Protests | ബന്ദികളുടെ മരണം: ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെതിരെ ഇസ്രാഈലിൽ വമ്പൻ പ്രതിഷേധം; ആളുകൾ തെരുവിലിറങ്ങി; തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക്
ബന്ദികളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിൻ്റെ സർക്കാർ ഹമാസുമായി ധാരണയിലെത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ടെൽ അവീവ്: (KVARTHA) ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെതിരെ ഇസ്രാഈലിൽ വമ്പൻ പ്രതിഷേധം അലയടിക്കുന്നു. ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങി. ഗസ്സയിൽ ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ പ്രകടനങ്ങൾ ആരംഭിച്ചത്. ബന്ദികളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിൻ്റെ സർക്കാർ ഹമാസുമായി ധാരണയിലെത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഞായറാഴ്ച സമാധാനപരമായാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ ജനക്കൂട്ടം പിന്നീട് പൊലീസ് ബാരിക്കേഡുകൾ തകർക്കുകയും ടെൽ അവീവിലെ പ്രധാന റോഡുകൾ തടയുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ഇസ്രാഈൽ ട്രേഡ് യൂണിയൻ തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി സർക്കാർ എത്രയും വേഗം ധാരണയിലെത്തണമെന്നാണ് ഇവരുടെ ആവശ്യം.
ടെൽ അവീവിലും ജറുസലേമിലും അടക്കം പല നഗരങ്ങളിലും ഇസ്രാഈൽ പതാകയുമായാണ് പ്രതിഷേധക്കാർ എത്തിയത്. ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി കരാറിലെത്താൻ പ്രധാനമന്ത്രി നെതന്യാഹുവും അദ്ദേഹത്തിൻ്റെ സർക്കാരും ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ ആരോപിച്ചു.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം 200 ലേറെ പേരെ ഹമാസ് ബന്ദികളാക്കി ഗസ്സയിലേക്ക് കൊണ്ടുപോയിരുന്നു. ഇവരിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രാഈൽ പ്രതിരോധ സേനയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. റഫയിലെ തുരങ്കത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്.
അതേസമയം ഗസ്സയിൽ ഇസ്രാഈൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസ്സയിൽ ഇതുവരെ ഇസ്‌റാഈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
#IsraelProtests, #Netanyahu, #GazaConflict, #HostageCrisis, #MiddleEast, #PublicOutrage