ടൈംസ് സ്‌ക്വയറില്‍ ത്രിവര്‍ണ പതാക ഉയരും; സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ അമേരികയിലെ ഇന്‍ഡ്യന്‍ ജനത
Aug 12, 2021, 16:02 IST
ന്യൂയോര്‍ക്: (www.kvartha.com 12.08.2021) സ്വാതന്ത്ര്യദിനത്തില്‍ ടൈംസ് സ്‌ക്വയറില്‍ അമേരികയിലെ ഇന്‍ഡ്യന്‍ ജനത ത്രിവര്‍ണ പതാക ഉയര്‍ത്തും. ന്യൂയോര്‍ക്, ന്യൂ ജേഴ്സി, കണക്റ്റിക്കട് എന്നിവിടങ്ങളിലെ ഇന്‍ഡ്യന്‍ ഫെഡറേഷന്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ടൈംസ് സ്‌ക്വയറില്‍ ഇന്‍ഡ്യന്‍ പതാക ഉയര്‍ത്തുന്നതിലൂടെ തുടക്കമാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.
10 അടി ഉയരത്തിലുള്ള പതാകയാകും ഇക്കുറി ഉയര്‍ത്തുക. അമേരികയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രന്ദിര്‍ ജയ്സ്വാളാണ് പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 24 മണിക്കൂര്‍ നേരവും പതാക പ്രദര്‍ശിപ്പിക്കും. ഇതിന് പുറമേ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ച് അലങ്കരിക്കും.
അമേരികയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ ഹഡ്സണ്‍ നദീ തീരത്ത് രാത്രി നടക്കുന്ന ഔദ്യോഗിക പരിപാടികളോടെ സമാപനമാകും. ഇന്‍ഡ്യന്‍- അമേരികന്‍ കായിക താരമായ അഭിമന്യു മിശ്രയെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ആദരിക്കും.
ഇത് രണ്ടാം തവണയാണ് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ടൈംസ് സ്‌ക്വയറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഇവിടെ പതാക ഉയര്‍ത്തിയത്. ഈ സംസ്‌കാരം വരും വര്‍ഷങ്ങളിലും തുടരുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.