Challenge | മൊറേൻ സോൾനിയർ റാലി: പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന അതിസാഹസിക വിമാനം പറത്തൽ മത്സരം; വിശദമായി അറിയാം
ADVERTISEMENT
● ന്യൂസീലൻഡിലാണ് ഈ മത്സരം നടക്കുന്നത്.
● മൊറേൻ സോൾനിയർ റാലി 1963 മുതൽ നടക്കുന്നു.
● 2500 അടി ഉയരത്തിൽ നിന്ന് എഞ്ചിൻ ഓഫാക്കി വിമാനം ലാൻഡ് ചെയ്യണം.
റോക്കി എറണാകുളം
(KVARTHA) മറ്റേത് വാഹനത്തേക്കാളും നമുക്ക് വാർത്ത കേൾക്കാൻ ഇഷ്ടപ്പെടുന്നത് അധികവും വിമാനത്തെക്കുറിച്ചും ഹെലികോപ്ടറുകളെക്കുറിച്ചുമുള്ള വാർത്തകളാകാം. നമ്മുടെ വീടിന് മുകളിലൂടെ ഒരു വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ ആ വിമാനം സൂക്ഷ്മമായി വീക്ഷിക്കാത്തവർ വളരെ കുറവ്. അത്രയുണ്ട് നമുക്ക് വിമാനങ്ങളോടുള്ള ഇഷ്ടം. പുതിയ വിമാനത്താവളം ആരംഭിക്കുന്നുവെന്ന് കേട്ടാൽ അല്ലെങ്കിൽ പുതിയ വിമാന സംവിധാനം ഇവിടെ ഇറങ്ങിയെന്ന് കേട്ടാൽ മലയാളികളുടെ ഇടയിൽ അതിന് വളരെയേറെ വാർത്താ പ്രാധാന്യമുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ ജല വിമാനം പരീക്ഷണാർത്ഥം പറന്നു എന്നത് നമുക്ക് വലിയൊരു ആവേശമാണ് ഉണ്ടാക്കിയത്. എന്നാൽ ഇതൊക്കെ പുറമേ നിന്നുള്ള കാഴ്ചകളാണ്. വിമാനവുമായി ബന്ധപ്പെട്ട് അകത്തുള്ള ധാരാളം വിശേഷങ്ങൾ അറിയാൻ ഉണ്ട്. പലപ്പോഴും അതിനെക്കുറിച്ചുള്ള അറിവുകൾ പരിമിതങ്ങൾ ആയിരിക്കും. അത്തരം കാര്യങ്ങളിലേയ്ക്ക് ശ്രദ്ധതിരിപ്പിക്കുകയാണ് ഇവിടെ. വിമാനവുമായി ബന്ധപ്പെട്ട് പൈലറ്റുമാരുടെ ഇടയിൽ നടക്കുന്ന ഒരു പ്രധാന മത്സരമാണ് 'മൊറേന്‍ സോൾനിയർ റാലി ട്രോഫി മത്സരം'.
പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ ഒന്നാണ് മൊറേന്‍ സോൾനിയർ റാലി ട്രോഫി മത്സരം. അതിനെപ്പറ്റി അറിയാവുന്നവർ നമ്മുടെ ഇടയിൽ കുറവ് ആയിരിക്കും. എന്നാൽ അങ്ങനെയൊരു മത്സരം ഉണ്ട്. 'മൊറേന്‍ സോൾനിയർ റാലി ട്രോഫി മത്സരത്തെ കുറിച്ച് വിശദമായി മനസ്സിലാക്കി തരുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: ‘2500 അടി ഉയരത്തിൽ വച്ച് എഞ്ചിൻ ഓഫാക്കി കൃത്യസ്ഥലത്ത് എയർക്രാഫ്റ്റ് ലാൻഡ് ചെയ്യിക്കുന്ന മത്സര രീതിയാണ് പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ മൊറേന്‍ സോൾനിയർ റാലി ട്രോഫി മത്സരം. റൺവേയിലെ നിശ്ചിത ഗ്രിഡിൽ വിമാനത്തിന്റെ ചക്രങ്ങൾ കൃത്യമായി സ്‌പർശിക്കണമെന്നതും നിബന്ധനയാണ്. 1963 മുതൽ നടക്കുന്ന ഈ മത്സരത്തിൽ കൃത്യത, വൈദഗ്ധ്യം, സമ്മർദ്ദത്തിന് അടിമപ്പെടാതെ പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ എഞ്ചിൻ ഓഫാക്കി വിമാനം ലാൻഡ് ചെയ്യുന്നതിന് ആവശ്യമാണ്. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇത്തരത്തിലുള്ള പ്രായോഗിക കഴിവുകള്‍ ആവശ്യമാണ്.
ന്യൂസീലന്‍ഡിലാണ് വെല്ലുവിളി നിറഞ്ഞ ഈ എയർക്രാഫ്റ്റ് പറത്തൽ മത്സരം നടക്കുന്നത്. വാണിജ്യ പൈലറ്റ് ലൈസൻസിനായി പരിശീ ലനം നേടുന്നതിനുള്ള മികച്ച ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ഇവിടുത്തെ വ്യോമയാന പരിശീലനവും വളരെ മികച്ചതാണ്. ന്യൂസീലന്‍ഡിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും, കാലാവസ്ഥയും വിദ്യാർഥികളെ ആത്മവിശ്വാസമുള്ള പൈലറ്റുമാരായി മാറാൻ സഹായിക്കുന്നു. നമ്മുടെ നാട്ടിൽ ടൂവിലർ, ഫോർവീലർ ലൈസൻസ് ഉള്ളത് പോലെയാണ് ന്യൂസീലൻഡിലുള്ളവർ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്നത്.
മികച്ച രീതിയില്‍ പൈലറ്റ് പരിശീലനം ലഭ്യമാക്കുന്ന ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ന്യൂസീലൻഡിൽ മുപ്പതിൽ ഒരാൾക്ക് വീതം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ഉണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ വീടുകളിലും എയർസ്ട്രിപ്പുകളുണ്ട്’.
ഇതാണ് ആ കുറിപ്പ്. വിമാനത്തിൽ ഇന്ന് സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരുപാട് വിമാനങ്ങളും വിമാന കമ്പനികളും ഇപ്പോൾ സജീവമാണ്. വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് കുറച്ചൊക്കെ ഇതുപോലെയുള്ള അറിവ് ആവശ്യമാണ്. ഈ അറിവ് കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.
#MoraneSaulnierRallye #aviation #pilotchallenge #extremesports #NewZealand #flying
