'അധികാരം പോയിട്ട് ഭ്രാന്ത് പിടിച്ച ഇമ്രാനോട് ആരെങ്കിലും പറയണം, അയാളെ പുറത്താക്കിയത് സ്വന്തം പാര്‍ടിയാണെന്ന്'; ഇന്‍ഡ്യയെ വല്ലാതെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അങ്ങോട്ട് പോകൂ: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്
Apr 9, 2022, 20:48 IST
ഇസ്ലാമാബാദ്: (www.kvartha.com 09.04.2022) ഇന്‍ഡ്യയെ പുകഴ്ത്തി സംസാരിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് മറിയം നവാസ്. 'ഇന്‍ഡ്യയെ അത്രയേറെ ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ പാകിസ്താനില്‍ നിന്ന് പോകൂ' എന്നാണ് മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ മകളും പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (PMLN- N) വൈസ് പ്രസിഡന്റുമായ മറിയത്തിന്റെ പരിഹാസം. ഇന്‍ഡ്യയെ മഹത്തായ ഒരു രാഷ്ട്രമെന്ന് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചതിന് പിന്നാലെയാണിത്.
ഇമ്രാന്‍ ഖാന്‍ ഭ്രാന്തനാണെന്ന് മറിയം പ്രതികരിച്ചു. അധികാരം പോയിട്ട് ഭ്രാന്ത് പിടിച്ച ഒരാളോട് ആരെങ്കിലും പറയണം, അയാളെ പുറത്താക്കിയത് സ്വന്തം പാര്‍ടിയാണ്, മറ്റാരുമല്ല. 'ഇന്‍ഡ്യയെ നിങ്ങള്‍ക്ക് അത്രയധികം ഇഷ്ടമാണെങ്കില്‍ അങ്ങോട്ടേക്ക് പോകൂ, പാകിസ്താനിലെ ജീവിതം ഉപേക്ഷിക്കുക,' മറിയം പറഞ്ഞു.
അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഖാന്‍, എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാനുള്ള സാധ്യത കുറവാണെന്നും, താന്‍ ഇന്‍ഡ്യക്കെതിരല്ലെന്നും അയല്‍രാജ്യത്ത് തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്നും പറഞ്ഞിരുന്നു.
ഇന്‍ഡ്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ ഒരു അധികാര ശക്തിക്കും ആവില്ല. ഉപരോധം വകവയ്ക്കാതെ ഇന്‍ഡ്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു. ഇന്‍ഡ്യയോട് ആജ്ഞാപിക്കാന്‍ ആര്‍ക്കും കഴിയില്ല. യൂറോപ്യന്‍ യൂനിയന്‍ അംബാസഡര്‍മാര്‍ ഇവിടെ പാകിസ്താനോട് എന്താണ് പറഞ്ഞത്, അവര്‍ക്ക് അത് ഇന്‍ഡ്യയോടും പറയാമോ? ഇന്‍ഡ്യ ഒരു പരമാധികാര രാഷ്ട്രമായതിനാല്‍ അവര്‍ക്ക് കഴിയില്ലെന്നും ഇമ്രാന്‍ ചൂണ്ടിക്കാണിച്ചു.
ഇത് ആദ്യമായല്ല പ്രധാനമന്ത്രി ഖാന്‍ പ്രതിപക്ഷ പാര്‍ടികളെ അമ്പരപ്പിച്ചുകൊണ്ട് ഇന്‍ഡ്യയെ പുകഴ്ത്തുന്നത്. കഴിഞ്ഞ ആഴ്ച ഇന്‍ഡ്യയുടെ സ്വതന്ത്ര വിദേശനയത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. 'ഇന്‍ഡ്യയുടെ സ്വതന്ത്ര വിദേശനയം അവര്‍ അടിയറവയ്ക്കുന്നില്ല, അത് ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്,' എന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ റഷ്യയ്ക്കൊപ്പം നിന്നത് അമേരികയെ ചൊടിപ്പിച്ചിരുന്നു. അതിനും മുമ്പ് സൈനിക മേധാവികളുമായി ഇമ്രാന്‍ ഖാന്‍ ഇടഞ്ഞിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവനെ സൈന്യം നിയമിക്കുന്ന പതിവ് രീതിക്ക് ഇമ്രാന്‍ തടയിട്ടതാണ് സൈനിക മേധാവിയെ അടക്കം ചൊടിപ്പിച്ചത്. അതോടെ പട്ടാളം അദ്ദേഹത്തെ താഴെയിറക്കാനുള്ള കളികള്‍ തുടങ്ങുകയായിരുന്നു.
Keywords: Leave Pakistan, if you like India so much: Opp leader to PM Imran Khan, Islamabad, News, Imran Khan, Politics, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.