Houthi Strike | ഇസ്രാഈലിന്റെ 'അയണ്‍ ഡോം' മറികടന്ന് ടെൽ അവീവിൽ ഹൂതികളുടെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരുക്ക്; സ്ഥിരീകരിച്ച് സൈന്യം
● സ്ഫോടനത്തിൽ ജനൽ ചില്ലുകൾ തകർന്ന് ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
● സ്ഫോടനത്തിന്റെ തീവ്രത വളരെ വലുതായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ബേത്ത് ഷഹായ് എന്ന വ്യക്തി പ്രതികരിച്ചു.
● യെമൻ സായുധ സേനയുടെ മിസൈൽ ജാഫയിലെ അധിനിവേശ പ്രദേശത്തെ ഇസ്രാഈലി സൈനിക താവളത്തെ ലക്ഷ്യമാക്കിയാണ് പ്രയോഗിച്ചത്.
ടെൽ അവീവ്: (KVARTHA) യെമനിലെ ഹൂതി വിമതർ ഇസ്രാഈലിന്റെ തലസ്ഥാന നഗരിയായ ടെൽ അവീവിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രാഈൽ സൈന്യം സ്ഥിരീകരിച്ചു. മിസൈലുകളിലൊന്ന് ടെൽ അവീവിൽ പതിക്കുകയും പതിനാറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രാഈൽ ആംബുലൻസ് സർവീസാണ് പരിക്കേറ്റവരുടെ കണക്ക് പുറത്തുവിട്ടത്. സ്ഫോടനത്തിൽ ജനൽ ചില്ലുകൾ തകർന്ന് ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വീടുകളുടെ ജനലുകൾ തകരുകയും ചില്ലുകൾ വീടിന്റെ അകത്ത് ചിതറിക്കിടക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ തീവ്രത വളരെ വലുതായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ബേത്ത് ഷഹായ് എന്ന വ്യക്തി പ്രതികരിച്ചു. വീടിന്റെ എല്ലാ ജനലുകളും തകർന്നു. സ്വീകരണമുറി, അടുക്കള, കിടപ്പുമുറി എന്നിവിടങ്ങളിലെല്ലാം ചില്ലുകൾ ചിതറിക്കിടക്കുകയായിരുന്നു. സുരക്ഷിത മുറിയിലേക്ക് പോകാൻ പോലും സമയം കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെമനിൽ നിന്ന് വിക്ഷേപിച്ച ഒരു മിസൈൽ ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനങ്ങളെ (അയണ്‍ ഡോം) മറികടന്ന് ടെൽ അവീവിൽ പതിച്ചത് ഗൗരവതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഹൂതികൾ തൊടുത്തുവിട്ട മിസൈൽ തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കാൻ സാധിച്ചില്ലെന്നും മിസൈൽ ഒരു പാർക്കിലാണ് പതിച്ചതെന്നും ഇസ്രാഈൽ സൈന്യം അറിയിച്ചു.
അതേസമയം, യെമൻ സായുധ സേനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'യെമൻ സായുധ സേനയുടെ മിസൈൽ ജാഫയിലെ അധിനിവേശ പ്രദേശത്തെ ഇസ്രാഈലി സൈനിക താവളത്തെ ലക്ഷ്യമാക്കിയാണ് പ്രയോഗിച്ചത്. ഞങ്ങൾ ഒരു ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടു, അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു'.
ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതർ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. ഗസ്സയിൽ ഇസ്രാഈൽ ആക്രമണത്തിന് ശേഷം ചെങ്കടലിലൂടെ ഇസ്രാഈലിലേക്ക് പോകുന്ന കപ്പലുകൾക്ക് നേരെയും ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു.
#HouthiMissile, #IronDome, #Israel, #TelAviv, #Yemen, #MiddleEast