Appointment | 'ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരൻ'; ആരാണ് ഹമാസിന്റെ പുതിയ മേധാവി യഹ്‌യ സിൻവാർ?
ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം യഹ്‌യ സിൻവാറിനെ പൊതുവേദികളിൽ കണ്ടിട്ടില്ല.
ഗസ്സ: (KVARTHA) യഹ്‌യ സിൻവാറിനെ പുതിയ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്. ജൂലൈ 31ന് ടെഹ്‌റാനിൽ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാറിനെ തിരഞ്ഞെടുത്തത്. ഒക്‌ടോബർ ഏഴിന് ഇസ്രാഈൽ പ്രദേശത്തിനുള്ളിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,100-ലധികം ആളുകൾ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തതിൻ്റെ പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രാഈൽ കാണുന്നത്. തുടർന്ന് ഇസ്രാഈൽ ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ 40,000ത്തിലേറെ ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ആരാണ് യഹ്‌യ സിൻവാർ?
1962 ഒക്ടോബർ 29ന് ഫലസ്തീനിലെ ഖാൻ യൂനിസ് നഗരത്തിലെ അഭയാർഥി ക്യാമ്പിലാണ് യഹ്‌യ സിൻവാർ ജനിച്ചത്. ഇസ്രാഈലിൻ്റെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ അദ്ദേഹം ഒന്നാമതാണ്. യുഎസ് കരിമ്പട്ടികയിലും യഹ്‌യ സിൻവാറിന്റെ പേരുണ്ട്. സിൻവാർ ഗസ്സയിൽ 10 നിലകൾ താഴ്ചയിൽ ഭൂമിക്കടിയിൽ ഒളിച്ചിരിക്കുകയാണെന്ന് ജൂണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ, സിൻവാറും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും ഗസ്സയിൽ ഒരു തുരങ്കത്തിലൂടെ നടക്കുന്നതായി ഇസ്രാഈൽ ഡിഫൻസ് ഫോഴ്‌സ് (IDF) വീഡിയോ പുറത്തുവിട്ടിരുന്നു.
1980-കളുടെ അവസാനത്തിൽ, ഇസ്രാഈലുമായി സഹകരിക്കുന്നതായി സംശയിക്കുന്ന ഫലസ്തീനികളെ ഉന്മൂലനം ചെയ്യാൻ ചുമതലപ്പെടുത്തിയ അൽ-മജ്ദ് സുരക്ഷാ യൂണിറ്റിന്റെ മുൻ തലവനാണ് യഹ്‌യ സിൻവാർ. 2017ൽ ഗസ്സ മുനമ്പിലെ ഹമാസിൻ്റെ നേതാവായി. തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ഇസ്രാഈൽ ജയിലുകളിൽ കഴിഞ്ഞായാളാണ് അദ്ദേഹം. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം യഹ്‌യ സിൻവാറിനെ പൊതുവേദികളിൽ കണ്ടിട്ടില്ല.