യുഎസ്-ഇറാൻ സംഘർഷം: ട്രംപിനെതിരെ നേരിട്ടുള്ള ഭീഷണിയുമായി ഇറാൻ

 
Donald Trump profile picture
Donald Trump profile picture

Photo Credit: Facebook/ Donald J. Trump, X/ Ayatollah Seyyed Ali Khamenei

● ഖമീനിയെ പരിഹസിക്കുന്നവർക്കെതിരായ പ്രതികാരത്തിനായി ഓൺലൈൻ പ്ലാറ്റ്‌ഫോം രൂപീകരിച്ചു.
● ഇതിലൂടെ 40 മില്യൺ ഡോളറിലേറെ ധനസമാഹരണം നടത്തിയതായി റിപ്പോർട്ട്.
● ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതാണ് പ്രകോപനത്തിന് കാരണം.
● ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു.

ടെഹ്‌റാൻ: (KVARTHA) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഇറാൻ്റെ ഗുരുതര ഭീഷണി. ഫ്ലോറിഡയിലെ ട്രംപിന്റെ ആഢംബര വസതിയായ 'മാർ എ ലാഗോ'യിൽ അദ്ദേഹം സുരക്ഷിതനായിരിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

സൂര്യപ്രകാശമേറ്റ് വിശ്രമിക്കുമ്പോൾ ഒരു ചെറിയ ഡ്രോൺ ട്രംപിന്റെ വയറ്റിൽ വന്നിടിച്ചേക്കാമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനി പറഞ്ഞു.

ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിയൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ലാരിജാനി ഈ പ്രസ്താവന നടത്തിയത്. ‘ഇനി 'മാർ എ ലാഗോ'യിൽ സ്വസ്ഥമായി സൂര്യപ്രകാശമേറ്റ് കിടക്കാൻ പറ്റാത്തവിധത്തിലുള്ള ഒരു കാര്യം ട്രംപ് ചെയ്തു. 

സൂര്യന് നേരെ വയറുന്തിക്കിടക്കുമ്പോൾ ഒരു ചെറു ഡ്രോൺ അദ്ദേഹത്തിന്റെ പൊക്കിളിൽ വന്നിടിച്ചേക്കാം. ഇത് വളരെ സിംപിളാണ്,’ ജവാദ് ലാരിജാനി പറഞ്ഞു. ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവും ഇറാനിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളുമാണ് ഇദ്ദേഹം.

ഖമേനിയെ പരിഹസിച്ചവർക്കെതിരെ പ്രതികാരം, $100 മില്യൺ ലക്ഷ്യം

ആയത്തുള്ള അലി ഖമേനിയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെയുള്ള പ്രതികാരമായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പ്ലാറ്റ്ഫോമിലൂടെ പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ ധനസമാഹരണം നടത്തുന്നുണ്ട്. ഇതുവരെയായി 40 ദശലക്ഷം ഡോളറിലധികം (ഏകദേശം 330 കോടി ഇന്ത്യൻ രൂപ) സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ. 

100 ദശലക്ഷം ഡോളർ (ഏകദേശം 830 കോടി ഇന്ത്യൻ രൂപ) ശേഖരിക്കാനാണ് ഈ സംഘം ലക്ഷ്യമിടുന്നത്. ‘അലി ഖമേനിയുടെ ജീവന് ഭീഷണി ഉയർത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുന്ന ഏതൊരാൾക്കും ഞങ്ങൾ ഈ സമ്മാനം നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു,’ എന്നാണ് വെബ്സൈറ്റിലെ സന്ദേശം.

ട്രംപിനും നെതന്യാഹുവിനും എതിരെ ഫത്‌വ

കഴിഞ്ഞ ദിവസം ഇറാനിലെ ഷിയാ പുരോഹിതർ ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഫത്‌വ (മതവിധി) പുറപ്പെടുവിച്ചിരുന്നു. ‘ദൈവത്തിന്റെ ശത്രുക്കൾ’ എന്നാണ് ട്രംപിനെയും നെതന്യാഹുവിനെയും വിശേഷിപ്പിച്ചത്. ഇവർക്കെതിരെ ആഗോളതലത്തിൽ മുസ്ലീങ്ങൾ നടപടിയെടുക്കണമെന്ന് ഫത്‌വയിൽ ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക-ഇറാൻ സംഘർഷം: ആണവകേന്ദ്രങ്ങൾ ലക്ഷ്യം, വ്യോമതാവളത്തിൽ മിസൈലാക്രമണം

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. 

ഇതിനെ തുടർന്ന് ഇറാൻ അമേരിക്കക്കെതിരെ തിരിയുകയും ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈലാക്രമണം നടത്തുകയും ചെയ്തു. ഈ സംഭവങ്ങൾക്ക് പിന്നാലെ വെടിനിർത്തലിനായി അമേരിക്ക ഇടപെടുകയും 12 ദിവസം നീണ്ട സംഘർഷത്തിന് അയവ് വരുകയുമായിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.

Article Summary: Iran threatens President Donald Trump with drone attack.

#Iran #DonaldTrump #DroneAttack #MiddleEast #Geopolitics #USIranRelations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia