സെമിയിലേക്ക് ആഫ്രിക്കന്‍ കയ്യൊപ്പ്; പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയില്‍

 


-മുജീബുല്ല കെ വി

(www.kvartha.com) പെനാല്‍റ്റി ഷൂട്ടൗട്ട് ഇല്ലാതെ തന്നെ തീരുമാനമായി മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ ചരിത്രത്തിലാദ്യമായി ലോകക്കപ്പ് ഫുട്ബോളിന്റെ സെമിയിലേക്ക്! മത്സരത്തിന്റെ നാല്‍പത്തിരണ്ടാം മിനിറ്റില്‍ യൂസഫ് എന്‍ നെസീരിയാണ് ഉഗ്രനൊരു ഹെഡ്ഡറിലൂടെ നിര്‍ണ്ണായക ഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാനുള്ള പോര്‍ച്ചുഗല്‍ ശ്രമങ്ങള്‍ മൊറോക്കോ പ്രതിരോധത്തിലും ഗോളി യാസീനിലും തട്ടി തകര്‍ന്നപ്പോള്‍, ലോകക്കപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമായി, വലീദ് റെഗ്രഗുയിയുടെ അറ്റ്‌ലസ് സിംഹങ്ങള്‍.. 

സെമിയിലേക്ക് ആഫ്രിക്കന്‍ കയ്യൊപ്പ്; പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയില്‍

ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം, മൊറോക്കോയെ സംബന്ധിച്ചടത്തോളം സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാകാനുള്ളതുകൂടിയായിരുന്നു. ആഫ്രിക്കന്‍ ടീമുകളെയപേക്ഷിച്ച് താരതമ്യേന ദുര്‍ബ്ബലരായ ഏഷ്യയ്ക്ക് വരെ ലോകക്കപ്പ് ഫുട്ബോളില്‍ സെമി പ്രതിനിധ്യമുണ്ടായിട്ടുണ്ട്. 2002 സൗത്ത് കൊറിയ സെമിഫൈനലിലെത്തുന്ന ഏഷ്യന്‍ ടീമായെങ്കില്‍, പലപ്പോഴായി ക്വാര്‍ട്ടറിലെത്തിയ കാമറൂണിനോ സെനെഗലിനോ ഘാനയ്ക്കോ സെമി പ്രവേശം സാധ്യമായിരുന്നില്ല.  

അവസാന ഏഴ് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത, അതിനിടെ ഒരൊറ്റ ഗോളും (ഒരു സെല്ഫ് ഗോള്‍ ഒഴികെ) വഴങ്ങിയിട്ടില്ലാത്ത ടീമാണ് മൊറോക്കോ. ഈ ലോകകപ്പില്‍ ക്രോയേഷ്യക്കും ബെല്‍ജിയത്തിനും സ്‌പെയിനിനുമെതിരെ പ്രതിരോധത്തിന്റെ പുത്തന്‍ ഇതിഹാസം രചിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. വിവിധ നോര്‍ത്താഫ്രിക്കന്‍, ആഫ്രിക്കന്‍ ടീമുകളിലും യൂറോപ്യന്‍ ലീഗുകളിലും കളിച്ച പരിചയസമ്പന്നരായ കളിക്കാരുടെ നിരയാണ് മൊറോക്കോയ്ക്കുള്ളത്.
            
സെമിയിലേക്ക് ആഫ്രിക്കന്‍ കയ്യൊപ്പ്; പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയില്‍

മറുവശത്ത് സൗത്ത് കൊറിയയോട് തോറ്റെങ്കിലും, ഘാനയെയും ഉറുഗ്വേയെയും തോല്‍പിച്ച് വന്ന പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 6 - 1 സ്വിറ്റസര്‍ലാന്‍ഡിനെ മുക്കിക്കളഞ്ഞാണ് ക്വാര്‍ട്ടറിലെത്തുന്നത്. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പകരം കോച്ച് ഫെര്‍ണാന്റോ സാന്റോസ് ആദ്യ ഇലവനില്‍ തന്നെ ഇറക്കിയ റാമോസിന്റെ നേതൃത്വത്തില്‍ എണ്ണയിട്ടപോലെ അവസരങ്ങളിലേക്ക് ഓടിയെത്തുന്ന മുന്‍നിര പോര്‍ച്ചുഗലിന് മേധാവിത്വം നല്‍കുമെന്ന് തന്നെയായിരുന്നു കണക്കു കൂട്ടല്‍.  

ഫിഫ ലോകകപ്പില്‍ മുമ്പ് രണ്ടു തവണയാണ് മൊറോക്കോയും പോര്‍ച്ചുഗലും ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകള്‍ക്കും ഓരോ ജയം. 

അല്‍തുമാമ സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗല്‍ മൊറോക്കോ മത്സരത്തിന് പന്തുരുണ്ട് തുടങ്ങിയപ്പോള്‍, ഇക്കുറിയും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇല്ലായിരുന്നു.   

തുടക്കത്തില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയ ശേഷം, അറ്റ്ലസ് ലയണ്‍സ് ധാരാളം ആക്രമണങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. മത്സരത്തില്‍ ഇരു ടീമുകളും ശ്രദ്ധിച്ചുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങി. ക്രമേണ മത്സരം വരുതിയിലാക്കുന്ന മൊറോക്കോയെയാണ് കണ്ടത്. പക്ഷെ നല്ലൊരു ഗോള്‍ സ്‌കോറിങ് ഫോര്‍വേഡിന്റെ അഭാവമുണ്ടായിരുന്നു, മൊറോക്കോയ്ക്ക്. അല്ലെങ്കില്‍ കിട്ടിയ അവസരങ്ങള്‍ വച്ച് ചുരുങ്ങിയത് ഒരു അഞ്ച് ഗോളിനെങ്കിലും അവര്‍ ജയിച്ചേനെ. 

പോര്‍ച്ചുഗല്‍ താരങ്ങളുടെ സമ്മര്‍ദത്തിനിടയില്‍ കളിക്കാരില്‍നിന്ന് നിന്ന് പന്ത് തട്ടിയെടുക്കാന്‍ മൊറോക്കോ മനോഹരമായ ടീം വര്‍ക്ക് കാണിച്ചു.  

20-ആം മിനിറ്റില്‍ മൊറോക്കന്‍ ആക്രമണം ഗോളിയുടെ കൈകളില്‍. കോര്‍ണര്‍ സിയാഷ് എടുത്തു. ഒന്നും സംഭവിച്ചില്ല. ഫെലിക്‌സ്, റാമോസ്, ഫെര്‍ണാണ്ടസ് ത്രയം അടങ്ങിയ പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ മൂര്‍ച്ച കുറവായിരുന്നു.  

24-ആം മിനിറ്റില്‍ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ഹെഡ് ചെയ്യാനുള്ള ശ്രമത്തില്‍ പോര്‍ച്ചുഗലിന്റെ ഫെര്‍ണാഡസ് ഗോളി യാസീന്റെ ദേഹത്ത് വീണു. 

30 ആം മിനിറ്റില്‍ ഫെലിക്‌സിന്റെ ബോക്‌സിന് തൊട്ട് പുറത്തുനിന്നുള്ള ഒരു ഫ്‌ലാഷിങ് ഷോട്ട് മൊറോക്കോ ഡിഫെന്‍ഡറുടെ ദേഹത്തുതട്ടി പുറത്തേക്ക് പോയി. ഉടനെ ഉജ്ജ്വലമായ കൗണ്ടര്‍ അറ്റാക്കുമായി മൊറോക്കോ  

മൊറോക്കോയും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 34-ആം മിനിറ്റില്‍ മനോഹരമായൊരു ക്രോസ്സ് അലാ ബോക്‌സില്‍നിന്ന് പുറത്തേക്കടിച്ചു കളഞ്ഞു. 35-ആം മിനിറ്റില്‍ ബൗഫലിന്റെ കിക്ക് നേരെ പോര്‍ച്ചുഗല്‍ കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ കൈകളിലേക്ക്. 

43-ആം മിനിറ്റില്‍ മൊറോക്കോ ഗോള്‍ നേടി! യൂസഫ് എന്‍ നെസിരിയുടെ സൂപ്പര്‍ ഹെഡ്ഡറില്‍ ഉജ്ജ്വല ഗോളിലൂടെ മൊറോക്കോയ്ക് ലീഡ്! പോര്‍ച്ചുഗല്‍ ബോക്‌സിനകത്തേക്ക് അതിയത്തുല്ലയുടെ മനോഹരമായ ക്രോസ്സ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ റൊണാള്‍ഡോ സ്‌റ്റൈലില്‍ ഉയര്‍ന്നു ചാടി ഉജ്ജ്വല ഹെഡ്ഡറിലൂടെ നെസീരി പോര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് കയറ്റി. തടയാന്‍ ഗോളി കോസ്റ്റ ശ്രമം നടത്തിയെങ്കിലും നിസ്സഹായനായി.

സ്റ്റേഡിയം പൊട്ടിത്തെറിച്ചു. തിങ്ങിനിറഞ്ഞ മൊറോക്കോ കാണികള്‍ ആഹ്ലാദ നൃത്തം ചവിട്ടി. ഡാന്‍സും പാട്ടും ആരവവുമായി ഗോളിനെ എതിരേറ്റു.  

ഗോള്‍വീണതോടെ വര്‍ധിത വീര്യത്തോടെ പോര്‍ച്ചുഗല്‍ പോരാടി. 46-ആം മിനിറ്റില്‍ സമനില നേടാനുള്ള പോര്‍ച്ചുഗല്‍ ശ്രമം ബാറില്‍ തട്ടി പുറത്തേക്ക്. ബ്രൂണോയുടെ ഉഗ്രന്‍ ഷോട്ട് യാസീനെ കടന്ന് പോയെങ്കിലും പോസ്റ്റില്‍ തട്ടി പുറത്തു പോയി. 
 
തൊട്ടുടനെ ഉഗ്രനൊരു കൌണ്ടര്‍ അറ്റാക്കില്‍ ലീഡ് രണ്ടാക്കാനുള്ള സുവര്‍ണ്ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മൊറോക്കോയുടെ അതിയത്തുല്ല കളഞ്ഞു കുളിച്ചു. നെസിരിയുടെ കണിശമായ പാസ് സ്വീകരിച്ച് പോസ്റ്റിലേക്ക് കുതിച്ച അതിയത്തുല്ലയുടെ ഷോട്ട്, ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്ക് പോയി.  
 
ഇടവേളയ്ക്ക് പിരിയുമ്പോള്‍ മൊറോക്കോ ഒരു ഗോളിന് മുന്നില്‍. 

രണ്ടാം പകുതിയുടെ തുടക്കം തന്നെ, മുറുകിയ അക്രമണങ്ങളുമായിട്ടായിരുന്നു. മൊറോക്കോയ്ക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തിയെങ്കിലും, പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ കോസ്റ്റ രക്ഷകനായി.   

തൊട്ടുടനെ പോര്‍ച്ചുഗലിന്റെ ഇരട്ട കൌണ്ടര്‍ അറ്റാക്കുകളാണ് ഗോളി യാസീന്‍ രക്ഷപ്പെടുത്തിയത്. വീണ്ടും മൊറോക്കോ ആക്രമണത്തില്‍, ബോക്‌സിനു പുറത്തുവെച്ച് പുറത്തേക്കടിച്ചു കളഞ്ഞു. 

രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ റൊണാള്‍ഡോയെ ഇറക്കി. സമനില ഗോള്‍ തേടിയുള്ള പോര്‍ച്ചുഗലിന്റെ നിരന്തര ആക്രമണങ്ങള്‍ക്കിടെ റാമോസിന്റെ ഷോട്ട് പുറത്തേക്ക്. തൊട്ടുടനെ ബ്രൂണോ ഫെര്‍ണാഡസിന്റെ ശ്രമം  ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ബാറിന് പുറത്തേക്ക്. മിനിട്ടുകള്‍ക്ക് ശേഷം ഫെര്‍ണാഡസിന്റെ മനോഹരമായൊരു ക്രോസ്സ് നേരെ ഗോള്‍കീപ്പര്‍ യാസീന്റെ കൈകളിലേക്ക്. 

കൃസ്ത്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതിരിക്കാനുള്ള കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന്റെ തീരുമാനം ശരിയാണെന്ന് കാണിക്കുന്ന പ്രകടനമായിരുന്നു റൊണാള്‍ഡോയുടെത്.
റൊണാള്‍ഡോ ഷോട്ടെടുക്കും മുമ്പ് പന്ത് നിയന്ത്രണത്തിലാക്കാന്‍ എടുക്കുന്ന സമയം കൊണ്ട് എതിര്‍ കളിക്കാര്‍ പന്ത് റാഞ്ചിയെടുക്കുന്നു! മഹാനായ ആ പ്രതിഭയുടെ വേഗതയ്ക്ക് ചെറിയ മങ്ങലേറ്റിട്ടുണ്ട്! 

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ റൊണാള്‍ഡോയുടെ ഉഗ്രന്‍ ബുള്ളറ്റ് ഷോട്ട് മൊറോക്കോ ഗോള്‍കീപ്പര്‍ യാസീന്‍ വീണു പിടിച്ചതോടെ, ഇന്ന് പോര്‍ച്ചുഗലിന്റെ ദിവസമല്ലെന്ന് വ്യക്തമായി. മറുഭാഗത്ത് മൊറോക്കോയ്ക്കും, തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍, ഒരു അഞ്ചു ഗോളിനെങ്കിലും ജയിച്ചേനെ! സ്‌പെയിനിനെതിരെയെന്നപോലെ, പോര്‍ചുഗലിനെയും പ്രതിരോധ മതിലുയര്‍ത്തി പൂട്ടുകയായിരുന്നു മൊറോക്കോ. ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ എണ്ണം പറഞ്ഞ സേവുകളും അവര്‍ക്ക് തുണയായി.

'നിങ്ങള്‍ മനസ്സിലാക്കണം: ഞങ്ങളുടെ ആഗ്രഹമതാണെങ്കില്‍ പോലും, ഞങ്ങള്‍ ലോകകപ്പ് നേടുമെന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷേ നമ്മള്‍ സ്വപ്നം കാണാന്‍ ധൈര്യം കാണിക്കണം. നമുക്ക് കഴിയില്ലെന്ന് നമ്മള്‍ സ്വയം പറഞ്ഞാല്‍, നമ്മുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടാനാകും? ആ ആഗ്രഹം നിങ്ങള്‍ക്കുണ്ടായിരിക്കണം..'

കോച്ച് വലീദ് റെഗ്രഗുയിയുടെ ഈ വാക്കുകള്‍ അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു മൊറോക്കോയുടെ പ്രകടനം.മത്സരം അവസാനിച്ചപ്പോള്‍ ദോഹ ലോകകപ്പ് സെമിയിലേക്ക് തെക്കേ അമേരിക്കയുടെയും യുറോപ്പിന്റേയുമല്ലാത്ത പ്രതിനിധിയായി, ആഫ്രിക്കന്‍ പ്രാതിനിധ്യവുമായി, മൊറോക്കോ!

Keywords:  News, World, World Cup, FIFA-World-Cup-2022, Top-Headlines, Trending, Football, Football Player, Cristiano Ronaldo, Morocco vs Portugal Highlights: Morocco reach historic semis, knock Portugal out of the World Cup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia