Arrested | പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണത്തില്‍ മാലദ്വീപ് പരിസ്ഥിതി മന്ത്രി അറസ്റ്റില്‍


'രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി'
സംഭവത്തില്‍ ഔദ്യോഗികമായ റിപോര്‍ട് സര്‍കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല
മാലെ: (KVARTHA) പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണത്തില്‍ മാലദ്വീപ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ വകുപ്പു സഹമന്ത്രി ഫാത്വിമത് ശംനാസ് അലി സലീം അറസ്റ്റിലായതായി റിപോര്‍ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ശംനാസിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി.
ജൂണ്‍ 23നാണ് മന്ത്രിയേയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുവെന്നുമാണ് റിപോര്‍ടില്‍ പറയുന്നത്. ശംനാസിന്റെ സഹോദരനും മന്ത്രവാദിയുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേരെന്നും പ്രസിഡന്റുമായി കൂടുതല്‍ അടുപ്പത്തിലാകാനാണ് ശംനാസ് ദുര്‍മന്ത്രവാദം നടത്തിയതെന്നും രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയെന്നും റിപോര്‍ടില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായ റിപോര്‍ട് സര്‍കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രസിഡന്റ് ഓഫിസിലെ മന്ത്രിയായ ആദം റമീസിന്റെ മുന്‍ഭാര്യയായ ശംനാസ്, പ്രസിഡന്റ് മുയിസു മാലെ നഗരസഭാ മേയറായിരുന്ന കാലത്ത് സിറ്റി കൗണ്‍സില്‍ മെമ്പറായിരുന്നു. കഴിഞ്ഞ വര്‍ഷം മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ശംനാസ് കൗണ്‍സിലില്‍നിന്നു രാജിവച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മുളിയാഗെയില്‍ സഹമന്ത്രിയായി നിയമിതയായി. പിന്നീട് പരിസ്ഥിതി മന്ത്രാലയത്തിലേക്ക് നിയമനം നേടുകയായിരുന്നു.
കാലാവസ്ഥാ പ്രതിസന്ധി നിലനില്‍ക്കുന്ന രാജ്യത്ത് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ മന്ത്രിയായിരിക്കെ നിര്‍ണായകസ്ഥാനം വഹിച്ച മന്ത്രിയാണ് ശംനാസ്. സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഈ നൂറ്റാണ്ടോടെ രാജ്യം വാസയോഗ്യമല്ലാതാക്കും എന്ന് യുഎന്‍ പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ അഭാവം നിര്‍ണായകമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായ മാലദ്വീപില്‍ ദുര്‍മന്ത്രവാദം ശിക്ഷാനിയമപ്രകാരം ക്രിമിനല്‍ കുറ്റമല്ല. പക്ഷേ, ഇസ്ലാമിക നിയമപ്രകാരം ആറു മാസത്തെ ജയില്‍ ശിക്ഷവരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.