Gregoire de Fournas | 'ആഫ്രികയിലേക്ക് തിരിച്ച് പോകൂ'; അസംബ്ലിയില്‍ വംശീയ പരാമര്‍ശം നടത്തിയ എംപിയുടെ ശമ്പളം വെട്ടിക്കുറച്ചും പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് വിലക്കുമായി ഫ്രാന്‍സ്; ക്ഷമാപണം നടത്തി ഗ്രിഗറി
Nov 5, 2022, 13:13 IST
ADVERTISEMENT
പാരീസ്: (www.kvartha.com) അസംബ്ലി നടപടിക്കിടെ വംശീയ പരാമര്‍ശം നടത്തിയ പ്രതിപക്ഷ പാര്‍ടി എംപിയായ ഗ്രിഗറി ഡേ ഫോര്‍നാസിനെതിരെ കര്‍ശന നടപടിയുമായി ഫ്രാന്‍സ്. എംപിയുടെ ശമ്പളം വെട്ടിക്കുറച്ചും പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് വിലക്കുമായാണ് സര്‍കാര്‍ രംഗത്തെത്തിയത്. വിവാദ പരാമര്‍ശത്തിന് പിന്നാലെ വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയായത്.
വെള്ളിയാഴ്ചയാണ് ഗ്രിഗറിക്കെതിരായ നടപടി സഭ വ്യക്തമാക്കിയത്. പാര്‍ലമെന്റിലെ നടപടികളില്‍ ഭാഗമാവുന്നതിന് 15 ദിവസത്തേക്ക് വിലക്കും രണ്ട് മാസത്തെ ശമ്പളം പാതിയാക്കി വെട്ടിക്കുറച്ചുമാണ് വംശീയ പരാമര്‍ശത്തിന് ഫ്രാന്‍സ് നടപടിയെടുത്തത്. സഭയില്‍ നിന്ന് പുറത്തുപോകാന്‍ ഗ്രിഗറിയോട് ആവശ്യപ്പെട്ട സ്പീകര്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കരുതെന്നും ആവശ്യപ്പെട്ടു. വംശീയ പരാമര്‍ശത്തിന് ബിലോംഗോയോട് ഗ്രിഗറി ക്ഷമാപണം നടത്തി.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഫ്രാന്‍സ് അസംബ്ലിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. ഇടതുപക്ഷ എംപിയും കറുത്ത വംശജനുമായ കാര്‍ലോസ് മാര്‍ടെന്‍സ് ബിലോംഗോ കുടിയേറ്റ സംബന്ധിയായ ചോദ്യം സര്‍കാരിനോട് ചോദിക്കുന്നതിനിടയിലായിരുന്നു ഗ്രിഗറി ഡേ വംശീയ പരാമര്‍ശം നടത്തിയത്.
ഒരു ജീവകാരുണ്യ സംഘടന നല്‍കിയ കുടിയേറ്റക്കാരെ സംബന്ധിച്ച സന്ദേശമായിരുന്നു ബിലോംഗോ സഭയെ അറിയിച്ചത്. മെഡിറ്ററേനിയന്‍ കടലില്‍ അലയുന്ന ബോടിലുള്ളവര്‍ക്ക് സഹായം നല്‍കുന്നത് സംബന്ധിച്ചുള്ള ബിലോംഗോയുടെ ചോദ്യമാണ് തീവ്രവലതുപക്ഷ എംപിയായ ഗ്രിഗറിയെ ക്ഷുഭിതനാക്കിയത്. പിന്നാലെ ആഫ്രികയിലേക്ക് തിരിച്ചു പോകൂവെന്നായിരുന്നു ഗ്രിഗറി സഭയില്‍ പറഞ്ഞത്.
പരാമര്‍ശം ശ്രദ്ധയില്‍പെട്ടതോടെ സ്പീകര്‍ സഭാ നടപടികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. വംശീയ പരാമര്‍ശം ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇടതുപക്ഷ എംപിമാര്‍ നിലപാട് സ്വീകരിച്ചു. 234 കുടിയേറ്റക്കാരുടെ വിഷയത്തിലായിരുന്നു ഗ്രിഗറി ഈ നിലപാട് പ്രഖ്യാപിച്ചത്. ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് എംപിക്കെതിരെ നടപടിയെടുക്കാന്‍ സഭ തയ്യാറായത്.
എന്നാല്‍ കാര്‍ലോസ് മാര്‍ടെന്‍സ് ബിലോംഗോയെ ലക്ഷ്യമിട്ടുള്ളതല്ല ഗ്രിഗറിയുടെ പരാമര്‍ശമെന്നും ബിലോംഗോ പരാമര്‍ശിച്ച ആഫ്രികന്‍ വംശജരടങ്ങിയ ബോടിനേക്കുറിച്ചായിരുന്നു ഗ്രിഗറിയുടെ പരാമര്‍ശമെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

