Victory | ലോക ചെസ് ഒളിംപ്യാഡില്‍ ചരിത്രമെഴുതി ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം
● വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെതിരെയാണ് വിജയം
● ഡി ഹരിക, വന്തിക, ദിവ്യ ദേശ് മുഖ് എന്നിവര്‍ ജയിച്ചു കയറി
ഹംഗറി: (KVARTHA) ലോക ചെസ് ഒളിംപ്യാഡില്‍ ചരിത്രമെഴുതി ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. ഞായറാഴ്ച ഹംഗറിയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ അവസാന റൗണ്ടില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ചാണ് ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം. പിന്നാലെ വനിതാ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ അസര്‍ബൈജാനെ തോല്‍പ്പിച്ചും സ്വര്‍ണം നേടി. 2022, 2014 ചെസ് ഒളിംപ്യാഡുകളില്‍ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുന്‍പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെതിരെ 3.5- 0.5 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. വനിതകളില്‍ ഡി ഹരിക, വന്തിക, ദിവ്യ ദേശ് മുഖ് എന്നിവര്‍ ജയിച്ചു കയറിയപ്പോള്‍, ആര്‍ വൈശാലി സമനില പിടിച്ചു. ഓപ്പണ്‍ വിഭാഗത്തില്‍ ചരിത്രനേട്ടത്തിന്റെ വക്കിലായിരുന്ന ഇന്ത്യ, ലോക മൂന്നാം നമ്പര്‍ താരം അര്‍ജുന്‍ എരിഗാസി സ്ലൊവേനിയന്‍ താരം യാന്‍ സുബെല്‍ജിനെ തോല്‍പ്പിച്ചതോടെയാണ് സ്വര്‍ണം ഉറപ്പാക്കിയത്. ഡി ഗുകേഷ് വ്‌ലാഡിമിര്‍ ഫെഡോസീവിനെതിരെയും, ആര്‍ പ്രഗ്‌നാനന്ദ ആന്റണ്‍ ഡെംചെങ്കോയ്‌ക്കെതിരെയും നേടിയ വിജയങ്ങളും ഇന്ത്യയുടെ ചരിത്രക്കുതിപ്പില്‍ നിര്‍ണായകമായി.
ഓപ്പണ്‍ വിഭാഗത്തില്‍ എട്ടു വിജയങ്ങളുമായി കുതിച്ച ഇന്ത്യ, നിലവിലെ ചാംപ്യന്‍മാരായ ഉസ്‌ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. പിന്നാലെ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഒടുവില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി.
നേരത്തെ, ഓപ്പണ്‍ വിഭാഗം പത്താം റൗണ്ടില്‍ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചിരുന്നു (2.5-1.5). ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ, വെസ്ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് ഗുജറാത്തി - ലെവന്‍ അരോണിയന്‍ മത്സരം സമനിലയായി.
#ChessOlympiad, #IndiaDoubleGold, #ChessVictory, #ArjunErigaisi, #WomenInSports, #Gukesh