Booker Prize | ജെന്നി ഏര്‍പെന്‍ബെകിന് രാജ്യാന്തര ബുകര്‍ പുരസ്‌കാരം; അവാര്‍ഡ് നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരി

 


ലന്‍ഡന്‍: (KVARTHA) രാജ്യാന്തര ബുകര്‍ പുരസ്‌കാരം 57 കാരിയായ ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെകിന്. 'കെയ്‌റോസ്' എന്ന നോവലിനാണ് പുരസ്‌കാരം. ബുകര്‍ സമ്മാനം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാണ്. നോവല്‍ ഇന്‍ഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേല്‍ ഹോഫ്മാനും 50,000 പൗന്‍ഡ് സമ്മാനമായി ലഭിക്കും.

ഇന്‍ഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് ബുകര്‍ സമ്മാനം നല്‍കുന്നത്. ഇന്‍ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 149 നോവലുകളില്‍ നിന്നാണ് കെയ്‌റോസ് ബുകര്‍ പ്രൈസ് നേടിയത്. സമ്മാനത്തുകയായ 50,000 പൗന്‍ഡ് അഥവാ 64,000 ഡോളര്‍ എഴുത്തുകാരിയും വിവര്‍ത്തകനും പങ്കുവയ്ക്കും.

കിഴക്കന്‍ ജര്‍മനിയുടെ അവസാനകാലഘട്ടത്തിന്റെ ചരിത്ര പശ്ചാത്തലത്തിലുള്ള സങ്കീര്‍ണമായ പ്രണയ കഥയാണ് 'കെയ്‌റോസ്'. ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടുന്ന സമയത്തെ ജര്‍മനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിലുള്ളത്. ഉടോപ്യന്‍ രീതിയില്‍ തുടങ്ങി വളരെ കയ്‌പ്പേറിയ സംഭവങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ കെട്ടടങ്ങുന്ന പ്രണയമാണ് ജെന്നി നോവലില്‍ വരച്ച് കാണിച്ചിരിക്കുന്നത്. സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണകൂടങ്ങള്‍ വ്യക്തികളില്‍ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലില്‍ മനോഹരമായി ഇടകലരുന്നുണ്ട്.

ബെര്‍ലിന്‍ മതിലിന്റെ പതനത്തിലേക്ക് നയിക്കുന്ന ജര്‍മന്‍ ഡെമോക്രാറ്റിക് റിപബ്ലികിന്റെ അവസാന നാളുകളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്‌റോസെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തി. ജെന്നി ഏര്‍പെന്‍ബെക് കിഴക്കന്‍ ജര്‍മനിയിലാണ് വളര്‍ന്നത്.

Booker Prize | ജെന്നി ഏര്‍പെന്‍ബെകിന് രാജ്യാന്തര ബുകര്‍ പുരസ്‌കാരം; അവാര്‍ഡ് നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരി

സോറ കിം-റസ്സലും യങ്ജെ ജോസഫിന്‍ ബേയും വിവര്‍ത്തനം ചെയ്ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റര്‍ 2-10, കിരാ ജോസഫ്‌സണ്‍ വിവര്‍ത്തനം ചെയ്ത ഇയാ ജെന്‍ബെര്‍ഗിന്റെ ദ് ഡീറ്റേല്‍സ്, ആനി മക്ഡെര്‍മോട് വിവര്‍ത്തനം ചെയ്ത സെല്‍വ അല്‍മാഡയുടെ നോട്ട് എ റിവര്‍, സാറാ ടിമര്‍ ഹാര്‍വി വിവര്‍ത്തനം ചെയ്ത ജെന്റെ പോസ്റ്റുമയുടെ വാട് ഐ വുഡ് റാതര്‍ നോട് തിങ്ക്, ജോണി ലോറന്‍സ് വിവര്‍ത്തനം ചെയ്ത ഇറ്റാമര്‍ വിയേര ജൂനിയറിന്റെ ക്രൂക്ഡ് പ്ലോ എന്നിവയാണ് ബുകര്‍ ഷോര്‍ട് ലിസ്റ്റില്‍ ഉള്‍പെട്ട മറ്റ് പുസ്തകങ്ങള്‍.

രാജ്യാന്തര ബുകര്‍ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാന്‍. ബള്‍ഗേറിയന്‍ എഴുത്തുകാരന്‍ ജോര്‍ജി ഗോസ്‌പോഡിനോവ് എഴുതിയ ടൈം ഷെള്‍ടര്‍ എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ചത്.

Keywords: News, World, German Author, Jenny Erpenbeck, Wins, International Booker Prize, Tale of Tangled Love Affair, Londo, Writer, Winner, German author Jenny Erpenbeck wins International Booker Prize for tale of tangled love affair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia