വിദേശനയത്തില്‍ കാതലായ മാറ്റം വരുത്തി രണ്ടാം മോദി സര്‍ക്കാര്‍; യുഎന്നില്‍ ഇന്ത്യയുടെ വോട്ട് ഇസ്രയേലിന്, മാറ്റം വന്നിരിക്കുന്നത് പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീന്‍ അനുഭാവ നയത്തിന്

 


ന്യൂയോര്‍ക്ക്: (www.kvartha.com 12.06.2019) ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് യുഎന്‍ സാമ്പത്തിക സാമൂഹ്യ കൗണ്‍സിലില്‍ (ഇസിഒഎസ്ഒസി) നിരീക്ഷക പദവി നല്‍കുന്നതിനെതിരെ ഇന്ത്യ വോട്ട് ചെയ്തു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ തുടരുന്ന നയത്തില്‍ ഇതോടെ മാറ്റം വന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയില്‍ ഷഹേദിന്റെ നിരീക്ഷകപദവിയെ എതിര്‍ത്ത് ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, ദക്ഷിണകൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അനുകൂലിക്കുകയായിരുന്നു. എന്നാല്‍, ചൈന, റഷ്യ, വെനസ്വേല, സൗദി അറേബ്യ, പാകിസ്ഥാന്‍, ഈജിപ്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന്‍ സംഘടനക്ക് അനുകൂലമായി വോട്ടുചെയ്തു.

വിദേശനയത്തില്‍ കാതലായ മാറ്റം വരുത്തി രണ്ടാം മോദി സര്‍ക്കാര്‍; യുഎന്നില്‍ ഇന്ത്യയുടെ വോട്ട് ഇസ്രയേലിന്, മാറ്റം വന്നിരിക്കുന്നത് പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീന്‍ അനുഭാവ നയത്തിന്

കൗണ്‍സിലിലെ 48 അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷവും ഷഹേദിന് നിരീക്ഷക പദവി നല്‍കുന്നതിനെ എതിര്‍ത്തു. 28 അംഗരാജ്യങ്ങളാണ് നിരീക്ഷകപദവിയെ എതിര്‍ത്ത് ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചത്. ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ഷഹേദിന്റെ ആസ്ഥാനം ലെബനന്‍ ആണ്. ഗാസയില്‍ ഫലസ്തീന്‍കാരുടെ പോരാട്ടം നയിക്കുന്ന ഹമാസുമായി ഷഹേദിന് ബന്ധമുണ്ടെന്നും അതിനാല്‍ ഇത് തീവ്രവാദ സംഘടനയാണെന്നും ഇസ്രയേല്‍ വാദിക്കുന്നു. ഏഷ്യ ഗ്രൂപ്പില്‍ നിന്ന് തങ്ങളെ പിന്തുണച്ച ആദ്യ രാജ്യം ഇന്ത്യയാണെന്നും ഇതിന് മോഡി സര്‍ക്കാരിന് നന്ദി അറിയിക്കുകയാണെന്നും ഇന്ത്യയിലെ ഇസ്രയേലി എംബസി ഡെപ്യൂട്ടി ചീഫ് മായ കദോഷ് ട്വീറ്റ് ചെയ്തു.

ഇന്ത്യ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത് 1992ലെ നരസിംഹറാവു സര്‍ക്കാറിന്റെ കാലത്താണ്. എന്നാല്‍ ഇസ്രയേലിനൊപ്പം ഫലസ്തീനെയും സ്വതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള ദ്വിരാഷ്ട്ര നിലപാടിലാണ് ഇന്ത്യ ഉറച്ചുനിന്നത്. ഈ നയത്തിലുള്ള വലിയ മാറ്റമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന.

2017ല്‍ നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇസ്രയേലിനൊപ്പം ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം അന്ന് തയ്യാറായില്ല. തുടര്‍ന്ന് ഇന്ത്യ ഇസ്രയേല്‍ ബന്ധം ശക്തമായിരുന്നു. അതിന് ശേഷം രാജ്‌നാഥ് സിങ്ങും സുഷ്മ സ്വരാജും ഉള്‍പ്പെടെയുള്ള മന്ത്രിമാരും ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മോദിയുടെ ക്ഷണ പ്രകാരം ഇന്ത്യയിലെത്തിയിരുന്നു. അതിന് ശേഷം ആയുധങ്ങള്‍ വാങ്ങാനുള്ള നിരവധി കരാറുകളിലാണ് ഇന്ത്യ ഇസ്രായേലുമായി ധാരണയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Israel, Foreign, Narendra Modi, Government, UN, New York, Human- rights, America, China, Embassy, India supported Israel in United nations organisation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia