Conflict | ലെബനൻ അടുത്ത ഗസ്സയാകുമെന്ന് യുഎൻ മുന്നറിയിപ്പ്; ഇസ്രാഈൽ കൂട്ടക്കുരുതിയിൽ മരണം 492 ആയി
● 1645 പേർക്ക് പരിക്കേറ്റിട്ടുണ്ട്,
● ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നത്
● 1300 ഹിസ്ബുല്ലാ കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് ഇസ്രാഈൽ പറയുന്നു.
● ഹിസ്ബുല്ല 200-ലധികം റോക്കറ്റുകൾ ഇസ്രാഈലിലേക്ക് തൊടുത്തുവിട്ടു
ബെയ്‌റൂട്ട്: (KVARTHA) തെക്കൻ ലെബനനിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 35 കുട്ടികളും 58 സ്ത്രീകളുമുണ്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ 1645 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുല്ലയുടെ 1300 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രാഈൽ സൈന്യം പറഞ്ഞു.
ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രാഈൽ ആക്രമണം നടത്തുന്നത്. അക്രമണങ്ങളെ തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നത്. അതേസമയം, ഹിസ്ബുല്ല വടക്കൻ ഇസ്രാഈലിലേക്ക് 200 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രാഈൽ സൈന്യം അറിയിച്ചു. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഒക്‌ടോബറിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ലെബനനിലെ ഏറ്റവും മാരകമായ ദിവസമായാണ് തിങ്കളാഴ്ച അടയാളപ്പെട്ടത്. തെക്ക്, കിഴക്ക് ബെക്കാ താഴ്‌വര എന്നിവിടങ്ങളിൽ ഉൾപ്പെടെ വിപുലവും കൃത്യവുമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ഇസ്രാഈൽ സൈന്യം പറയുന്നു.
ഇസ്രാഈലും ലെബനനിലെ ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള ഈ സംഘർഷം കണക്കിലെടുത്ത്, പല രാജ്യങ്ങളും സംയമനം പാലിക്കാൻ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം വലിയ യുദ്ധമായി മാറുമോയെന്ന ആശങ്കയിലാണ് ലോകമെമ്പാടുമുള്ള നേതാക്കൾ. ലെബനൻ മറ്റൊരു ഗസ്സയായി മാറാൻ ആഗ്രഹിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.
#Lebanon #Israel #Conflict #Hezbollah #Casualties #UN