Killed | ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രാഈൽ
● ലെബനനിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നു.
● ഹിസ്ബുല്ല ലെബനനിലെ ശക്തമായ സംഘടനയാണ്.
● ഇസ്രാഈലും ഹിസ്ബുല്ലയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നു.
ടെൽ അവീവ്: (KVARTHA) ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രാഈൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. 'ഹസൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല', ഐഡിഎഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ഹസൻ നസ്‌റല്ല മരിച്ചതായി ഇസ്രാഈൽ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു .
'ഇസ്രാഈൽ പ്രതിരോധ സേന ഇന്നലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയും ഹിസ്ബുല്ലയുടെ സ്ഥാപക അംഗവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ സതേൺ ഫ്രണ്ട് കമാൻഡർ അലി കർക്കിയും മറ്റ് നിരവധി കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്', ഇസ്രാഈൽ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
ലെബനനിലെ ഹിസ്ബുല്ല സംഘത്തിന്റെ തലവനായ ഷിയ നേതാവാണ് ഹസൻ നസ്രല്ല. വർഷങ്ങളായി പൊതുരംഗത്ത് ഇദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. ഹസൻ നസ്‌റല്ലയ്ക്ക് ഇറാനുമായി വളരെ അടുത്ത ബന്ധമുണ്ട്. ഹിസ്ബുല്ലയെ രാഷ്ട്രീയ-സൈനിക ശക്തിയാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച നേതാവാണ് ഹസൻ നസറല്ല.
അതേസമയം ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്തിയെന്ന ഇസ്രാഈലിൻ്റെ അവകാശവാദം ഹിസ്ബുല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെ വരെ രാത്രി മുഴുവൻ കനത്ത വ്യോമാക്രമണമാണ് ഇസ്രാഈൽ നടത്തിയത്. മിക്ക വ്യോമാക്രമണങ്ങളിലും ബങ്കർ തകർക്കുന്ന ബോംബുകളാണ് ഇസ്രാഈൽ ഉപയോഗിച്ചതെന്ന് ലെബനൻ സൈന്യത്തിലെ വിദഗ്ധർ പറയുന്നു.
ആറ് കെട്ടിടങ്ങൾ നിലംപൊത്തിയതായി ലെബനനിലെ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിൽ ഉൾപ്പെടെയാണ് ആക്രമണം നടന്നത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായാണ് ദഹിയ കണക്കാക്കപ്പെടുന്നത്. ഇസ്രാഈൽ ആക്രമണങ്ങളിൽ ഞായറാഴ്ച മുതൽ 700-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
#Hezbollah #Israel #Lebanon #MiddleEast #Conflict #HassanNasrallah