Missile Strikes | ഇറാഖിലും സിറിയയിലും പാകിസ്‌താനിലും ഇറാന്റെ മിസൈൽ ആക്രമണം; ഒരേസമയം 3 രാജ്യങ്ങളിൽ സൈനിക നടപടി; എന്താണ് ലക്ഷ്യം? കൊല്ലപ്പെട്ടവരിൽ ഈ വമ്പൻ ശതകോടീശ്വരനും

 


ടെഹ്‌റാൻ: (KVARTHA) ഇസ്രാഈൽ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാൻ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ദാഇശിന്റെ വടക്കൻ സിറിയയിലെ താവളങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെ ഇപ്പോൾ പാകിസ്താനിലും ആക്രമണം നടത്തിയിരിക്കുകയാണ് ഇറാൻ.

Missile Strikes | ഇറാഖിലും സിറിയയിലും പാകിസ്‌താനിലും ഇറാന്റെ മിസൈൽ ആക്രമണം; ഒരേസമയം 3 രാജ്യങ്ങളിൽ സൈനിക നടപടി; എന്താണ് ലക്ഷ്യം? കൊല്ലപ്പെട്ടവരിൽ ഈ വമ്പൻ ശതകോടീശ്വരനും

ഐആർജിസിയുടെ ശക്തി

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അഥവാ ഐആർജിസി സമീപ വർഷങ്ങളിൽ പ്രാദേശിക ശക്തികൾക്കിടയിൽ സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങളും ടെൽ അവീവിലെയും ഹാൽഫിയയിലെയും ഇസ്രാഈൽ താവളങ്ങളും തങ്ങളുടെ മിസൈലുകളുടെ പരിധിയിലാണെന്ന് ഐആർജിസി തുറന്നു പറയുന്നു.

ഇറാഖിന്റെ അർദ്ധ സ്വയംഭരണാധികാരമുള്ള കുർദിസ്ഥാന്റെ തലസ്ഥാനമായ ഇർബിലിൽ തിങ്കളാഴ്ച രാത്രി ഇറാന്റെ റെവല്യൂഷണറി ഗാർഡ് 11 ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് നാല് സിവിലിയന്മാരെങ്കിലും മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് കുർദിസ്ഥാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ആക്രമണങ്ങൾ കുർദിഷ് ജനതയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് കുർദിസ്ഥാൻ മേഖലാ പ്രധാനമന്ത്രി മസ്‌റൂർ ബർസാനി പറഞ്ഞു. കൂടാതെ ഇസ്രാഈൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ മൂന്ന് താവളങ്ങൾ തകർന്നതായും ഐആർജിസിയോട് അടുത്ത ഫാർസ് ന്യൂസ് ഏജൻസി അവകാശപ്പെട്ടു.

ഒരേസമയം മൂന്ന് രാജ്യങ്ങൾക്ക് നേരെ ആക്രമണം

പ്രശസ്ത കുർദിഷ് കോടീശ്വരനായ വ്യവസായി പെഷ്‌റാവ് ദിസായിയെയാണ് അദ്ദേഹത്തിന്റെ വസതിക്ക് നേരെ നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഐആർജിസി കൊലപ്പെടുത്തിയത്. 2003-ൽ ഇറാഖിനെതിരായ അമേരിക്കൻ ആക്രമണത്തിന് ശേഷം, ഫാൽക്കൺ ഗ്രൂപ്പ്, എംപയർ വേൾഡ് എന്നീ രണ്ട് കമ്പനികൾ ദിസായി പടുത്തുയർത്തിയിരുന്നു. കുർദിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബർസാനി കുടുംബവുമായി പെഷ്‌റാവ് ദിസായി അടുപ്പത്തിലായിരുന്നുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു.

പെഷ്‌റാവു ദിസായിയുടെ വീടിന് നേരെ നാല് മിസൈലുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ ദിസായിയുടെ 11 മാസം പ്രായമുള്ള മകളും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷ, നിർമാണം, എണ്ണ, വാതക മേഖലകളിൽ ഫാൽക്കൺ ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു. ഇറാഖിൽ, ഫാൽക്കൺ ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗം അമേരിക്കൻ, നിരവധി പാശ്ചാത്യ പ്രതിനിധികളുള്ള കമ്പനികളെ സഹായിക്കുന്നു.

എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളങ്ങളും തങ്ങൾക്ക് ലക്ഷ്യം വയ്ക്കാൻ കഴിയുമെന്ന സന്ദേശമാണ് ഈ ആക്രമണങ്ങളിലൂടെ ഇറാൻ നൽകിയതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എർബിൽ വിമാനത്താവളത്തിൽ നിന്ന് ഏതാനും മൈൽ അകലെയാണ് അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളം.

എന്തുകൊണ്ടാണ് ഇറാഖിൽ ആക്രമണം നടത്തുന്നത്?

നിലവിൽ 2500 അമേരിക്കൻ സൈനികരാണ് ഇറാഖിലുള്ളത്. ഈ സൈനികരിൽ ചിലർ എർബിലിലും ഉണ്ട്. ദാഇശിന്റെ പുനരുജ്ജീവനം തടയാൻ പ്രാദേശിക ജനങ്ങളെ സഹായിക്കാൻ തങ്ങളുടെ സൈന്യമുണ്ടെന്നും അമേരിക്ക പറയുന്നു. ഒരുകാലത്ത് ഈ മേഖലകളിൽ ദാഇശിന് കാര്യമായ സ്വാധീനമുണ്ടായിരുന്നു.

എന്നിരുന്നാലും, സിറിയയിലെ ഇസ്രാഈൽ ആക്രമണത്തിനുള്ള മറുപടിയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഡിസംബർ 25 ന്, സിറിയൻ തലസ്ഥാനമായ ഡമാസ്കസിന്റെ പ്രാന്തപ്രദേശത്ത് ഒരു മുതിർന്ന ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇസ്രാഈൽ ആക്രമണത്തിലാണ് ഇറാനിയൻ കമാൻഡർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജനുവരി 15ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഐആർജിസി ബാലിസ്റ്റിക് മിസൈൽ ആക്രമണവും നടത്തിയിരുന്നു. ദാഇശിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. 2011-ൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസാദിനെതിരായ പ്രക്ഷോഭത്തെ പിന്തുണച്ച, ഏകദേശം 30 ലക്ഷം സിറിയക്കാർ താമസിക്കുന്ന സ്ഥലമാണ് ഇദ്‌ലിബ്.

ബാഷർ അൽ അസദിനെ ഇറാൻ പിന്തുണയ്ക്കുന്നുണ്ട്. ഇറാൻ ഷിയാ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്, സുന്നി ഭൂരിപക്ഷമായ സിറിയയുടെ ഷിയാ പ്രധാനമന്ത്രിയാണ് ബഷർ അൽ അസദ്. ഇദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാശ്ചാത്യ രാജ്യങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും ഇറാന്റെയും റഷ്യയുടെയും സഹായത്തോടെ അസദ് ഇപ്പോഴും അധികാരത്തിൽ തുടരുന്നു.

ജനുവരി മൂന്നിന് തെക്കൻ ഇറാനിലെ കെർമനിൽ നടന്ന ചാവേർ ആക്രമണത്തിന് മറുപടിയായാണ് ഇദ്‌ലിബിലെ മിസൈൽ ആക്രമണമെന്ന് ഐആർജിസി അറിയിച്ചു. 1450 കിലോമീറ്റർ ദൂരത്തിൽ എത്താൻ കഴിയുന്ന കാസിൽ ബസ്റ്റർ മിസൈലാണ് ഇദ്‌ലിബിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നും തെക്കൻ ഇറാനിലെ ഖുസെസ്ഥാനിൽ നിന്നാണ് മിസൈൽ ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കി.

ഇറാഖിനും സിറിയയ്ക്കും പിന്നാലെ പാകിസ്‌താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീവ്രവാദ സംഘടനയുടെ താവളവും ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചു. ഈ ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്‌താൻ അറിയിച്ചു. ഈ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പാകിസ്‌താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ കരുത്തിനെ കുറിച്ച്‍ ലോകത്തിന് വലിയ സന്ദേശം നൽകാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Keywords: News, World, Iran, Pakistan, Iraq, Syria, Missile Strikes, Missiles, Drones, Attack, IRGC,   Iran launches missile strikes in Pakistan, Iraq, Syria.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia