Conflict | ലെബനനിൽ കരയുദ്ധത്തിനൊരുങ്ങി ഇസ്‌റാഈൽ; അടിയും തിരിച്ചടിയുമായി പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷം
● ഹിസ്ബുല്ല ഇസ്രാഈലിനെതിരെ മിസൈലുകൾ തൊടുത്തു.
● ലെബനനിൽ 550-ലധികം പേർ കൊല്ലപ്പെട്ടു.
● അമേരിക്കയും ഫ്രാൻസും 21 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ടു.
ബെയ്‌റൂട്ട്: (KVARTHA) ലെബനനിൽ ഇതുവരെ 550-ലധികം ആളുകൾ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിനൊരുങ്ങി ഇസ്‌റാഈൽ. സൈനിക മേധാവി ഹെര്‍സി ഹാലേവിയാണ് പ്രഖ്യാപനം നടത്തിയത്. ഇസ്‌റാഈൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തതിനെ പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹിസ്ബുല്ലയുടെ ഇൻ്റലിജൻസ്, ലോഞ്ചറുകൾ, ആയുധങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈൽ പറയുന്നു. ബുധനാഴ്ച, ഹിസ്ബുല്ല ഇസ്രാഈൽ തലസ്ഥാനമായ ടെൽ അവീവിനെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഹിസ്ബുല്ലയുടെ ഏറ്റവും ആഴത്തിലുള്ള ആക്രമണമാണിത്.
ഇസ്രാഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ടെൽ അവീവിലാണ് ഈ മിസൈൽ പതിച്ചത്. ആദ്യമായാണ് ഹിസ്ബുല്ല ജനവാസമേഖലയിൽ ആക്രമണം നടത്തുന്നത്. എന്നിരുന്നാലും, ഇസ്രാഈൽ വ്യോമസേന ഈ മിസൈൽ തടഞ്ഞു, ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി തെക്കൻ ലെബനനിൽ ഇസ്രാഈൽ വ്യോമാക്രമണം നടത്തുകയാണ്. ഹിസ്ബുല്ലയും തിരിച്ചടിക്കുന്നുണ്ട്. അതേസമയം സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. ലബനാനിൽ 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന് അമേരിക്കയും ഫ്രാൻസും സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. ഗസ്സയിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
#Israel #Lebanon #Hezbollah #MiddleEast #conflict #war