Ex-Prime Minister Shot | തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ജപാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; നില അതീവഗുരുതരമെന്ന് റിപോര്‍ട്

 



ടോകിയോ: (www.kvartha.com) കിഴക്കന്‍ ജപാനിലെ നാരാ നഗരത്തില്‍ വച്ച് ജപാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്. പിന്നില്‍നിന്ന് വെടിയേറ്റ ആബെയുടെ നില അതീവഗുരുതരമാണെന്നാണ് റിപോര്‍ട്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ടുകളുണ്ട്. തുടര്‍ച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എന്‍എച്കെ (Nippon Hoso Kyokai -Japan Broadcasting Corporation) റിപോര്‍ട് ചെയ്തു. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ടിയുടെ (എല്‍ഡിപി) സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെടിയേറ്റത്.

സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 42 കാരനായ ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് ജപാന്റെ ഔദ്യോഗിക മാധ്യമമായ ജപാന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനെ ഉദ്ധരിച്ച് റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.

2006ലാണ് ആബെ ആദ്യമായി ജപാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വര്‍ഷം അതു തുടര്‍ന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടര്‍ന്നു. ഈ സമയങ്ങളിലെല്ലാം എല്‍ഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ല്‍ പ്രതിപക്ഷ നേതാവായും 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രടറിയായും പ്രവര്‍ത്തിച്ചു. 

ഏറ്റവും കൂടുതല്‍ കാലം ജപാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സൃഹൃത്താണ് ആബെ.

Ex-Prime Minister Shot | തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ജപാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; നില അതീവഗുരുതരമെന്ന് റിപോര്‍ട്


ജപാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്സിലേക്ക് ആദ്യമായി 1993ലാണ് ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് നിര്‍ണായക സ്ഥാനത്തെത്തുന്നത് 2005ല്‍ ചീഫ് കാബിനറ്റ് സെക്രടറിയായതോടെയാണ്. തൊട്ടടുത്ത വര്‍ഷം ഡിസംബറില്‍ എല്‍ഡിപി പ്രസിഡന്റും ജപാന്റെ പ്രധാനമന്ത്രിയുമായി. ഒരു വര്‍ഷത്തിനിപ്പുറം ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

2012ല്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എല്‍ഡിപിയിലെ ഷിഗേരു ഇഷിബയെ തോല്‍പിച്ച് വീണ്ടും പാര്‍ടി അധ്യക്ഷനായി. തൊട്ടടുത്ത വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് എല്‍ഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം തുടര്‍ന്നതാണ് ജപാനില്‍ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരിക്കാന്‍ ആബെയെ സഹായിച്ചത്. 2020 ഓഗസ്റ്റില്‍ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവയ്‌ക്കേണ്ടി വന്നു. 

Keywords:  News,World,international,Tokyo,Japan,Prime Minister,Ex minister,Shot,Health,Top-Headlines,Narendra Modi, Japan ex-prime minister Shinzo Abe taken to hospital after apparent shooting - NHK
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia