Midnight Closure | കുവൈതില്‍ കച്ചവട സ്ഥാപനങ്ങള്‍ അര്‍ധരാത്രിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്
Sep 19, 2022, 12:21 IST
കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ വ്യാപാര സ്ഥാപനങ്ങള്‍ അര്‍ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. കുവൈത് മുന്‍സിപാലിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിര്‍ദേശം ഇറക്കിയത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. അതേസമയം, ഫാര്‍മസികള്‍ക്കും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അര്‍ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുമതി.
കോ-ഓപറേറ്റീവുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മാര്‍കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും മാത്രമാണ് ഇളവുകളുള്ളത്. മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധനയില്‍ ഇളവ് വേണമെങ്കില്‍ അതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു.
റെസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകള്‍ക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇതുപ്രകാരം നിയന്ത്രണമുണ്ട്. കോ-ഓപറേറ്റീവ് സൊസൈറ്റികള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട് സ്റ്റോപുകള്‍, കൊമേഴ്‌സ്യല്‍ ബ്ലോകുകള്‍ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളും അര്‍ധരാത്രി അടയ്ക്കണം.
രാജ്യത്തെ താമസ മേഖലകളിലെ ശാന്തതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം കൊണ്ടു വന്നിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ജരീദ ദിനപത്രം റിപോര്‍ട് ചെയ്തു. സ്റ്റോറുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റസ്റ്റോറന്റുകള്‍, കോഫി ഷോപുകള്‍ എന്നിവയ്‌ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്.
താമസ മേഖലകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് പുറമെ തെറ്റായ പ്രവണതകളില്‍ നിന്ന് യുവതലമുറയെ തടയാന്‍ കൂടിയാണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും മുനിസിപാലിറ്റി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.