Earthquake | മൊറോക്കോയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നു; അതിജീവിച്ചവരെ കണ്ടെത്താൻ നെട്ടോട്ടം; തെരുവുകളിൽ കഴിച്ചുകൂട്ടി ജനങ്ങൾ

 


റുബാത്: (www.kvartha.com) ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,012 ആയി ഉയർന്നു. 2,059 പേർക്ക് പരിക്കേറ്റതായും 1,404 പേരുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂചലനത്തെത്തുടർന്ന് നിരവധി കെട്ടിടങ്ങളുടെ അടിത്തറ ഇളകുകയും പലതിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Earthquake | മൊറോക്കോയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നു; അതിജീവിച്ചവരെ കണ്ടെത്താൻ നെട്ടോട്ടം; തെരുവുകളിൽ കഴിച്ചുകൂട്ടി ജനങ്ങൾ

60 വർഷത്തിലേറെയായി രാജ്യത്ത് ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ സായുധ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ സായുധ സേനയോട് സ്പെഷ്യലൈസ്ഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളും സർജിക്കൽ ഫീൽഡ് ആശുപത്രിയും ഒരുക്കാൻ ഉത്തരവിട്ടതായി സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

മൊറോക്കോയിലെ അറ്റ്ലസ് പർവതനിരകളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ ഏറ്റവും അടുത്തുള്ള നഗരമായ മാരാകേഷിലെ ചരിത്രപരമായ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, അതേസമയം മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് തെക്ക് അൽ-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിലെ പർവതപ്രദേശങ്ങളിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള പർവതഗ്രാമമായ തഫെഘ്‌ട്ടെയിൽ, കെട്ടിടങ്ങളൊന്നും അവശേഷിച്ചില്ല.

ഭൂചലനത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 18.5 കിലോമീറ്റർ താഴെയാണ്. ഭൂകമ്പത്തിന് 19 മിനിറ്റുകൾക്ക് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവും ഉണ്ടായി. മാരാകേഷ് നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദുഷ്‌കരമായ ഭൂപ്രദേശങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികൾക്കിടയിലും അധികാരികൾ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മൊറോക്കൻ സെനറ്ററും മുൻ മന്ത്രിയുമായ ലാഹ്‌സെൻ ഹദ്ദാദ് പറയുന്നു.

ചരിത്രപ്രസിദ്ധമായ മാരാകേഷിൽ, ഇപ്പോഴും വീടുകളിലേക്ക് മടങ്ങാൻ ഭയന്ന് തെരുവുകളിൽ ആളുകൾ കഴിച്ചുകൂട്ടുകയാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച നഗരത്തിലെ പ്രശസ്തമായ കൗടൂബിയ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്രപ്രസിദ്ധമായ മാരാക്കേച്ചിലെ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ചുവന്ന മതിലുകളുടെ ഭാഗങ്ങളും ഭൂകമ്പത്തിൽ തകർന്നു. മൊറോകോയിലെ മാരാകേഷ് പോലുള്ള നഗരങ്ങളിൽ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.

അതിനിടെ തീരദേശ നഗരമായ അഗാദിറിൽ ശനിയാഴ്ച നടക്കാനിരുന്ന ലൈബീരിയയ്‌ക്കെതിരായ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം, ഭക്ഷണസാധനങ്ങൾ, ടെന്റുകൾ, പുതപ്പുകൾ എന്നിവ നൽകാൻ മൊറോക്കൻ സായുധ സേന റെസ്ക്യൂ ടീമുകളെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലോകമെമ്പാടും നിന്ന് സഹായ വാഗ്ദാനങ്ങൾ പ്രവഹിക്കുന്നുണ്ടെങ്കിലും, മൊറോക്കൻ സർക്കാർ ഔദ്യോഗികമായി സഹായം ആവശ്യപ്പെട്ടിട്ടില്ല. ഭൂകമ്പം 18.5 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്, സാധാരണയായി അതേ തീവ്രതയുള്ള ഭൂചലനങ്ങളേക്കാൾ കൂടുതൽ വിനാശകരമാണ്. 1960-ൽ മൊറോക്കോയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിന് ശേഷം നാശം വിതച്ച വലിയ ഭൂകമ്പമാണിത്. അന്ന് 12,000 ത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു.

Earthquake, Morocco, Tragedy, Obituary, Death, World, Marrakesh, Al-Haouz, Taroudant, Morocco earthquake death toll crosses 2000, rescuers search for survivors.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia