Miss AI | 'മിസ് എഐ'; സൗന്ദര്യറാണിപ്പട്ടത്തിനായി മത്സരിക്കാന്‍ എഐ സുന്ദരികള്‍ ഒരുക്കത്തില്‍!

 
ന്യൂഡെല്‍ഹി: (KVARTHA) ആര്‍ടിഫിഷല്‍ ഇന്റലിജന്‍സ് (എ ഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വാര്‍ത്താ അവതാരകര്‍ പോലും നമ്മെ അമ്പരപ്പിക്കുന്ന കാലമാണിത്. എങ്കിലിതാ, കൂടുതല്‍ ഞെട്ടാന്‍ തയ്യാറായിക്കോ. നിര്‍മിതബുദ്ധി ജന്മം നല്‍കുന്ന എ ഐ മോഡലുകള്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ്.

വേള്‍ഡ് എ ഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് ആണ് 'മിസ് എ ഐ' മത്സരം സംഘടിക്കുന്നത്. മികച്ച എ ഐ ഇന്‍ഫ്‌ളുവന്‍സറെയും മത്സരത്തില്‍ തിരഞ്ഞെടുക്കും. ലോകത്തെ ആദ്യ എ ഐ സൗന്ദര്യ മത്സരമാണിതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

ഈ മാസം അവസാനമായിരിക്കും മത്സരം നടക്കുന്നത്. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിച്ച് തുടങ്ങി. മേയ് 10നാണ് ഫലപ്രഖ്യാപനം. കിടിലന്‍ സമ്മാന തുകയും വിജയികള്‍ക്കായി കാത്തുവച്ചിട്ടുണ്ട്. വിജയിക്ക് 5000 യുഎസ് ഡോളര്‍ അഥവാ നാലുലക്ഷം രൂപയാണ് സമ്മാനം. ഈ തുക എ ഐ മോഡലിനെ നിര്‍മിച്ച വ്യക്തിക്ക് കംപനി കൈമാറും.

സൗന്ദര്യം, സൃഷ്ടിക്കു പിന്നിലെ സാങ്കേതിക മികവ്, സമൂഹമാധ്യമങ്ങളിലെ ജനപ്രിയത, ആരാധകരുമായുള്ള ഇടപെടല്‍ എല്ലാം തന്നെ മിസ് എ ഐ മത്സരത്തില്‍ വിലയിരുത്തപ്പെടും. ഇതിനുപുറമെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്സുള്ളതും ആരാധകര്‍ കൂടുതലുള്ളതുമായ എഐയെയായിരിക്കും മികച്ച എ ഐ ഇന്‍ഫ്ളുവന്‍സറായി തിരഞ്ഞെടുക്കുക.

Miss AI | 'മിസ് എഐ'; സൗന്ദര്യറാണിപ്പട്ടത്തിനായി മത്സരിക്കാന്‍ എഐ സുന്ദരികള്‍ ഒരുക്കത്തില്‍!

സ്പാനിഷ് ഫിറ്റ്നെസ് ഫ്രീകായ 'ഐറ്റാന ലോപസ്' 2023 ജൂണിലാണ് ഇന്‍സ്റ്റഗ്രാമിലെത്തിയത്. വിക്ടോറിയ സീക്രട് അന്‍ഡര്‍ ഗാര്‍മെന്റ്സുകളുടെ മോഡലായി പ്രവര്‍ത്തിക്കുന്ന ഒരു എ ഐ ജനറേറ്റഡ് മോഡലാണ് ഐറ്റാന ലോപസ്. അതിവേഗമാണ് മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സിനെ അവര്‍ക്ക് ഇവിടെ ലഭിച്ചത്. പ്രതിമാസം നാലു ലക്ഷത്തിലധികം രൂപയാണ് ഈ പേജ് ഇന്ന് നേടുന്നത്.

നിര്‍മിതബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച സാങ്കല്‍പിക സുന്ദരിയാണ് ലോപസ്. ക്ലൂലെസ് എന്ന മോഡല്‍ ഏജന്‍സിയ്ക്കായി റോബിന്‍ ക്രൂസ് എന്ന പരസ്യ ഏജന്‍സി ഉടമയാണ് ഈ വിര്‍ച്വല്‍ മോഡലിനെ സൃഷ്ടിച്ചത്. ഗെയിമറും ഫിറ്റ്നെസ് പ്രിയയുമാണ് താനെന്നാണ് ഇന്‍സ്റ്റ പേജില്‍ ഐറ്റാന സ്വയം വിശേഷിപ്പിക്കുന്നത്.

എ ഐ സൗന്ദര്യറാണികളെ കണ്ടെത്താനായി വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് നടത്തുന്ന മിസ് എ ഐ മത്സരത്തിന്റെ നാലംഗ ജൂറിയിലെ രണ്ട് എ ഐ ജൂറിയംഗങ്ങളിലൊരാള്‍ കൂടിയാണ് ഐറ്റാന ലോപസ്. എ ഐ മോഡലായ എമിലി പെലിഗ്രിനിയാണ് മറ്റൊരു ജൂറിയംഗം. ആല്‍ബ റെന, നതാലിയ നോവക്ക്, മില സോഫിയ തുടങ്ങി നിരവധി തകര്‍പന്‍ എ ഐ മോഡലുകളും ഇന്‍ഫല്‍വന്‍സേഴ്സും ഇന്ന് ലോകത്തുണ്ട്. എന്തുതന്നെ ആയാലും മിസ് എ ഐ ആരാകുമെന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ ലോകം.

Keywords: News, World, World-News, Technology-News, Miss AI, World's First, Beauty Contest, AI Models, Beauty Pageant, Artificial Intelligence, Influencers, Technology, Human Creativity, Aitana Lopez, Emily Pellegrini, Miss AI: The World’s First Beauty Pageant for Artificial Intelligence Influencers.

Tags

Share this story

wellfitindia