12 വയസ്സാവുമ്പോള്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായി മാറുന്നു; ഗ്രാമവാസികള്‍ പരിഭ്രാന്തിയില്‍

 


സലിനാസ്: (www.kvartha.com 05.10.2015) ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ തെക്കുപടിഞ്ഞാറന്‍ ഗ്രാമമായ സലിനാസിലെ ഗ്രാമവാസികള്‍ നടുക്കത്തിലാണ്. കാരണം മറ്റൊന്നുമല്ല. 12 വയസ്സുവരെ തങ്ങള്‍ പെണ്‍കുട്ടികളായി വളര്‍ത്തിയവര്‍ പൊടുന്നനെ ആണ്‍കുട്ടികളാകുന്ന അവസ്ഥയാണ് ഈ ഗ്രാമങ്ങളില്‍ കാണുന്നത്.

പതിറ്റാണ്ടുകളായി ഈ ഗ്രാമത്തിലെ അവസ്ഥയാണ് ഇത്. ഇവിടെ ജനിക്കുന്ന തൊണ്ണൂറില്‍ ഒരു കുട്ടിക്ക് എന്ന കണക്കിന് ഈ അവസ്ഥ നേരിടേണ്ടി വരുന്നു. ജനിതക തകരാറാണ് ഇതിനു കാരണമെന്ന് 1970കളില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഈ ഗ്രമാത്തില്‍ മാത്രം എന്തുകൊണ്ട് ഈ അവസ്ഥ ഉണ്ടാകുന്നു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.

പെണ്ണായി ജനിച്ച് ആണായി മാറിയവരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് ഇപ്പോള്‍ ഈ അവസ്ഥ ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കാനിടയാക്കിയത്. ബിബിസിയാണ് 'കൗണ്ട് ഡൗണ്‍ ടു ലൈഫ്' എന്ന സീരീസില്‍പ്പെടുത്തി  ഡോക്യുമെന്ററി പുറത്തിറക്കിയത്.

മറ്റു ഗ്രാമങ്ങളില്‍ നിന്നെല്ലാം മാറി ഒറ്റപ്പെട്ട  ഒരു ഗ്രാമമാണ് സലിനാസ്. അതുകൊണ്ടുതന്നെ പുറംലോകവുമായി ഈ ഗ്രാമത്തിന് കാര്യമായ ബന്ധവുമില്ല. സ്വാഭാവികമായും ഈ ജനിതക തകരാര്‍ ആ ഗ്രാമങ്ങളിലുള്ളവരിലൂടെ തന്നെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയാണ് പതിവ്.  സര്‍വകലാശാല പ്രാഫസറായ ഡോ.ജൂലിയാന്‍ ഇംപെരാറ്റോ ആണ് 1970കളില്‍ ഇക്കാര്യം ആദ്യമായി ഈ ഗ്രാമത്തിലെ പ്രത്യേക സ്വഭാവം കണ്ടെത്തുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു വിദൂരഗ്രാമത്തെപ്പറ്റി കേട്ട ഗോസിപ്പുകളായിരുന്നു ഇദ്ദേഹത്തെ സലിനാസിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്.

ഗ്രാമത്തിലെത്തി വിശദമായി പഠിച്ചപ്പോഴാണ് കേട്ടകാര്യങ്ങളെല്ലാം സത്യമാണെന്ന് ഇദ്ദേഹത്തിന് ബോധ്യപ്പെട്ടത്. പാപ്പുവ ന്യൂഗിനിയയിലും ഇത്തരത്തിലുള്ള പ്രശ്‌നം കണ്ടെത്തിയിരുന്നു. എന്നാല്‍  അവിടെ ജനിക്കുമ്പോള്‍ തന്നെ ഇത്തരം ജനിതകവൈകല്യമുള്ള കുട്ടികളെ നശിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ സലിനാസിലുള്ളവര്‍ തങ്ങളുടെ കുട്ടികളെ വളര്‍ത്തി വലുതാക്കുന്നു. ഗ്രാമവാസികളോട് കുട്ടികള്‍ക്ക് ജനിതകവൈകല്യം വരാനുണ്ടായ കാരണങ്ങളെ കുറിച്ച് വിശദീകരിച്ചു കൊടുത്തതും ജൂലിയാനായിരുന്നു.

ഒരു പ്രത്യേകതരം എന്‍സൈമിന്റെ( 5a-Reductase) അഭാവമാണ് ഇത്തരം ജനിതകവൈകല്യത്തിന് കാരണം. ഇത് രൂപപ്പെട്ട് ആദ്യ ആഴ്ചകളില്‍ മനുഷ്യഭ്രൂണം(embryo) ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകില്ല. എക്‌സ്, വൈ ക്രോമസോമുകളുടെ ആധിക്യമനുസരിച്ചാണ് ആണ്‍- പെണ്‍ ലിംഗം തീരുമാനിക്കപ്പെടുന്നത്. വൈ ക്രോമസോം ആണെങ്കില്‍ ഭ്രൂണം ഏകദേശം എട്ട് ആഴ്ചയോളം പ്രായമാകുമ്പോള്‍(Fetus) ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ലൈംഗിക ഹോര്‍മോണ്‍ വന്‍തോതില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങും. ടെസ്‌റ്റോസ്റ്റിറോണിനെ 5 ആല്‍ഫ- ഡൈഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണാക്കി മാറ്റാന്‍ സഹായിക്കുന്നത് 5a-Reductase എന്‍സൈമാണ്. ഇതിന്റെ ഫലമായാണ് പുരുഷലൈംഗികാവയവം രൂപപ്പെടുന്നത്.

5 ആല്‍ഫ എന്‍സൈം ഭ്രൂണാവസ്ഥയില്‍ ഇല്ലാതായാല്‍ പുരുഷലൈംഗികാവയം രൂപപ്പെടുകയില്ല. അച്ഛന്റെയോ അമ്മയുടെയോ ജീനുകളിലെ തകരാറാണ് ഈ പ്രശ്‌നത്തിനു കാരണമാവുന്നത്.  സ്വാഭാവികമായും പുരുഷലൈംഗികാവയവത്തിനു വളര്‍ച്ചയില്ലാതെ, പെണ്‍കുട്ടികളിലേതു പോലെ ക്ലിറ്റോറിസിനു സമാനമായ ലൈംഗികാവയവുമായിട്ടായിരിക്കും ഇത്തരം കുട്ടികളുടെ ജനനം. ആദ്യഘട്ടത്തില്‍ സലിനാസിലെ ഡോക്ടര്‍മാര്‍ക്കു പോലും എന്താണ് കുട്ടികളുടെ വൈകല്യത്തിനു കാരണമെന്നറിയാന്‍ കഴിഞ്ഞിരുന്നില്ല.

ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ മക്കളുടെ ജനിതക വൈകല്യം തിരിച്ചറിയാതെ പെണ്‍കുട്ടികളെപ്പോലെയായിരുന്നു വളര്‍ത്തിയിരുന്നത്.  എന്നാല്‍ ആണ്‍കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാനായിരിക്കും ഇവര്‍ക്ക് ഏറെ താല്‍പര്യം. ഇത്തരം കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ, വളര്‍ച്ചയുടെ അടുത്തഘട്ടം സംഭവിക്കും. ആ സമയത്ത് യാതൊരു തടസ്സവുമില്ലാതെ ടെസ്‌റ്റോസ്റ്റിറോണിന്റെ വന്‍തോതിലുള്ള ഉല്‍പാദനവും ശരീരത്തിനകത്തു നടക്കും.

അതോടെ ആണ്‍ ലൈംഗികാവയവങ്ങള്‍ രൂപം കൊള്ളുകയും അതുവരെ പെണ്‍ ശബ്ദമായിരുന്നതെല്ലാം ആണ്‍ശബ്ദത്തിന്റെ ഗാംഭീര്യതയിലേക്ക് മാറുകയും പേശികള്‍ ശക്തമാവുകയും മീശ വളരുകയുമൊക്കെ ചെയ്യും. കുട്ടികള്‍ക്ക് ഗര്‍ഭപാത്രത്തില്‍ വച്ച് സംഭവിക്കേണ്ട മാറ്റം 12 വര്‍ഷത്തിനു ശേഷം പുറത്തുവച്ച് സംഭവിക്കുന്നുള്ളൂവെന്നു ചുരുക്കം. ചിലര്‍ക്ക് ഏഴ്, എട്ട് വയസ് ആകുമ്പോഴേക്കും ഇങ്ങനെ സംഭവിക്കാറുണ്ട്. അതോടെ അതുവരെ പെണ്ണായിരുന്നവര്‍ സകലരെയും ഞെട്ടിച്ചു കൊണ്ട് ആണാകും. പക്ഷേ സലിനാസില്‍ ഇപ്പോഴിതൊരു അദ്ഭുതമേയല്ല.

'ആദ്യം പെണ്ണ്, പിന്നെ ആണാകുന്നവര്‍' എന്ന അര്‍ഥത്തില്‍ machihembras എന്നാണ് പ്രാദേശികമായി ഇത്തരക്കാരെ വിളിക്കുന്നത്. '12-ാം വയസ്സില്‍ പുരുഷ ലൈംഗികാവയവം വരുന്നവന്‍' എന്ന അര്‍ഥത്തില്‍ Guevedoce എന്നും പേരുണ്ട് പേര്. ചിലര്‍ക്ക് ആണായി മാറിയതിനു ശേഷവും ഇതിന്റെ ബാക്കിപത്രമായുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. മീശയോ താടിയോ മുളയ്ക്കില്ലെന്നതാണ് പ്രധാന പ്രശ്‌നം.

അതേസമയം മറ്റുചിലരാകട്ടെ അച്ഛനമ്മമാരിട്ട പേരു പോലും മാറ്റാന്‍ ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ കാതറിന്‍, കാര്‍ല എന്നൊക്കെപ്പേരുള്ള ആണ്‍കുട്ടികളെയും ഈ ഗ്രാമത്തില്‍ കാണാം. സലിനാസില്‍ ഇത്തരക്കാര്‍ക്ക്  ആണ്‍കുട്ടികളാകുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന കളിയാക്കലുകളും മറ്റും അസഹ്യമായി തോന്നാറുണ്ട്.

12 വയസ്സാവുമ്പോള്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായി മാറുന്നു; ഗ്രാമവാസികള്‍ പരിഭ്രാന്തിയില്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia