UK Election | ഋഷി സുനക്കിൻ്റെ പടിയിറക്കവും കെയർ സ്റ്റാർമറുടെ വരവും ഇന്ത്യയെ എങ്ങനെ ബാധിക്കും? നിർണായകം സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാവി 

 

 
india uk fta


ബ്രിട്ടനിൽ വന്ന് സ്ഥിരതാമസമാക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതാണ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിനുള്ള പ്രധാന തടസം

 

ലണ്ടൻ: (KVARTHA) 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി (Conservative Party) ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടിയുടെ (Labour Party) കെയർ സ്റ്റാർമർ (Keir Starmer) യുകെയിൽ അടുത്ത പ്രധാനമന്ത്രിയാകുകയാണ്. സർക്കാർ മാറ്റം ഇന്ത്യ-യുകെ ബന്ധങ്ങളിൽ, പ്രത്യേകിച്ച്  സ്വതന്ത്ര വ്യാപാര കരാറിൽ (FTA) അടക്കം സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. അധികാരമൊഴിയുന്ന പ്രധാനമന്ത്രി ഋഷി സുനക്ക് (Rishi Sunak) ഇന്ത്യൻ വംശജനായതിനാൽ, ഇന്ത്യ-യുകെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നിരുന്നാലും കെയർ സ്റ്റാർമർ ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് സൂചന നൽകിയിട്ടുണ്ട്.

വിവാദമായ കശ്മീർ പ്രമേയം 

ജെറമി കോർബിൻ്റെ നേതൃത്വത്തിൽ ലേബർ പാർട്ടി 2019 ലെ വാർഷിക യോഗത്തിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തിൽ കശ്മീരിൽ മാനുഷിക പ്രതിസന്ധി ഉടലെടുത്തതായി പറയുന്നു.
കശ്മീരിന് സ്വയം നിർണയാവകാശം നൽകണമെന്നും പ്രമേയത്തിൽ ശക്തമായി ഊന്നിപ്പറഞ്ഞു. ഈ നിർദേശത്തെ ഇന്ത്യ എതിർത്തിരുന്നു. കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരസ്പര പ്രശ്നമാണെന്ന് ലേബർ പാർട്ടി നേതാവ് കിയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.

കഴിഞ്ഞ പാർലമെൻ്റിൽ ആറ് ലേബർ പാർട്ടി എംപിമാർ ഇന്ത്യൻ വംശജരായിരുന്നു. ഇത്തവണ ഈ എണ്ണം ഇരട്ടിയായി വർധിക്കും. സമതുലിതവും പ്രായോഗികവുമായ നേതാവാണ് സ്റ്റാർമർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ആദ്ദേഹത്തിനാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ലേബർ പാർട്ടി ഗവൺമെൻ്റിൻ്റെ കാലത്ത് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ കയ്പുണ്ടാക്കാൻ കാരണമായേക്കാവുന്ന നിരവധി പ്രശ്‌നങ്ങൾ ഇപ്പോഴും കിടക്കുന്നുണ്ടെന്ന് ചോണ്ടിക്കാട്ടുന്നവരുമുണ്ട്.

സ്റ്റാർമറുടെ ധർമസങ്കടം

കെയർ സ്റ്റാർമറുടെ സർക്കാരിന് പല വിഭാഗം വോട്ടർമാരെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട് - ഏകദേശം 15 ലക്ഷം ഇന്ത്യൻ വംശജർ ബ്രിട്ടനിൽ താമസിക്കുന്നു. അതേസമയം, ഏകദേശം 12 ലക്ഷം പാകിസ്ഥാൻ വംശജരും ഇവിടെയുണ്ട്. ഇതുകൂടാതെ, ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സംഘടനകൾ ബ്രിട്ടനിലും സജീവമാണ്. കൂടാതെ ലോകത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയവും ഭൗമരാഷ്ട്രീയവുമായ മാറ്റങ്ങൾ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും.

കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ വലിയ ശ്രമങ്ങൾ നടത്തി. ജെറമി കോർബിൻ ലേബർ പാർട്ടിയുടെ നേതാവായിരുന്നപ്പോൾ ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. സ്റ്റാർമറും പാർട്ടിയിലെ പല നേതാക്കളും ന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

നിർണായകമായ സ്വതന്ത്ര വ്യാപാര കരാർ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ബ്രിട്ടനും സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിനായി ഇരുരാജ്യങ്ങളും തമ്മിൽ പലവട്ടം ചർച്ചകൾ നടന്നു. എന്നിരുന്നാലും കരാർ ഇനിയും ഒപ്പുവെച്ചിട്ടില്ല. അതേസമയം, ബ്രിട്ടനിലെ ഇരു പാർട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയിൽ ഇന്ത്യയുമായുള്ള എഫ്ടിഎ ഉൾപ്പെടുത്തിയിട്ടുണ്ട്. സുനക്കിൻ്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സർക്കാർ ഏറെ കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകാനുള്ള സാധ്യതയെ തിരഞ്ഞെടുപ്പ് ഫലം മങ്ങലേൽപിച്ചിട്ടുണ്ട്. 

യുകെയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്ന ലേബർ പാർട്ടി, എഫ്‌ടിഎ പൂർത്തിയാക്കുന്നതിനുള്ള പ്രതിബദ്ധത നിലനിർത്തിയിട്ടുണ്ട്, എന്നിരുന്നാലും സമയക്രമം കുറച്ചുകാലത്തേക്ക് അനിശ്ചിതത്വത്തിൽ തുടരും. ലേബർ പാർട്ടി ഗവൺമെൻ്റ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് അജണ്ടയുടെ ഭാഗമാക്കുകയാണെങ്കിൽ, ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നത് കെയർ സ്റ്റാർമറിൻ്റെ ഏറ്റവും വലിയ മുൻഗണനയായിരിക്കുമെന്നാണ് കരുതുന്നത്.

കുടിയേറ്റക്കാർ ആശങ്കപ്പെടണോ?

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപിരിഞ്ഞപ്പോൾ (ബ്രെക്സിറ്റ്) ഇത് കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ബ്രെക്സിറ്റിന് ശേഷം, ഇന്ന് ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ജനസംഖ്യ ഏറ്റവും ഉയർന്നതായി മാറിയിരിക്കുന്നു. ബ്രിട്ടനിൽ വന്ന് സ്ഥിരതാമസമാക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതാണ് ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിനുള്ള പ്രധാന തടസം. ലേബർ പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം നിയമപരമായ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് കടക്കുന്നത് തടയുകയുമാണ്.

ബ്രിട്ടനിൽ താമസിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരും ഐടി മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ്. പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ വിദേശനയമാണ് ലേബർ പാർട്ടി പരമ്പരാഗതമായി പിന്തുടരുന്നത്. മനുഷ്യാവകാശ രേഖയുടെ പേരിൽ ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും ലേബർ പാർട്ടി പലപ്പോഴും വിമർശിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ സർക്കാരിന് ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. കെയർ സ്റ്റാർമറുടെ വരവ് ഇന്ത്യയിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് ഇപ്പോൾ പ്രവചിക്കാൻ പ്രയാസമാണ്.  അദ്ദേഹത്തിന്റെ നയങ്ങളും ഇന്ത്യയുമായുള്ള സമീപനവും വ്യക്തമാകുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia