വളർത്തി വലുതാക്കിയ അമ്മയെ ഓർക്കാൻ നമുക്കൊരു പ്രത്യേക ദിനത്തിന്റെ ആവശ്യമൊന്നുമില്ല. എങ്കിലും ഇന്നത്തെ തലമുറയ്ക്ക് അത് ആവശ്യമായി വരുന്നു. നമുക്കറിയാം വെറും രണ്ടു വാക്കിൽ ഒതുങ്ങുന്നതല്ല അമ്മ എന്ന്, ജന്മത്തിന്റെ മഹത്വം. അമ്മ സ്നേഹത്തിന്റെ അവസാന വാക്ക്, പൊക്കിൾക്കൊടിയിൽ തുടങ്ങുന്നു ആ സ്നേഹത്തിന്റെ ബന്ധം, പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം, എന്നിങ്ങനെ പോകും അമ്മയുടെ മഹത്വം.

സ്വന്തം മക്കളെ ജീവശ്വാസം പോലെ സ്നേഹിക്കുന്ന ആ മഹാ പുണ്യം. അമ്മിഞ്ഞപ്പാലിന്റെ മധുരമൂറുന്ന സ്നേഹവും മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും അതിലേറെ സംരക്ഷണവും നൽകി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റുനോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനൊരു താങ്ങായ്, തണലായി ആ അമ്മ എന്നും വർത്തിക്കുന്നു. 

ഒന്നകലുമ്പോൾ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ്. അക്ഷരങ്ങളിലൂടെ വർണ്ണിച്ച് തീർക്കാൻ എനിക്കാവില്ല ആ അമ്മയെ. സ്വന്തം വിശപ്പിനേക്കാൾ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പാണ്, സ്വന്തം വേദനയേക്കാൾ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.

സത്യത്തിന്റെ ചുവടുപിടിച്ച് ഓരോ മക്കളെയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും, പ്രാഥമിക അറിവുകളും നൽകി ചുവടുറപ്പിക്കാൻ ഓരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം. ആദരവും, ബഹുമാനവും നൽകാൻ തയ്യാറാകാത്ത ഇന്നത്തെ തലമുറകൾ മറന്നുപോകുന്നത് ആ സ്നേഹമാണ്. ആ സ്നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. 

അമ്മമാരെ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഓരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്. ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക, ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്, എത്ര ഒഴിവുകഴിവുകൾ പറഞ്ഞാലും മാറി നിൽക്കാൻ കഴിയാത്ത ധർമ്മമാണ് എന്ന തിരിച്ചറിവ് ഓരോ മക്കളിൽ ഉണ്ടാകുന്നത് നന്ന്.

ആ അമ്മയ്ക്ക് തങ്കമോ, പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാൻ മക്കൾക്ക് കഴിഞ്ഞില്ലെങ്കിലും നൽകാൻ കഴിയുന്ന ഒരിത്തിരി സ്നേഹം, അതുമാത്രം നൽകാൻ കഴിഞ്ഞാൽ ഈ ജന്മം മുഴുവൻ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും. 

ഇന്ന് നിങ്ങൾ എന്നത്തേതിനേക്കാളും കൂടുതലായി നിങ്ങളുടെ അമ്മയെ ഓർക്കുന്നു. ആ അമ്മ ചെയ്ത ത്യാഗങ്ങളെയും, ഇക്കാലമത്രയും നിങ്ങൾക്കു പകർന്നു നൽകിയ സ്നേഹത്തെയും കൃതജ്ഞതയോടെ, ഒരുപക്ഷേ ഈറൻ മിഴികളോടെ, നിങ്ങളിന്ന് ചിന്തിക്കുന്നുണ്ടാവും. അമ്മയ്ക്ക് ആശംസകളർപ്പിച്ചും സമ്മാനങ്ങൾ നൽകിയും നിങ്ങൾ ഇന്ന് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കാം.

തിരക്കിൽ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ഈ ലോകത്ത് ഈ ദിനത്തിനായി മാത്രം കാത്തിരുന്ന അമ്മമാരുണ്ടാവാം, അനേകം അമ്മമാർ ഏറെക്കാലത്തിനു ശേഷം ഇന്ന് സന്തോഷത്തോടെ ഉറങ്ങിയിട്ടുണ്ടാവാം, വരണ്ട ചുണ്ടുകളിൽ പുഞ്ചിരി കളിയാടിയിട്ടുണ്ടാവാം, കണ്ണുകളിൽ പുതിയൊരു തിളക്കം വന്നിട്ടുണ്ടാവാം. ഒറ്റവാക്കിലൊതുക്കാനാകാത്ത ലോകമാണ് അമ്മ. പൊക്കിൾക്കൊടിയിൽ തുടങ്ങുന്ന ആ സ്നേഹത്തിന്റെ രക്തബന്ധം ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു.

കണ്ണുള്ളവർ അത് കാണുന്നു, അല്ലാത്തവർ കണ്ണടച്ചിരുട്ടാക്കി വൃദ്ധസദനങ്ങളുടെ വാതിലുകൾ മുട്ടുന്നു. അമ്മമാരെ കൺകണ്ട ദൈവമായി കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റേത്. എന്നാലിന്നോ…? നാം നമ്മിലേക്ക് വിരൽചൂണ്ടി ചോദിക്കേണ്ടിയിരിക്കുന്നു. കേരളത്തിലിന്ന് മുഴങ്ങിക്കേൾക്കുന്നത് അമ്മമാരുടെ അലമുറയിട്ടുള്ള നിലവിളിയാണ്. 

സ്വന്തം അമ്മയെ ഓർക്കാത്ത മുഖമില്ലാത്ത കുറേയെറെ മനുഷ്യക്കോലങ്ങളിലേക്ക് മാതൃത്വത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ട ഗതികേടിലെത്തി നിൽക്കുന്നു. മക്കൾക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാർക്കും വേണ്ടിയുള്ളതാകണം മാതൃദിനം.


എല്ലാ അമ്മമാർക്കും ഈ ലേഖനം സമർപ്പിക്കുന്നു. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: This article reflects on the significance of Mother's Day, celebrated on the second Sunday of May in India. It emphasizes the unparalleled love and sacrifices of mothers, urging readers to remember and cherish them, while also highlighting the plight of mothers abandoned in old age homes.

#MothersDay, #Motherhood, #Love, #Family, #Respect, #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia