Confirmation | 'ഇസ്രാഈലിനെതിരായ പോരാട്ടം തുടരും', ഹസൻ നസ്‌റല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുല്ല; മകളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്


● ഇസ്രാഈൽ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്.
● ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തിലായിരുന്നു ആക്രമണം.
● ഹസൻ നസ്റല്ലയുടെ മകൾ സൈനബ് നസ്‌റല്ലയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ബെയ്‌റൂട്ട്: (KVARTHA) തങ്ങളുടെ നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇസ്രാഈലിനെതിരായ പോരാട്ടം തുടരുമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്‌റല്ലയെ വധിച്ചതായി ഇസ്രാഈൽ സൈന്യം നേരത്തെ പറഞ്ഞിരുന്നു. ഈ ആക്രമണം വളരെക്കാലമായി ആസൂത്രണം ചെയ്തിരുന്നതായും ഇസ്രാഈൽ സൈന്യം വ്യക്തമാക്കി.
ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഹിസ്ബുല്ല മരണ വാർത്ത സ്ഥിരീകരിച്ചത്. ഗസ്സയെയും ഫലസ്തീനെയും പിന്തുണച്ചും ലെബനൻ്റെയും ജനതയുടെയും സംരക്ഷണത്തിനായും ഇസ്രാഈലിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ ഹസൻ നസ്‌റല്ല എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടില്ല.
ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള തെക്കൻ പ്രാന്തപ്രദേശമായ ബെയ്‌റൂട്ടിലെ ദഹിയയിലെ ഒരു കെട്ടിടത്തിന് താഴെയുള്ള ഭൂഗർഭ ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ നസ്‌റല്ലയെ കൊലപ്പെടുത്തിയെന്നാണ് ഇസ്രാഈൽ സൈന്യം വെളിപ്പെടുത്തിയത്.
അതേസമയം വെള്ളിയാഴ്ച തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ലയും കൊല്ലപ്പെട്ടതായി ഇസ്രാഈലി വാർത്താ ചാനലായ ചാനൽ 12 റിപ്പോർട്ട് ചെയ്തു, എന്നാൽ ഹിസ്ബുല്ലയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.