Assassination | ഇസ്‌മാഈൽ ഹനിയ: അഭയാർത്ഥി ക്യാമ്പിൽ ജനിച്ച് വളർന്ന് ഹമാസിനെ നയിച്ച നേതാവ്; അതിഥിക്ക് തങ്ങളുടെ മണ്ണിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഇറാൻ എങ്ങനെ പ്രതികരിക്കും?


കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഇസ്രാഈൽ സൈന്യം വിസമ്മതിച്ചു
ടെഹ്‌റാൻ: (KVARTHA) ഹമാസ് തലവൻ ഇസ്‌മാഈൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഇസ്മാഈൽ ഹനിയയുടെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഐആർജിസി അറിയിച്ചു. ഈ ആക്രമണത്തിൽ ഹമാസ് മേധാവിക്കൊപ്പം അദ്ദേഹത്തിൻ്റെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രഈലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്ക്യന്റെ സ്ഥാനാരോഹണചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ. ഇസ്മാഈൽ ഹനിയയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഇസ്രാഈൽ സൈന്യം വിസമ്മതിച്ചതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അഭയാർത്ഥി ക്യാമ്പിൽ ജനനം
1962-ൽ ഫലസ്തീനിലെ ഗസ്സ മുനമ്പിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ഇസ്മാഈൽ ഹനിയ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഗാസയിലെ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസിയിൽ നിന്നായിരുന്നു. 1981-ൽ അറബി സാഹിത്യത്തിൽ വിദ്യാഭ്യാസം നേടി. 2006 മുതൽ 2007 വരെ പലസ്തീൻ അതോറിറ്റിയുടെ (പിഎ) പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . 2017ൽ ഖാലിദ് മെഷാലിൻ്റെ പിൻഗാമിയായി അദ്ദേഹം ഹമാസ് മേധാവിയുടെ ചുമതല ഏറ്റെടുത്തു. ഈ വർഷം ഏപ്രിലിൽ ഗസ്സ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്മാഈൽ ഹനിയയുടെ മൂന്ന് മക്കളെ ഇസ്രാഈൽ കൊലപ്പെടുത്തിയിരുന്നു.
ഇറാൻ ഇനി എന്തുചെയ്യും?
ഏതാനും മാസങ്ങൾക്ക് മുമ്പ്, സിറിയയിലെ ഇറാനിയൻ കോൺസുലേറ്റിനെ ഇസ്രാഈൽ ലക്ഷ്യം വച്ചപ്പോൾ, ഏപ്രിൽ 14 ന് 300-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ഇസ്രാഈലിനെതിരെ തിരിച്ചടിച്ചിരുന്നു. ഇനി, ഇറാനിയൻ അതിഥിയായ ഹനിയ ഇറാൻ്റെ മണ്ണിൽ കൊല്ലപ്പെട്ടുവെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഇറാൻ എന്ത് ചെയ്യും എന്നതാണ് വലിയ ചോദ്യം. അതിൻ്റെ പ്രത്യാഘാതങ്ങൾ ഈ മേഖലയ്ക്കാകെ വലുതായിരിക്കും.