Reunion | രണ്ട് പതിറ്റാണ്ടിന് ശേഷം മിസ്അബിനെ തേടി ഒരിക്കല്‍ കൂടി സാറയെത്തി; പുതുമണവാളനാകുന്ന നേരത്ത് അമ്മയായി തൊട്ടടുത്തുനില്‍ക്കാന്‍
 

 
Mis Abu, Raised by Sarah Reunites After 21 Years with her as a Groom, Filled with Childhood Memories, Riyadh, News, Marriage, Invited, Family, Meeting, Childhood, Gulf, World


തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സാറ എന്ന യുവതിയെ ആണ് 21 വര്‍ഷത്തിനുശേഷം വിവാഹത്തില്‍ പങ്കെടുക്കാനായി മിസ്അബും കുടുംബവും ക്ഷണിച്ചത്

കുടുംബത്തിന് വേണ്ടി സാറ സഹിച്ച ത്യാഗങ്ങളും തന്റെ മാതാവിനെ രോഗശയ്യയില്‍ പരിചരിച്ചതുമെല്ലാം മിസ് അബ് ഇന്നും ഓര്‍ക്കുന്നു 

റിയാദ്:(KVARTHA) സ്വന്തം അമ്മയെ പോലെ കാണുന്ന ആളെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങില്‍ ക്ഷണിച്ച്  മിസ്അബ് അല്‍ഖതീബ്.  21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടേയും കൂടിക്കാഴ്ച. തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സാറ എന്ന യുവതിയെ ആണ് 21 വര്‍ഷത്തിനുശേഷം വിവാഹത്തില്‍ പങ്കെടുക്കാനായി മിസ്അബും കുടുംബവും ക്ഷണിച്ചത്. 


കുടുംബത്തിനു വേണ്ടി സാറ സഹിച്ച ത്യാഗങ്ങളും തന്റെ മാതാവിനെ രോഗശയ്യയില്‍ പരിചരിച്ചതുമെല്ലാം മിസ്അബ് ഇന്നും ഓര്‍ക്കുന്നു. സാറയുടെ കയ്യില്‍ തൂങ്ങിയാണ് മിസ്അബ്  പിച്ചവെച്ചു നടന്നത്.  പാല്‍മണം മാറാത്ത മിസ്അബിനെ മാറോടടുക്കിപ്പിടിച്ചു വളര്‍ത്തിയതിന്റെ ഓര്‍മകള്‍ സാറയുടെ നെഞ്ചിലുമുണ്ട്. അതുകൊണ്ട് തന്നെയാണ് രണ്ടു പതിറ്റാണ്ടിന് ശേഷം ഇത്രയും ദൂരം താണ്ടി മിസ്അബ് പുതുമണവാളനാകുന്ന നേരത്ത് അമ്മയായി തൊട്ടടുത്തുനില്‍ക്കാന്‍ സാറ എത്തിയത്. ഫിലിപൈന്‍സില്‍ നിന്നുള്ള സാറയെ മിസ്അബിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കുടുംബം ക്ഷണിക്കുകയായിരുന്നു. ഈ അവസരത്തില്‍ ഭര്‍ത്താവിനൊപ്പം ഫ്രാന്‍സിലായിരുന്നു സാറ. സാറയുടെ കൈ പിടിച്ച് വളര്‍ന്നതായിരുന്നു മിസ്അബ് അല്‍ഖതീബിന്റെ കുട്ടിക്കാലം. പതിനാറു വര്‍ഷത്തോളം റിയാദില്‍ മിസ്അബിന്റെ വീട്ടില്‍ സാറ ജോലി ചെയ്തിരുന്നു. പിന്നീട് മിസ്അബിന് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് സാറ ജോലി മതിയാക്കി തിരിച്ചുപോയത്. 


അതിനുശേഷം ഒരു അമേരികന്‍ പൗരനെ വിവാഹം കഴിക്കുകയും ലോക രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയുമായിരുന്നു. ഈ യാത്രയ്ക്കിടെയാണ് ഫ്രാന്‍സില്‍ വച്ച് മിസ്അബിന്റെ വിവാഹ കാര്യം സാറ അറിയുന്നത്. മിസ്അബിന്റെ കുടുംബം ഫോണില്‍ വിളിച്ച് വിവാഹ കാര്യം അറിയിച്ചപ്പോള്‍ തന്റെ കൂടി മകനായ മിസ്അബിന്റെ സന്തോഷത്തില്‍ പങ്കെടുക്കാന്‍ തീര്‍ചയായും എത്തുമെന്ന് സാറ കുടുംബത്തിന് ഉറപ്പുനല്‍കുകയും ചെയ്തു.


റിയാദില്‍ വിമാനമിറങ്ങിയ സാറയെ പൂക്കള്‍ സമ്മാനിച്ചാണ് കുടുംബാംഗങ്ങള്‍ സ്വീകരിച്ചത്. 21 കൊല്ലം മുമ്പുള്ള അതേ ഊഷ്മളത തന്നെയായിരുന്നു ഇന്നും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മിസ്അബിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏറെ ദൂരം താണ്ടി സാറ എത്തിയതില്‍ കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്ന് സാറയുടെ പഴയ സ്പോണ്‍സര്‍ നൂറ ബിന്‍ത് സ്വാലിഹ് അല്‍അരീഫി പറഞ്ഞു. തങ്ങളുടെ കുടുംബത്തിനു വേണ്ടി സാറ സഹിച്ച ത്യാഗങ്ങളും തന്റെ മാതാവിനെ രോഗശയ്യയില്‍ പരിചരിച്ചതുമെല്ലാം കുടുംബം ഇന്നും ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മിസ്അബിന്റെ വിവാഹത്തില്‍ പങ്കെടുത്തും ഏറെ നേരം റിയാദില്‍ ചെലവിട്ടുമാണ് സാറ മടങ്ങിയത്. ഓര്‍മയുടെ ഓരോ കുഞ്ഞു പൂവിലും സാറയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങിക്കിടക്കുന്ന മിസ്അബ് അപ്പോഴുമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia